സമൂഹം കല്പിക്കുന്ന പൊതുബോധഘടനകളിൽ പരിഷ്‌കൃത സമൂഹത്തിന്റെ പ്രതിരൂപമാകുന്ന നമ്പൂതിരി അപരിഷ്‌കൃതത്തിന്റെ പ്രതീകമാകുന്ന മാടനെ പിടിക്കാൻ കാട്ടിലേക്ക് പോയ കഥ ആമുഖമായി പറഞ്ഞുകൊണ്ടാണ് “ചുരുളി” തുടങ്ങുന്നത്.നിബിഢവനത്തിൽ മാടൻ വിരിച്ച കെണിയിൽ കുടുങ്ങിയ നമ്പൂതിരി അനന്തമായ വഴികളിലൂടെ ലക്ഷ്യം കാണാതെ ഇന്നും അലഞ്ഞുകൊണ്ടിരിക്കുന്നു. നമ്പൂതിരിയുടെ കഥക്ക് സമാന്തര മെന്നോണം തുടരുന്ന കഥയിൽ പോലീസ് ഉദ്യോഗസ്ഥരായ ആന്തോണിയും (ചെമ്പൻ വിനോദ് ) ഷാജീവനും (വിനയ് ഫോർട്ട്‌ ) മയിലാടുംപറമ്പിൽ ജോയിയെ പിടിക്കാൻ ചുരുളിയിലേക്ക് ഇറങ്ങിതിരിക്കുന്നു.

പൊതുബോധ നിർമ്മിതിയനുസരിച്ച് പൂണൂലിട്ട നമ്പൂതിരി ധാർമികതയുടെയും ഈനാംപേച്ചിയുടെ രൂപം പ്രാപിച്ച മാടൻ അധാർമികതയുടെയും പ്രതീകങ്ങളാണെങ്കിൽ, നീതിന്യായ വ്യവസ്ഥയുടെ മുഖമായ പോലീസും, നിയമവിരുദ്ധ പാതകങ്ങളിലേർപ്പെട്ട മയിലാടുംപറമ്പിൽ ജോയിയും ധാർമിക-അധാർമികതയെ തന്നെയാണ് സൂചിപ്പിക്കുന്നത്.ധാർമികതക്കല്ലേ അധാർമികതയെ പിടിച്ച്കെട്ടാൻ കഴിയൂ. എന്നാൽ ചുരുളിയിലേക്ക് സഞ്ചരിക്കുന്ന പാതയിൽ അന്തോണിയും, ഷാജീവനും, ചുരുളി നിവാസികളും മുറിച്ചുകടക്കുന്ന പാലം പരിഷ്‌കൃത സമൂഹത്തെ അപരിഷ്‌കൃത സമൂഹത്തിൽ നിന്ന് വേർതിരിക്കുന്ന അതിർവരമ്പായി നിലകൊള്ളുന്നു. പാലത്തിനപ്പുറത് അവരെ കാത്തിരിക്കുന്ന ചുഴികളിൽപെട്ട്  അധികാരക്രമങ്ങൾ തകിടം മറിയുകയും, ധാര്മികതക്ക്മേൽ അധാര്മികതയുടെ വന്യത സ്ഥാനമാളുകയും ചെയ്യുമ്പോളാണ് ലിജോ ജോസ് പല്ലിശേരിയുടെ ചുരുളി പുതിയ മാനങ്ങളിലേക്ക് കടക്കുന്നത്.

പൊളിഞ്ഞു ചാടാറായ മരപ്പാലം മുറിച്ച് കടക്കുന്നതോട് കൂടി പൊതുബോധ്യങ്ങളിലെ നോർമാലിറ്റികൾക്ക് കഥയിലുള്ള സാധ്യതകൾ അസ്തമിക്കുന്നു. അത്രയും നേരം സഭ്യതയോടെ പെരുമാറിയിരുന്ന ചുരുളി നിവാസികൾ കേട്ടാലറക്കുന്ന തെറികൾകൊണ്ട് അന്തോണിയെയും ഷാജീവനെയും വരവേൽക്കുമ്പോൾ ചുരുളി നിർമിക്കുന്ന സമയചക്രങ്ങളുടെ ലോകത്തേക്ക് അവരോടൊപ്പം പ്രേക്ഷകരും പ്രവേശിക്കുന്നു. മനുഷ്യന്റെ മൃഗീയ ചോദനകൾക്ക് സ്വാഭാവികമാനങ്ങൾ മാത്രം കല്പിക്കപ്പെടുന്ന ചുരുളിയിൽ തെറിവിളകൾ അഭിസംബോധനങ്ങളാണ് കൊലപാതകങ്ങളും,ബലാത്സംഗവും, പ്രകൃതിവിരുദ്ധ പീഡനങ്ങളും സാധാരണ സംഭവങ്ങളാണ്. അവിടെ കള്ള്ഷാപ്പ്‌ ആരാധനാലയത്തിന്റെ രൂപം കൈകൊള്ളുമ്പോൾ പോലീസുകാർ കുറ്റവാളികളോട് വിധേയപ്പെട്ടവരായി മാറുന്നു. സിനിമ പുരോഗമിക്കുമ്പോൾ അന്തോണി ചുരുളിക്കാരിലൊരാളായി ജീവിതശൈലികൾ ക്രമീകരിക്കുമ്പോളും ഷാജീവൻ തന്റെ മനസ്സാക്ഷിയുടെ ചൊല്പടിയിൽ പതറാതെ അസ്വസ്ഥനായി കഴിയുന്നു.

ചുരുളിയിൽ താൻ കഴിയുന്ന ഓരോ നിമിഷവുമയാൾക്ക് യുഗങ്ങളായി അനുഭവപ്പെടുന്നു. ദിവസങ്ങൾക്കും, മണിക്കൂറുകൾക്കും താളക്രമങ്ങൾ തെറ്റിയതായി ശങ്കിക്കുന്നു. എന്നാൽ തന്റെ കരണമടിച്ച് പൊട്ടിച്ച കൊടകിലെ കുറ്റവാളി കാട്ടിനകത്ത് മരിച്ച നിലയിൽ കാണിക്കുന്ന രംഗത്തിൽ പൊട്ടിയ കണ്ണാടിയിൽ തെളിയുന്ന ഷാജീവന്റെ പൈശാചിക മുഖഭാവം അയാളുടെ നിഷ്കളങ്കതയ്ക്കുമേൽ സ്ഥാനം പിടിച്ച അധാർമികതയെ (മാടനെ )തുറന്നു കാണിക്കുന്നുണ്ടോ?. നിന്നെ ഇതിന് മുന്നേ ഇവിടെ കണ്ടിട്ടുണ്ടല്ലോ എന്ന് ചുരുളി നിവാസികൾ ഷാജീവനോട് ആവർത്തിച്ച് ചോദിക്കുമ്പഴും, രാത്രി കാട്ടിൽ നായാട്ടിന് പോകുമ്പോൾ കാടിന്റെ മർമ്മമറിഞ്ഞവരെ പോലെ  ആത്മവിശ്വാസമുള്ള ഷാജീവന്റെ പ്രവർത്തികളും അയാളുടെ കഥാപാത്രതിന്റെ ഗ്രാഫിൽ നിഗൂഢതകളുടെ ചുരുളുകൾ രേഖപെടുത്തുന്നുണ്ട്. ശെരിതെറ്റുകളുടെ അച്ചുതണ്ടിൽ ഇരുധ്രുവങ്ങളിലായിരുന്ന പോലീസും കുറ്റവാളികളും തമ്മിലുള്ള അകലതിന്റെയളവ് ക്ലൈമാക്സിലേക്ക് അടുക്കുന്നതോടെ നേർത്തു വരുന്നതായി പ്രകടമാവുന്നു. ജോയിയെ പിടിച്ചതിന് ശേഷം അയാളുടെ നരേഷനിലൂടെ സർറിയൽ എൻഡിങ്ങിലേക്ക് കടക്കുന്ന സിനിമ മനുഷ്യന്റെ അബോധമനസ്സിൽ തളംകെട്ടി കിടക്കുന്ന വന്യതകളെ ചൂഴ്ന്ന് നോക്കാനാണ് ശ്രമിക്കുന്നതെന്ന് തോന്നി. 

ഡിസൈൻ: റാഷിദ് മെറാക്കി

ചുരുളിയിലെ തെറിയും മിത്തുകളും

മലയാള സിനിമയിൽ ഇന്നോളമിറങ്ങിയതിൽ വെച്ച് ഏറ്റവുമധികം ‘തെറി’ പദങ്ങൾ പ്രയോഗിച്ച സിനിമയായിരിക്കും  ചുരുളി. ഒരുപക്ഷെ സെക്ഷ്വൽ കണ്ടെന്റുകളോ വയലൻസോ ഇല്ലാഞ്ഞിട്ടും ഡയലോഗിലെ മാത്രം  അഡൾട് കോൺടെന്റ് ചൂണ്ടി കാണിച്ച് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ച ഏക ഇന്ത്യൻ സിനിമ ഇതായിരിക്കും. ചുരുളിയിലെ തെറികൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയമായിട്ടുണ്ട്. എന്നാൽ ചുരുളിയിലെ തെറിവിളികൾ മലയാളസിനിമയിൽ കൊളോക്കിയൽ ഡയലോഗ് ഡെലിവറികളുടെ ഉപയോഗിക്കപ്പെടാതെ പോയ സാധ്യതകളെ തുറന്ന് വെക്കുകയല്ലേ ചെയ്തിട്ടുള്ളത്. ഒരു ശരാശരി മലയാളി അയാളുടെ സ്വാകാര്യ നിമിഷങ്ങളിൽ തന്റെ വികാരതീവ്രത പ്രകടിപ്പിക്കുന്ന രീതികൾ എത്ര സിനിമ അതിന്റെ യഥാർത്ഥ തനിമ നഷ്ടപ്പെടാതെ പകർത്തിയിട്ടുണ്ട്. ഇന്നും മലയാളസിനിമ വേണ്ട വിധത്തിൽ ഉപയോഗിചിട്ടില്ലാത്ത വാമൊഴി വഴക്കങ്ങൾ ഒരുപാടുണ്ട് അതിൽ ഒന്നാണ് മലയികളുടെ തെറി പ്രയോഗങ്ങൾ. കേരളീയഗ്രാമങ്ങളിൽ വലിയപ്രചാരമുള്ള ഒടിയൻ, മാടൻ, ദുർദേവതകൾ പോലുള്ള മിത്തുകളുടെ സാധ്യതൾ സൈ-ഫൈ മേലങ്കിയോടെ തിരക്കഥയിൽ കൊണ്ടുവന്നതും ചുരുളിയുടെ പ്രത്യേകതയാണ്. തിരക്കഥക്ക് അകത്ത് അന്തർലീനമായി കടക്കുന്ന അധാർമികതയെന്ന ലയറിന് കേരളീയ ഗ്രാമങ്ങളിൽ സാംസ്‌കാരികപരമായും ,ചരിത്രപരമായും വലിയ വേരുകളുള്ള മിത്തിന്റെ (മാടൻ )രൂപം കൊടുത്തതും തിരക്കഥാകൃത്തിന്റെ മികവാണ്.

ചുരുളിയും ഫ്രോയിഡും

മനുഷ്യകുലത്തിന്റെ പരിണാമഘട്ടത്തിലെവിടയോ വെച്ച് നമ്മൾ കൈവരിച്ചെന്ന് പറയപ്പെടുന്ന സാംസ്‌കാരിക ഉന്നമനം ഏത് നിമിഷവും പൊട്ടിപ്പോവുന്ന പൊള്ളയാണെന്നും, പരിണാമത്തിന്റെ ശൈശവഘട്ടത്തിൽ നമുക്കുണ്ടായിരുന്നു മൃഗീയചോദനകളിലേക്കുള്ള മടങ്ങിപോക്ക് അത്ര ബുദ്ധിമുട്ടല്ലെന്നുമാണ് ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പല്ലിശേരി പറഞ്ഞുവെച്ചത്. മനുഷ്യന്റെ അബോധമനസ്സിൽ ഒരു വട്ടമെങ്കിലും കൊലചെയ്യുകയോ, പീഡിപ്പിക്കുകയോ ചെയ്യാത്ത ആരെങ്കിലുമുണ്ടോ എന്ന് ചോദിക്കുന്ന ചുരുളിയും ജെല്ലിക്കെട്ടിനോട് സമാനതകളേറെപുലർത്തുന്നു. ഇവരണ്ടും ഫ്രോയിഡ്ന്റെ സൈക്കോ അനാലിസിസ് വെച്ച് വിശകലനം ചെയ്യാൻ സാധിക്കും.

ഫ്രോയിഡിന്റെ ഏറെ പരാമർശിക്കപെട്ട സംഭാവനകളിൽ ഒന്നായിരുന്നു  സ്‌ട്രെക്ച്ചർ ഓഫ്  മൈൻഡ് അഥവാ ഹ്യൂമൻ സൈക്കിനെ ഫ്രോയിഡ് മൂന്ന് സ്ട്രക്ക്ച്ചറുകളാക്കി തരം തിരിച്ചു. ഇട് (Id), ഈഗോ(Ego), സൂപ്പർ ഈഗോ (Super Ego) എന്നിങ്ങനെയുള്ള മൂന്ന് ഘടനകളാൽ നിർമ്മിതമാണ് മനുഷ്യമനസ്സ് എന്നായിരുന്നു ഈ തിയറി. ഇട് എന്നത് മനുഷ്യന്റെ സ്വതസിദ്ധവും, പ്രാകൃതവുമായ പ്രേരണകൾ അടങ്ങിൽ ഘടനയാണ്. നമ്മുടെ ലൈംഗികവും, ശാരീരികവുമായ എല്ലാവിധ ഉൽപ്രേരണയുടെയും കപ്പിത്താനായി ഇട് നെ കണക്കാക്കാം. വിശന്നാൽ ഭക്ഷണം കഴിക്കണം, ലൈംഗികൊദ്ധീപനമുണ്ടായാൽ ഇണയോടൊപ്പം ലൈംഗികവേഴ്ചയിൽ ഏർപ്പെടണം, വഴക്കോ, അപായമോ ഉണ്ടായാൽ എതിരാളിയെ അക്രമിക്കണം എന്നിങ്ങനെയുള്ള മൃഗീയവും കാടത്തവുമായ പ്രവർത്തങ്ങനങ്ങൾക്ക് തിരി കൊളുത്തുന്നത് ഇട് ആണ്. ധാർമികമായ ശെരിയോ തെറ്റോ തിരിച്ചറിയാൻ ഇട് ന് കഴിയില്ല. അഥവാ സമൂഹം കല്പിക്കുന്ന ഒരു പെരുമാറ്റചട്ടവും, നിയമങ്ങളും ഇട്  ന്റെ മേൽ വിലപ്പോവില്ല. ചുരുളിയിൽ ഫ്രോയിഡിന്റെ ഇട് നാൽ ഭരിക്കപെടുന്ന ഗ്രാമനിവാസികളെയാണ് കാണാൻ കഴിയുക. കള്ള് കുടിയും, തെറിവിളിയും, പീഡനങ്ങളും,  രതിലീലകളും, സാധാരണയാക്കപെട്ട ചുരുളി മനുഷ്യമനസ്സുകളുടെ തുറന്നു കാണിക്കാൻ മടിക്കുന്ന ഇരുണ്ടവശമായി മാറുന്നു. 

ചുരുളിയിലെ സാങ്കേതിക വിഭാഗങ്ങൾ ഓരോന്നും പ്രേക്ഷരെ സിനിമയുടെ നിലവാരം ഉയർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ചുരുളിയിലേക്കുള്ള ജീപ്പ് യാത്രയിലൂടെയും, മരപ്പാലം മുറിച്ചുകടക്കുന്ന രംഗത്തിലൂടെയും ഛായാഗ്രഹണത്തിന്റെ പുതിയ ഗ്രാമറുകൾ സ്‌ക്രീനിൽ ആവിഷ്കരിക്കുന്നുണ്ട് മധുനീലകണ്ഠൻ. ജോയിയെ പിടിക്കാൻ പോകുന്ന പോലീസ് ഓഫീസർമാരെ എട്ടുകാലിയുടെ ബാക്ക്ഡ്രോപ്പിൽ കാണിക്കുന്ന ഫ്രെയിമും പൊളിഞ്ഞ കണ്ണാടിയിൽ വികൃതമായി ചിരിക്കുന്ന ഷാജീവന്റെ മിറർ ഷോട്ടും മികവുറ്റ ഫ്രെമുകളായി തോന്നി. ശ്രീരാഗ് സജിയുടെ സംഗീതവും, ദീപു ജോസഫിന്റെ എഡിറ്റിംങ്ങും, രംഗനാഥ് രവിയുടെ ശബ്ദലേഖനവും ഒന്നിനൊന്നു മികച്ചു നിന്നും.

വിനോയ് തോമസ് എന്ന യുവ എഴുത്തുകാരന്റെ ‘കളിഗമിനാറിലെ കുറ്റവാളികൾ ‘ എന്ന നോവൽ ആസ്‌പതമാക്കിയാണ് എസ്. ഹരീഷ് ചുരുളിക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുള്ളത്. വലിയ ക്യാൻവാസും വലിയ ക്രാഫ്റ്റും അവശ്യപെടുന്ന ഇത്രയും കോംപ്ലക്സായ തിരക്കഥ വെറും 19 ദിവസത്തെ ഷൂട്ടിൽ മറ്റു പരിമിതികൾക്കുള്ളിൽ നിന്ന്കൊണ്ട് ചിത്രീകരിക്കാനും അതിനെ ഇത്രമേൽ മികച്ച കലാസൃഷ്ടിയാക്കി  മാറ്റാനും നിലവിൽ മലയാള സിനിമയിൽ ലിജോ ജോസ് പല്ലിശേരിയെന്ന സംവിധായകൻ മാത്രമേ സാധിക്കുകയുള്ളു.

പാലം കടന്നാൽ സമയചക്രത്തിന്റെ കെണിയിൽ വീഴ്ത്തി വഴിതെറ്റിച്ചു വിടുന്ന മാടനെക്കാൾ അപകടകാരിയാണ് തന്റെ സിനിമ കാണുന്ന പ്രേക്ഷകന്റെ ആസ്വാദനശീലങ്ങളുടെ ഭാണ്ഡകെട്ടഴിച്ചുവെപ്പിച്ച് ചിന്തളുടെ പുത്തൻ ചുരുളികെട്ടിട്ട് മുറുക്കി ഊരാൻ പ്രേരിപ്പിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരിയെന്ന യഥാർഥ മാടൻ.

LEAVE A REPLY

Please enter your comment!
Please enter your name here