“ഏകാധിപതിയാണ് ഞാൻ, എന്റെ ഏകാധിപത്യത്തിനൊരു ലക്ഷ്യമുണ്ട്, എന്റെ ജനതയെ മുഖ്യധാരയിലെത്തിക്കുക. അത് വരെ ഞാൻ ഏകാധിപതിയായിരിക്കും.”

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ട ചെങ്ങറ സമര നേതാവ് ളാഹ ഗോപാലന്റെ വാക്കുകളാണിത്.
ദളിതനായി ജനിച്ച് ദളിതർക്ക് വേണ്ടി ജീവിച്ച് ദളിതർക്കായി സമരം നയിച്ച വ്യക്തിയായിരുന്നു ളാഹ ഗോപാലൻ. ചെറുപ്പം മുതൽക്കേ ദാരിദ്ര്യത്തിന്റെയും ജാതിയുടെയും പേരിലുള്ള കടുത്ത അവഹേളനത്തിന്റെ കയ്പുനീരുകൾ കുടിച്ചായിരുന്നു ജീവിതം.

ഒരിക്കൽ ഇടുക്കിയിലെ വൈദ്യുതി നിലയത്തിൽ ജോലിക്കായിപോയപ്പോൾ ആകെയുള്ള 12 അംഗ സംഘത്തിൽ ഗോപാലൻ അല്ലാത്ത എല്ലാവരെയും കെ. എസ്‌.ഇ. ബി ജോലിക്കെടുത്തു. തനിക്ക് നിഷേധിക്കപ്പെട്ട തൊഴിലിന് വേണ്ടി ചെറുപ്പത്തിലേ അദ്ദേഹം സമരം ചെയ്തു. ഭൂരഹിതരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുക എന്ന ലക്ഷ്യത്തോടെ 2000ൽ ‘സാധുജന സംയുക്ത വിമോചന വേദി’ എന്ന സംഘടനക്ക് ളാഹ ഗോപാലൻ രൂപം നൽകി. തുടക്കത്തിലൊന്നും സമരങ്ങൾ വേണ്ടത്ര ഫലം കണ്ടില്ല. 2006ൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇളപ്പുപാറ റബ്ബർ തോട്ടത്തിൽ കുടിലുകെട്ടി സമരമുറക്ക് തുടക്കം കുറിച്ചെങ്കിലും കളക്ടറുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയുടെ ഫലമായി സമരം അവസാനിപ്പിക്കേണ്ടിവന്നു.

ആദിവാസികൾക്ക് മാത്രമല്ല ഭൂരഹിതരായ ദളിതർക്കും ഇവിടെ ഭൂമിവേണമെന്ന ശക്തമായ നിലപാടായിരുന്നു ളാഹ ഗോപാലൻ മുന്നോട്ട് വെച്ചത്. അതിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള പോരാട്ടങ്ങൾ. കെ. എസ്‌.ഇ. ബിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ തന്നെ വിവിധ കോളനികൾ കയറിയിറങ്ങി ദളിതരെ ബോധവൽക്കരിക്കുന്നതിനും സമരരംഗത്തേക്ക് അവരെ കൈപിടിച്ച് കൊണ്ടുവരുന്നതിനും ഗോപാലൻ സമയം കണ്ടെത്തിയിരുന്നു. 2005 ഓഗസ്റ്റ് 15നു പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ സാധുജന വേദിയുടെ കീഴിൽ സമരം തുടങ്ങി.

150 ദിവസം നീണ്ടുനിന്ന സമരം ഒത്തുതീർന്നത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെയാണ്. പിന്നീട് വന്ന വി.എസ്‌. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ചെങ്ങറ ഭൂസമരമെന്ന പേരിൽ സമരത്തിന്റെ ചിത്രം മാറിവരുന്നത്. സർക്കാരിന്റെ ഉറപ്പുകളും വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടതോടെ 2007 ഓഗസ്റ്റ് 4ന് ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ഹരിസൻ മലയാളം പ്ലാന്റേഷൻ അനധികൃതമായി കൈവശം വെച്ചിരുന്ന സർക്കാർ ഭൂമി സമരക്കാർ കയ്യേറി. കുമ്പഴി എസ്റ്റേറ്റിലെ കുറുമ്പറ്റി ഡിവിഷനിൽ അവർ കുടിൽകെട്ടി താമസമാക്കി. പിന്നീടത് അതുമ്പുംകുളം ഭാഗത്തേക്കുകൂടി വ്യാപിച്ചു. 500 ഏക്കർ വരുന്ന റബ്ബർ എസ്റ്റേറ്റ് സമരക്കാർ പിടിച്ചടക്കി. ഇതോടെ അന്തർദേശീയ ശ്രദ്ധ വരെ പിടിച്ച് പറ്റുന്ന പോരാട്ടമായി ചെങ്ങറ സമരം മാറി.

സമരത്തിന്റെ തുടക്കത്തിൽ തന്നെ അതിനെ ഇല്ലാതാക്കാനുള്ള ശക്തിയായ ശ്രമങ്ങളും അതിന്റെ അണിയറയിൽ സജീവമായിരുന്നു. ഇടതുപക്ഷ തൊഴിലാളി യൂണിയൻ പ്രവർത്തകരെ അണിനിരത്തിക്കൊണ്ട് സി. പി. എം നേരിട്ട് സമരത്തെ ഇല്ലാതാക്കാനായി രംഗത്തുവരുന്ന സാഹചര്യം ഉണ്ടായി. സമര ഭൂമിയിൽ നിന്നും ആർക്കും പുറത്തേക്ക് പോകാൻകഴിയാത്ത വിധത്തിലുള്ള ഉപരോധങ്ങൾ വരെ സമരക്കാർക്ക് നേരിടേണ്ടിവന്നു. സമരത്തോടുള്ള ഇടതുസർക്കാറിന്റെ നിലപാടും ഇത്തരം സംഭവങ്ങൾ ശരിവെക്കുന്ന രീതിയിലുള്ളതായിരുന്നു. സർക്കാർ ഭൂരഹിതർക്ക് ഭൂമി വീതിച്ച് നൽകിയതിലുള്ള അശാസ്ത്രീയത അതിന്റെ ഉദാഹരണമാണ്. ഹരിസൻ ഭൂമിയിൽ കുടിലുകെട്ടിപ്പാർത്ത 1738 പേരിൽ 1432പേരെ മാത്രമാണ് സർക്കാർ പ്രഖ്യാപിച്ച ചെങ്ങറ പാക്കേജിൽ ഭൂമിക്ക് അർഹരായി കണക്കാക്കിയത്. ഇങ്ങനെയൊരു നടപടി സമരക്കാർക്കുള്ളിൽ പരസ്പര ഭിന്നത ഉണ്ടാക്കുമെന്നുറപ്പായിരുന്നു. അത് തന്നെയായിരുന്നു സർക്കാർ മുന്നിൽ കണ്ടിരുന്നതും.

സർക്കാർ നൽകിയ ഭൂമികൾ സംസ്ഥാനത്തിന്റെ അങ്ങിങ്ങായിട്ടാണ് സമരക്കാർക്ക് ലഭിച്ചത്. അതിൽ മിക്കതും ഒരു നിലക്കും വാസയോഗ്യവുമായിരുന്നില്ല. അതുകൊണ്ട് തന്നെ ആരും പട്ടയം സ്വീകരിക്കരുതെന്ന് ളാഹ ഗോപാലൻ ആഹ്വാനം ചെയ്തിരുന്നു. സർക്കാർ നടത്തിയ പട്ടയമേളയെ അദ്ദേഹം ബഹിഷ്കരിക്കുകയും ചെയ്തു. ഇതിനിടക്ക് തന്നെ സമരക്കാർ തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. അതിനാൽ തന്നെ അവർക്കിടയിലുള്ള ഭിന്നിപ്പിന്റെ വഴികളും തുറന്ന് തുടങ്ങിയിരുന്നു. അതിന് ആക്കം കൂട്ടുന്നതരത്തിലായിരുന്നു ഗോപാലനെതിരെ സമരക്കാരിൽ ചിലരുടെ കൂട്ടത്തിൽ നിന്നും ഉയർന്നുവന്ന ആരോപണങ്ങൾ. ആ ആരോപണങ്ങളായിരുന്നു പിന്നീട് വിപ്ലവകരമായ ചെങ്ങറ സമരത്തിന്റെ വിധിമാറ്റി എഴുതിയത്. അവ പലരുടേയും സൃഷ്ടിയാണെന്നുള്ളത് ളാഹക്ക് ഉറപ്പായിരുന്നു.

9 വർഷമായി ഒരു നിലക്കും ഒരു അച്ചടക്ക ലംഘനവുമില്ലാതെ തന്റെ വാക്കുകളെ അനുസരിച്ച് നിന്നവർ ഒരു സുപ്രഭാതത്തിൽ തനിക്കെതിരെ ഇത്തരമൊരു ആരോപണവുമായി വരുമ്പോൾ മറിച്ചൊന്ന് ചിന്തിക്കേണ്ടിവന്നില്ല അദ്ദേഹത്തിന്. ളാഹ ഗോപാലനോടൊപ്പം നിന്ന 14 പേരെയും കൂട്ടി പത്തനംതിട്ടയിലെ തന്റെ ഓഫീസിലേക്ക് അദ്ദേഹം താമസം മാറി. ളാഹ സമര ഭൂമി വിട്ടതോടെ ചെങ്ങറ സമരത്തിന് പുതിയ മുഖം കൈവന്നുതുടങ്ങി. സമരമേറ്റെടുക്കാൻ പുതിയ നേതൃത്വം മുന്നോട്ടുവന്നു. പക്ഷെ അദ്ദേഹം സമരമുഖത്തുണ്ടാക്കിയ ചലനങ്ങളൊന്നും മറ്റാർക്കും അവിടെ സൃഷ്ടിക്കാനായില്ല എന്നതാണ് വാസ്തവം.

ളാഹ ഗോപാലൻ

എന്നിരുന്നാലും ചെങ്ങറ ഇന്നും ആ പഴയസമര മുഖത്തെ ഓർമ്മിപ്പിക്കുന്ന കാഴ്ചതന്നെയാണ്. പക്ഷെ അവിടെ മുദ്രാവാക്യമുയർത്താൻ ളാഹ ഗോപാലനില്ല. രംഗങ്ങളൊപ്പിയെടുക്കാൻ ക്യാമറാക്കണ്ണുകളുമില്ല. എന്നാൽ ദളിതന്റെ ദുരിതങ്ങൾക്ക് ഇന്നും ചെങ്ങറയുടെ മണ്ണിൽ ഒരു അന്ത്യവും ഉണ്ടായിട്ടില്ല. പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ പോലും അവർക്കവിടെ സൗകര്യങ്ങളില്ല. വോട്ടർപട്ടികയിലോ മറ്റു കേന്ദ്ര കേരള സർക്കാർ രേഖകളിലോ ചെങ്ങറസമരപോരാളികൾക്ക് ഇടമില്ല. അന്നുമുതൽ ഇന്നുവരെ അതിജീവനത്തിന്റെ പാതതേടുന്ന പാവം ജനങ്ങൾക്കിടയിൽ അക്രമത്തിന്റെ രാഷ്ട്രീയ കരുനീക്കങ്ങൾ തന്നെയാണ് ചെങ്ങറയുടെകഥ നമ്മോട് പറഞ്ഞുവെക്കുന്നത്.

ദളിതനൊരിക്കലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്ന് വരരുത്. അവരെന്നും താഴെതട്ടിൽ ദാരിദ്രത്തോട് പടപൊരുതി വിധിയെപഴിച്ച് കഴിയേണ്ടവരാണ് എന്ന രാഷ്ട്രീയചിന്തയാണ് ചെങ്ങറയുടെ ഇന്നത്തെ ചിത്രം ലോകത്തിനുമുന്നിൽ തുറന്നുകാട്ടുന്നത്. തങ്ങളറിയാതെ തങ്ങളെ മുതലെടുക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ മുതലടുപ്പുകളെയൊക്കെതന്നെ രാഷ്ട്രീയ പരമായിതന്നെ നേരിട്ട വ്യക്തിയായിരുന്നു ളാഹ ഗോപാലൻ. ചെങ്ങറ സമരത്തെ അദ്ദേഹം മുന്നോട്ട് വെച്ചത്‌ വെറും ഭൂമിക്ക് വേണ്ടിയുള്ള ഭൗതികമായ ഒരു സമരം മാത്രമായിട്ടല്ലായിരുന്നു. മറിച്ച് തന്റെ സമുദായത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യംകൂടി അദ്ദേഹത്തിന് അതിനുപിന്നിൽ ഉണ്ടായിരുന്നു. പക്ഷെ സരപോരാളികൾ അതിനെ നോക്കിക്കണ്ടത് കേവലം ഭൂമിക്ക് വേണ്ടിയുള്ളസമരമായിട്ട് മാത്രമാണ്. അതു കൊണ്ട് തന്നെയാവാം പിന്നീടൊരിക്കലും അദ്ദേഹം മറ്റൊരു സമരവുമായി മുന്നോട്ട് വരാതെ തന്റെ സ്വകാര്യതകളിലേക്ക് ഒതുങ്ങിക്കൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here