“ചന്ദ്രിക രാജ്യത്തിന്റെ ഉത്തമ താല്പര്യത്തിനും സമുദായ സൗഹാർദ്ദത്തിനും വേണ്ടി നിലകൊള്ളുന്നു. മുസ്ലിം ലീഗിനെ വിഭജനാനന്തരം ഇന്ത്യയിൽ നിലനിർത്തുന്നതിനു ചന്ദ്രിക വഹിച്ച പങ്ക് ചരിത്രകാരന്മാർ വിസ്മരിക്കയില്ല. സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും മതപരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് ‘ചന്ദ്രിക’ ചെയ്ത സേവനം നിസ്സീമമാണ്. ഇങ്ങനെ ഒരു പത്രം ഇല്ലായിരുന്നെങ്കിൽ കേരള മുസ്ലിം സമുദായത്തിന്റെ സ്ഥിതി എന്താകുമായിരുന്നു?”
(സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, ചന്ദ്രിക: നമ്മുടെ ശക്തിയും ശബ്ദവും, ചന്ദ്രിക റിപ്പബ്ലിക്ക് പതിപ്പ്, 1965)
“പാർട്ടി മുഖപത്രം: പാർട്ടി മുഖപത്രമായ ചന്ദ്രികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും വളർച്ചക്കും പ്രചാരണത്തിനും എല്ലാ ഘടകങ്ങളുടെയും ഭാരവാഹികൾക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതാണ്. പഞ്ചായത്ത് ഘടകം മുതൽ സംസ്ഥാന ഘടകം വരെ ഇക്കാര്യത്തിനായി പ്രത്യേക ചുമതലക്കാരെ വെക്കേണ്ടതാണ്. സംഘടനയുടെ പഞ്ചായത്ത്-മണ്ഡലം-ജില്ലാ-സംസ്ഥാന കൗൺസിലർമാർ ആവുന്നതിന് ചന്ദ്രികാ ദിനപത്രത്തിന്റെ വരിക്കാരാനായിരിക്കേണ്ടതാണ്. വരിക്കാരനല്ലാത്ത പക്ഷം കൗൺസിലർ സ്ഥാനം നഷ്ടപ്പെടുന്നതാണ്.”
(Article 53, ഭരണഘടന, മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മിറ്റി)
“……………ചന്ദ്രിക പത്രം നടത്തുന്ന മുസ്ലിം പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി പോലുള്ള സ്ഥാപനങ്ങളിൽ മുസ്ലിം ലീഗിന്റേതായ ഓഹരികൾ മുതലായവ ആയിരിക്കും മുസ്ലിം ലീഗിന്റെ ഫണ്ടുകളും സ്വത്തുക്കളും”
(Article 51, ഭരണഘടന, മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മിറ്റി)
” ചന്ദ്രിക നിത്യവും മുന്നിലെത്തുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അനേകം കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്കറിയില്ല. മുഖ്യ പത്രാധിപർ തൊട്ട് ഡസ്പാച്ച് പ്യൂൺ വരെയുള്ള നിരവധി ആളുകളുടെ തലച്ചോറും കൈകാലുകളും പ്രവർത്തിച്ചിട്ടാണ് നിങ്ങളുടെ പ്രിയ പത്രം ജന്മമെടുക്കുന്നത്. അതിന്റെ പ്രവർത്തനമാകെ വിവരിക്കുന്നത് ശ്രമകരമായിരിക്കും. എങ്കിലും ‘ചന്ദ്രിക’യുമായി ബന്ധപ്പെട്ട അതിന്റെ അഭിവൃദ്ധിക്കായി വിലയേറിയ സേവനം ചെയ്യുന്നവരെ സ്മരിക്കാതിരിക്കുന്നത് കൃതഘ്നതയാണ്. “
(സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, ചന്ദ്രിക: നമ്മുടെ ശക്തിയും ശബ്ദവും,ചന്ദ്രിക റിപ്പബ്ലിക്ക് പതിപ്പ്, 1965)

•കോവിഡ് കാലത്ത് തടഞ്ഞു വെച്ച ശമ്പളം നൽകുക
•മൂന്ന് മാസത്തെ കുടിശികയായ ശമ്പളം നൽകുക
•ജീവനക്കാരിൽ നിന്നും പിടിച്ച പി.എഫ് വര്ഷങ്ങളായി അടക്കാത്തത് അടവാക്കുക
•സർവ്വീസിലിരിക്കേ 2020ൽ മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് ഗ്രാറ്റിവിറ്റിയും പി.എഫും നൽകുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 8നു ബുധനാഴ്ച്ച കോഴിക്കോട് ‘ചന്ദ്രിക’ ഓഫീസിനു മുന്നിൽ ചന്ദ്രികാ ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ (വ്യാഴം,വെള്ളി) ചന്ദ്രികയുടെ മുൻ പേജിൽ സെപ്തംബർ 15 മുതൽ ഒക്ടോബർ 10 വരെയുള്ള ചന്ദ്രിക വാർഷിക കാമ്പയിൻ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് ബഹുമാനപ്പെട്ട ഹൈദരലി തങ്ങളുടെ ചിത്രം വെച്ചുള്ള അഭ്യർത്ഥന കണ്ടു. നല്ലത് തന്നെ. ഉദ്യമം വിജയിക്കട്ടെ. എല്ലാ വിധ ഭാവുകങ്ങളും…
പക്ഷേ, മുൻ കാലങ്ങളിൽ നടത്തിയ കാമ്പയിനിലും മറ്റുമായി കിട്ടിയ വരിസംഖ്യ ഉപയോഗിച്ച് ജീവനക്കാർക്ക് ലഭിക്കേണ്ട പി.എഫ് പോലുള്ള ആനുകൂല്യങ്ങൾ നൽകാത്തത് എന്ത് കൊണ്ടാണ് ?
ചന്ദ്രിക ജീവനക്കാർ തന്നെ പറയുന്നതനുസരിച്ച് ചന്ദ്രിക വഴി കയറി ഇറങ്ങിയ വരിസംഖ്യ അടക്കമുള്ള പണം മതിയായിരുന്നു ജീവനക്കാരുടെയും മറ്റിതര പ്രശ്നങ്ങളും തീർക്കാൻ. എറന്നാകുളത്തടക്കം നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന കോടിക്കണക്കിന് രൂപ മൂല്യമുണ്ടായിരുന്ന ചന്ദ്രികയുടെ ഏതൊക്കെ ഭൂമി വിറ്റിട്ടുണ്ട് ? ചന്ദ്രികയുടെ ഭൂ സ്വത്തുക്കൾ വിറ്റിട്ട് ആ പണമൊക്കെ എന്ത് ചെയ്തു? പാർട്ടി മുഖപത്രം എന്ന നിലയിൽ ചന്ദ്രികയിൽ എന്തെങ്കിലും സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെങ്കിൽ അതിനെ പറ്റി അന്വേഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ലേ ? ഇതിന്റെ കണക്കു വിവരങ്ങളിൽ സുതാര്യത വരുത്തുന്നതിനായി മുഴുവൻ കണക്കുകളും ഒരു ധവള പത്രം പോലെ പാർട്ടി ഭാരവാഹികൾക്കെങ്കിലും നൽകേണ്ടതില്ലേ ? എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ കാരണക്കാരായവരെ കണ്ടെത്തി അവർക്കെതിരെ നടപടി എടുക്കേണ്ടതില്ലേ ?

ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി തങ്ങളെ വരെ ബലിയാടാക്കുന്ന തരത്തിൽ ഉള്ള പ്രവർത്തനം ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എങ്കിൽ അവരെ സംരക്ഷിക്കേണ്ട ബാധ്യത മുസ്ലിം ലീഗിനുണ്ടോ?? ചന്ദ്രികയിലെ പ്രശ്നങ്ങളിൽ ഡയറക്ടർമാർക്ക് മാത്രമല്ല, മുസ്ലിം ലീഗ് പാർട്ടിക്കാകമാനം അതിൽ ഉത്തരവാദിത്വം ഉണ്ട്. ചന്ദ്രികയിലെ ഗുരുതര പ്രശ്നങ്ങൾ അന്വേഷിക്കാൻ പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ ?
ബാല ചന്ദ്രിക, ചന്ദ്രിക റിപബ്ലിക്ക് പതിപ്പ്, പാഠമുദ്ര, യങ്ങ് ടച്ച് തുടങ്ങി പലതിനും എന്തു സംഭവിച്ചു ? അവയുടെയൊക്കെ പ്രസിദ്ദീകരണം നിന്ന് പോവാൻ കാരണമെന്താണ്? ചന്ദ്രിക ആഴ്ച്ചപതിപ്പ് പ്രിന്റിംഗ് നിർത്തിയത് എന്ത് കാരണത്താലാണ് ?
ചന്ദ്രിക പിരിയോഡിക്കൽസിനു നിലവിലൊരു എഡിറ്റർ ഉണ്ടോ ? ഉണ്ടെങ്കിൽ ആരാണ്?
CIJAC (CHANDRIKA INSTITUTE OF JOURNALISM AND COMMUNICATION) എന്ന പേരിൽ ചന്ദ്രിക ഒരു മാധ്യമ പഠന സ്ഥാപനം തുടങ്ങിയിരുന്നില്ലേ ? അതു നിലവിലുണ്ടോ? അതു പ്രവർത്തനം നിർത്താനുള്ള കാരണം എന്താണ്?
ചന്ദ്രിക പത്രം നടത്തുന്ന മുസ്ലിം പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനിയുടെ ഭൂരിപക്ഷം ഷെയറും കയ്യാളുന്നവർ എന്ന നിലക്കും മുസ്ലിം ലീഗിന്റെ മുഖപത്രം എന്ന നിലക്കും ‘ചന്ദ്രിക’യും അനുബന്ധ പ്രസിദ്ധീകരണങ്ങളും സംരക്ഷിക്കേണ്ടത് മുസ്ലിം ലീഗിന്റെ ബാധ്യതയാണ്. ആയതിനാൽ തന്നെ ചന്ദ്രികയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുക. ഒരു സമുദായത്തെ പിടിച്ചു നടത്തിയതിൽ മുഖ്യ പങ്കു വഹിച്ച ചന്ദ്രികയെ നശിക്കാനും നശിപ്പിക്കാനും വിട്ടുകൊടുക്കരുത്. ചന്ദ്രികയെ കേവലം സാമ്പത്തിക ലാഭത്തിന് ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ അവർ ചന്ദ്രികയുടെ മാത്രമല്ല ലീഗിന്റെയും ശത്രുക്കളാണെന്ന് ഓർക്കുക.
” ‘ചന്ദ്രിക’ ആദായമടിക്കാൻ വേണ്ടി നടത്തുന്ന ബിസ്സിനസ്സ് സ്ഥാപനമല്ല, ജന സേവനം നടത്തുന്ന പൊതു സ്ഥാപനമാണ്.”
(സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, ചന്ദ്രിക: നമ്മുടെ ശക്തിയും ശബ്ദവും,ചന്ദ്രിക റിപ്പബ്ലിക്ക് പതിപ്പ്, 1965)
“ചന്ദ്രികയുടെ ഡയറക്ടർ ഇൻ ചാർജ്ജായി സേവനം ചെയ്ത പി.സീതിഹാജി, ചന്ദ്രിക സാമ്പത്തിക പ്രതിസന്ധി നേരിട്ട ഒരു കാലഘട്ടത്തിൽ സ്വന്തം വീട് വരെ പണയപ്പെടുത്താൻ തയ്യാറായ സീതി ഹാജിയെ ചന്ദ്രികക്ക് ഒരിക്കലും മറക്കുവാനാവില്ല. വീടു പണയം വെക്കുന്ന വിവരമറിഞ്ഞു സീതി ഹാജിയുടെ സഹധർമ്മിണി ഫാത്തിമ അമ്പരന്നപ്പോൾ സീതിഹാജി പറഞ്ഞു “നീ ഭയപ്പെടേണ്ട, ചന്ദ്രികക്ക് വേണ്ടിയാണ്, നമ്മുടെ സ്വത്തു വിൽക്കുമ്പോൾ പാണക്കാട് തങ്ങളുടെ സ്വത്തും വിൽക്കേണ്ടി വരും. തങ്ങളും എന്നെപ്പോലെ ചന്ദ്രികക്ക് വേണ്ടി പണയപ്പെടുത്തിയിട്ടുണ്ട്”.
(ചന്ദ്രിക: ആദർശ വിശുദ്ധിയുടെ വെട്ടിത്തിളങ്ങുന്ന വെള്ളിനക്ഷത്രം – മുജീബ് തങ്ങൾ കൊന്നാര്)
സീതി ഹാജിയുടെ കാലത്തെ മുസ്ലിം ലീഗിൽ നിന്നും ചന്ദ്രികയിൽ നിന്നും ഇന്നത്തെ മുസ്ലിം ലീഗിനും ചന്ദ്രികക്കും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെയും ചന്ദ്രികയുടെയും ആസ്തിയിലും ഭൂമിയിലുമൊക്കെ ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്. നിലവിൽ ഒരു നേതാവിന്റെയും ഭൂമിയോ വീടോ ചന്ദ്രികക്ക് വേണ്ടി പണയം വെക്കേണ്ട സാഹചര്യമില്ല. ഇപ്പോഴുള്ള ബാധ്യതകളിൽ നിന്നും എളുപ്പത്തിൽ കരകയറുവാൻ മുസ്ലിം ലീഗിനും ചന്ദ്രികക്കും സാധിക്കും. നേരായ വിധത്തിൽ സാമ്പത്തിക കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നിലവിലെ ബാധ്യതകൾ പരിഹരിക്കുവാനുള്ള സാമ്പത്തിക ബദ്രത സമുദായത്തിനും പാർട്ടിക്കും ചന്ദ്രികക്കുമൊക്കെ ഉണ്ട്.
ഇതിനു മുമ്പും ചന്ദ്രികയിൽ സാമ്പത്തിക ബാധ്യത ഉണ്ടാവുകയും മുസ്ലിം ലീഗും ചന്ദ്രികയും അതിനെ തരണം ചെയ്യുകയും ചെയ്തിട്ട്. നിലവിലെ പ്രശ്നങ്ങളിൽ കാരണം കണ്ടെത്തി പരിഹാരം കാണുവാനും കൂടുതൽ മികവുറ്റ രീതിയിൽ ചന്ദ്രികയെ മുന്നോട്ട് കൊണ്ടു പോകുവാൻ മുസ്ലിം ലീഗിനും ചന്ദ്രികക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.