ന്യൂനപക്ഷങ്ങളുടെ, അവശതയനുഭവിക്കുന്നവരുടെ മനുഷ്യത്വപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ അവരോട്‌ ചേർന്ന് നിൽക്കാൻ പറയുന്ന മുസ്ലിം ലീഗിന്റെ ഭരണഘടനയെ ചുരുങ്ങിയത്‌ മുസ്ലിം ലീഗ്‌ നേതാക്കൾ എങ്കിലും വായിക്കേണ്ടതുണ്ട്‌. അല്ലാത്ത പക്ഷം അണികൾക്കിടയിലും പൊതു സമൂഹത്തിലും തെറ്റിദ്ദാരണ ഉണ്ടാക്കുന്ന പല തരത്തിലുള്ള പ്രസ്ഥാവനകളും ഇനിയും സഭവിച്ചു കൊണ്ടേ ഇരിക്കും.

മുസ്ലിം ലീഗിന്റെ പ്രവർത്തനമേഖലകൾ, ആശയം, രാഷ്ട്രീയതത്വസംഹിത, മത സാമൂഹിക സാംസ്കാരിക സമീപനങ്ങൾ, അംഗത്വം എന്നിവ സംബന്ധിച്ച് വ്യക്തതയോടെ പറയുന്ന ഭാഗമാണ്, മുസ്ലിം ലീഗ്‌ ഭരണഘടനയിലെ ആർട്ടിക്കിൾ 9 ലെ ‘ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും’. അത് താഴെപറയും പ്രകാരമാണ്.

ആർട്ടിക്കിൾ 9- ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും:
a. ഇന്ത്യൻ യൂണിയന്റെ സ്വാതന്ത്ര്യവും അവിഛിന്നതയും ഐക്യവും സംരക്ഷിക്കുക.
b. ഇന്ത്യൻ യൂണിയനെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനായത്ത റിപ്പബ്ലിക്കായി നിലനിർത്തുക
c. സമൂഹത്തിൽ സുരക്ഷിതത്വവും സമാധാനവും കൈവരുത്തുക. വിഘടനവാദത്തിനും തീവ്രവാദത്തിനും ശിഥിലീകരണ പ്രവണതക്കും വർഗ്ഗീയതയ്ക്കുമെതിരെ നിലകൊള്ളുക.
d. മുസ്ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ അഭിമാനകരമായ അസ്തിത്വം നിലനിർത്തുക. അവരുടെ വ്യക്തിനിയമങ്ങളും സമ്പന്നമായ പൈതൃകവും ഭാഷയും സാഹിത്യവും സംസ്കാരത്തനിമയും പരിരക്ഷിക്കുക.
e. വിവിധ സമുദായങ്ങൾ തമ്മിൽ പരസ്പരവിശ്വാസവും സൗഹാർദ്ദവും സന്മനസ്സും മതിപ്പും ഐക്യവും വളർത്തുക. പൊതുജനനന്മക്കും സാമൂഹികനീതിക്കും വേണ്ടി പരിശ്രമിക്കുക.
f. ദാരിദ്ര്യം, തൊഴില്ലായ്മ, നിരക്ഷരത, പരാശ്രയത്വം എന്നിവ ഇല്ലായ്മ ചെയ്ത്‌ ചൂഷണമുക്തവും നീതിയുക്തവുമായ ഒരു സാമൂഹികക്രമം പടുത്തുയർത്തുന്നതിന് യത്നിക്കുക.
g – പട്ടികജാതി പട്ടികവർഗ ഗോത്രവർഗങ്ങളുടെയും പിന്നോക്ക ന്യൂനപക്ഷ ദുർബല വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരവും തൊഴിൽപരവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ആയ അവകാശങ്ങൾ നേടിയെടുക്കുക.
h. സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക്‌ വിദ്യാഭ്യാസ ഉദ്യോഗ ഭരണരംഗങ്ങളിൽ മതിയായ പ്രാതിനിധ്യം ലഭ്യമാക്കുന്നതിനു പരിശ്രമിക്കുക.
i. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളും റിസർച്ച്‌ സെന്ററുകളും സ്ഥാപിക്കുക. അർഹരായ വിദ്യാർത്ഥികൾക്ക്‌ സ്കോളർഷിപ്പ്‌, ഗ്രാന്റ്‌, വായ്പ എന്നിവ നൽകുക
j. പരമ്പരാഗത വ്യവസായങ്ങളിലും തൊഴിലുകളിലും കാർഷികവൃത്തിയിലും മത്സ്യബന്ധനത്തിലും കച്ചവടത്തിലും ഏർപ്പെട്ടിട്ടുള്ള വിഭാഗങ്ങളുടെ അഭ്യുന്നതിക്ക്‌ വേണ്ടി പ്രവർത്തിക്കുക.
k. വിദ്യാർത്ഥികൾ യുവജനങ്ങൾ തൊഴിലാളികൾ സ്ത്രീകൾ പ്രവാസികൾ എന്നീ വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പരിശ്രമിക്കുക
l. അവശതയനുഭവിക്കുന്നവർ, അനാഥർ നിർധനർ അഗതികൾ വിധവകൾ എന്നിവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുക.
മഹല്ല് കുടുംബ സുരക്ഷാ പദ്ധതി നടപ്പിൽ വരുത്തുക. പ്രകൃതിക്ഷോഭങ്ങളിലും അത്യാഹിതങ്ങളിലും അപകടങ്ങളിലും പെടുന്നവരെയും കലാപബാധിതരെയും സഹായിക്കുക. ദുരിതാശ്വാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഇതിനായി സ്ഥിരം റിലീഫ്‌ കമ്മിറ്റികൾ രൂപീകരിക്കുക.
m. സാർവ്വദേശീയ പ്രശ്നങ്ങളിലും ദേശീയ പ്രശ്നങ്ങളിലും ശക്തമായും ക്രിയാത്മകമായും പ്രതികരിക്കുക. മർദ്ദിതർക്കും പീഡിതർക്കും നീതി നിഷേധിക്കപ്പെട്ടവർക്കും വേണ്ടി നിലകൊള്ളുക. അവരോട്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കുക. മാനുഷിക മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിനു വേണ്ടി പോരാടുക.
n. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
o. മേൽ ആവശ്യാർത്ഥം വേണ്ട പ്രസിദ്ധീകരണങ്ങളും പ്രചാരവേലകളും നടത്തുക. ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുക.

മുസ്ലിം ലീഗിന്റെ അംഗത്വവുമായി ബന്ധപ്പെട്ട്‌ ഭരണഘടനയിലെ ആർട്ടിക്കിൾ 10 ഇങ്ങനെ പറയുന്നു.

ആർട്ടിക്കിൾ 10- അംഗത്വം:
a. മുസ്ലീം ലീഗിന്റെ ഭരണഘടനയും പ്രഖ്യാപിതനയങ്ങളും അംഗീകരിക്കുന്ന ഇന്ത്യൻ യൂണിയനിലെ നിവാസിയും പതിനെട്ട്‌ വയസ്സിൽ കുറയാത്ത പ്രായവുമുള്ള ഏതൊരു ഇന്ത്യൻ പൗരനും മുസ്ലിം ലീഗിൽ അംഗമാകാവുന്നതാണ്.

ആർട്ടിക്കിൾ 9b യും 10a യും റദ്ദു ചെയ്തുകൊണ്ട്‌ മുസ്ലിംലീഗിന്റെ രാഷ്ട്രീയപ്രവർത്തനം സാധ്യമാണോ എന്ന് മുസ്ലിം ലീഗ്‌ നേതാക്കൾ ചിന്തിക്കുന്നത്‌ നല്ലതാണ്. പാർട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമായി ഉപദേശങ്ങളും നിർദ്ദേശങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്ന നേതാക്കൾ, ആ ഭരണഘടന ഒരാവർത്തിയെങ്കിലും വായിക്കുന്നത് നല്ലതാണ്.
ഇല്ലെങ്കിൽ പൊതുമധ്യത്തിൽ അപഹസിക്കപ്പെടുക പാർട്ടിയും അതിന്റെ തത്വസംഹിതയുമായിരിക്കും.

പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക എന്ന സിഎച്ചിന്റെ വാക്കുകൾ ലീഗ് നേതാക്കൾക്കായി സമർപ്പിക്കുന്നു: വായിക്കുക, വായിക്കുക വീണ്ടും വായിക്കുക! മുസ്ലിംലീഗ്‌ ഭരണഘടന വായിച്ചു പഠിക്കാനുള്ളതാണ്; വാചകമടിക്കാനുള്ളതല്ല!

അവലംബം:

  1. ഘടനയും നിയമങ്ങളും, മുസ്‌ലിം ലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റി, 2011

LEAVE A REPLY

Please enter your comment!
Please enter your name here