എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈജലിനെ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയതായി ഇന്നലെ (സെപ്റ്റംബർ 15) ചന്ദ്രികയിലൂടെ അറിയാൻ സാധിച്ചു. “ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാൽ വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈജലിനെ മുസ്ലിം ലീഗിന്റെയും എം.എസ്.എഫിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു” എന്നാണ് പത്രക്കുറിപ്പിൽ ഉള്ളത്.

സെപ്റ്റംബർ 13ന് സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയയെ പുറത്താക്കിയത് “മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്’ എന്നാണു ദേശീയ മുസ്ലിം ലീഗ് പ്രസിഡന്റ് പ്രസ്താവനയിൽ പറയുന്നത്. ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചു വിട്ടത് ‘ഉന്നതാധികാര സമിതിയും”

ഒന്നാമത്തെ ചോദ്യം: ഷൈജലിനെ പുറത്താക്കാൻ വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചോ?
ഉണ്ടെങ്കിൽ ഏതു യോഗത്തിൽ വെച്ച്?
(മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി വയനാട് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹിയെ അങ്ങോട്ട് വിളിച്ചു നടപടിയെ പറ്റി സംസാരിച്ചു എന്നാണു അറിയാൻ സാധിച്ചത്)

എം എസ് എഫ് നേതാവ് ഷൈജലിനെതിരെയുള്ള നടപടി ചന്ദ്രിക ദിനപത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നു 

രണ്ട്: ഫാത്തിമാ തഹ്ലിയയെ ഭാരവാഹിത്വത്തിൽ നിന്നും നീക്കാൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചോ?
ഉണ്ടെങ്കിൽ ഏതു യോഗത്തിൽ?
(അങ്ങനെയൊരു യോഗം നടന്നിട്ടില്ല എന്നാണ് മുനീർ സാഹിബ് ഇതിനെ പറ്റി അറിയില്ല എന്നു പറഞ്ഞ പ്രതികരണത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്)

മൂന്ന്: ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചു വിട്ടതാരാണ്? ഉന്നതാധികാര സമിതിയെങ്കിൽ അവർക്കതിന് അധികാരം ഉണ്ടോ ?
(എം.എസ്.എഫ് , മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് മാത്രമാണ് ഭരണഘടനാ പരമായി ഒരു ഘടകത്തെ പിരിച്ചു വിടാൻ അധികാരമുള്ളത്. അതുപോലെ ഉന്നതാധികാര സമിതി എന്നൊന്ന് മുസ്ലിം ലീഗ്‌ ഭരണഘടനയിൽ ഇല്ല )

നാല്: ആഗസ്ത് 17നു ഹരിത-എം.എസ്.എഫ് വിഷത്തിൽ പി.എം.എ സലാം സാഹിബ് ഇറക്കിയ പത്രകുറിപ്പിൽ പറയുന്നത് “സംഘടനാ യോഗങ്ങളിലും മറ്റും നടത്തിയതായി ആരോപിക്കപ്പെട്ട പരാമർശങ്ങളിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകാൻ ആവശ്യപ്പെടാനും പാർട്ടി തീരുമാനിച്ചു.

വിശദീകരണം ലഭ്യമായ ശേഷം തുടർ നടപടികൾ പാർട്ടി തീരുമാനിക്കും” എന്നാണ്. നടപടികൾ എടുക്കുന്നതിനു മുമ്പായി ഇത്തരത്തിൽ വിശദീകരണം നൽകാനുള്ള ഭരണഘടനാ ആനുകൂല്യം ഹരിതക്കോ, ഫാത്തിമാ തഹ്ലിയക്കോ ഷൈജലിനോ ലഭിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ഒരു കൂട്ടർക്ക് മാത്രം അവകാശപ്പെട്ടതാണോ ഇത്തരം ആനുകൂല്യങ്ങൾ. ഇതിലെ നീതി എന്താണ്?

മുസ്‌ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരം അഡ്വ. ഫാത്തിമ തഹ്ലിയായെ എം എസ് എഫ് ദേശീയ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി നീക്കം ചെയ്തതായി അറിയിച്ചുവന്ന പത്രക്കുറിപ്പ് 

മുസ്ലിം ലീഗ് ഭരണഘടനയിൽ അച്ചടക്ക നടപടികളെ കുറിച്ചും അതിനായുള്ള സമിതിയെ കുറിച്ചും കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട് .
ഭരണഘടനയിൽ പറഞ്ഞ അച്ചടക്ക സമിതി:
“സ്റ്റേറ്റ് കമ്മിറ്റിയിൽ നിന്നും ഒരു ചെയർമാനും നാല് അംഗങ്ങളുമടങ്ങുന്ന ഒരു അച്ചടക്ക സമിതിയെ തിരഞ്ഞെടുക്കേണ്ടതാണ്.”
(Article മുസ്ലിം ലീഗ് ഭരണഘടന, 2011)

അച്ചടക്ക നടപടികൾ: (Article 47 )
a) ഈ ഭരണഘടനയ്‌ക്കോ സംഘടനയുടെ താല്പര്യത്തിനോ നേതൃത്വത്തിന്‍റെ നിർദ്ദേശങ്ങൾക്കോ വിരുദ്ധമായി പ്രവർത്തിക്കുകയോ സംഘടനയുടെ ഫണ്ട് അപഹരിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ സംഘടനയുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന അംഗത്തിന്‍റെയോ ഘടകത്തിന്‍റെയോ പേരിലുള്ള പരാതി ജില്ലാ കമ്മിറ്റി മുഖേനയും ജില്ലാ കമ്മിറ്റിയെ കുറിച്ചാണ് പരാതിയെങ്കിൽ നേരിട്ടും സ്റ്റേറ്റ് അച്ചടക്ക സമിതിക്ക് അയച്ചു കൊടുക്കേണ്ടതാണ്.
b) അച്ചടക്ക സമിതി കുറ്റാരോപണത്തിന്റെ സാരാംശം ആരോപിതന് അയച്ചു കൊടുക്കേണ്ടതാണ്. ആയത് കൈപറ്റി ഏഴു ദിവസത്തിനകം കുറ്റാരോപിതൻ രേഖാമൂലം സമാധാനം ബോധിപ്പിക്കേണ്ടതാണ്. നേരിട്ട് ഹാജരായി വിശദീകരണം നൽകുന്നതിനും കുറ്റാരോപിതന് അവകാശം ഉണ്ടായിരിക്കുന്നതാണ്.
c) അച്ചടക്ക സമിതി ആരോപണത്തെക്കുറിച്ച് വിശദമായ അന്വേക്ഷണം നടത്തി തീരുമാനമെടുക്കേണ്ടതാണ്.
d) കുറ്റത്തിന്റെ ഗൗരവമനുസരിച്ച് താക്കീത്, സെൻഷ്വർ, തരം താഴ്ത്തൽ, സസ്‌പെൻഷൻ, അംഗത്വം റദ്ദാക്കൽ, കമ്മിറ്റിയിൽ നിന്ന് നിശ്ചിത കാലത്തേക്ക് മാറ്റി നിർത്തൽ എന്നീ ശിക്ഷകൾ നൽകാവുന്നതാണ്.
e) സ്റ്റേറ്റ്‌ അച്ചടക്ക സമിതിയുടെ തീരുമാനത്തിന്റെ കോപ്പി കിട്ടി ഏഴു ദിവസത്തിനകം സംസ്ഥാന പ്രസിഡണ്ടിന് അപ്പീൽ സമർപ്പിക്കാവുന്നതാണ്.
d) അംഗങ്ങളുടെ പേരിലും ഘടകങ്ങളുടെ പേരിലും നടപടികൾ സ്വീകരിക്കാനുള്ള അധികാരം സംസ്ഥാന പ്രസിഡണ്ടിന് മാത്രമായിരിക്കും. (Article 47, മുസ്ലിം ലീഗ് ഭരണഘടന, 2011

മുസ്‌ലിം ലീഗിന്റെ ഭരണഘടനയിൽ നിന്നും 

പക്ഷം പിടിച്ചുള്ള ഷൂട്ടൗട്ട് പാർട്ടി അവസാനിപ്പിക്കണം. സ്വന്തം പാളയത്തിലുള്ളവരെ ശത്രുപക്ഷത്താക്കി സ്വാഭാവിക നീതി നിഷേധിക്കുമ്പോൾ അത് മുസ്ലിം ലീഗിന്റെ ആശയങ്ങൾക്കും ഭരണഘടനക്കും എതിരാണ് എന്ന് മുസ്ലിം ലീഗ് നേതൃത്വം മനസ്സിലാക്കണം. മുസ്ലിം ലീഗിനു അച്ചടക്ക നടപടികളെടുക്കാവുന്നതാണ്. പക്ഷേ, പലർക്കും പല നടപടി ക്രമങ്ങളിലൂടെയല്ലാതെ, എല്ലാവർക്കും ഒരേ പോലെയുള്ള നീതി നൽകിയാവണം. അല്ലാതെ അച്ചടക്ക നടപടികളെ പറ്റി കൃത്യമായി പറയുന്ന മുസ്ലിം ലീഗ്‌ ഭരണഘടന അട്ടത്തു വെച്ചാവരുത്‌. എതിർ ശബ്ദങ്ങളെ ഇത്തരത്തിൽ ടാർഗ്ഗറ്റ്‌ ചെയ്യുന്നത്‌ ഒരു ജനാധിപത്യ പാർട്ടിക്ക്‌ ഭൂഷണമല്ല.

ഇന്ത്യയുടെ ആത്‌മാവിന്, ഇന്ത്യയെന്ന ആശയത്തിന് തുരങ്കം വെക്കുന്ന പൗരത്വ നിയമത്തിനെതിരെ ഇന്ത്യയുടെ തെരുവുകളിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് സമരം ചെയ്തവരെയാണ് ഇന്നലെ ഹരിതയുടെ വാർത്താ സമ്മേളനത്തിൽ ഹരിതയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മാ തബ്ഷീറ ഭരണഘടന ഉയർത്തിപ്പിടിച്ചു മുസ്ലിം ലീഗിന്റെ നീതി നിഷേധത്തിനെതിരെ സംസാരിച്ചത്. ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. മുസ്ലിം ലീഗ് അതിന്റെ അടിസ്ഥാന തത്വങ്ങളെയും ഭരണഘടനെയെയും മുറുകെ പിടിച്ച് മുന്നോട്ട് പോവേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here