വിവാദമായ മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കാമെന്ന് സമ്മതിച്ച് നരേന്ദ്ര മോദി സർക്കാർ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാർലമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് മോദി സർക്കാരിന്റെ തീരുമാനം.
പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തതോടെ കർഷക സമരങ്ങൾ ബി ജെ പിക്ക് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു.
ഒരു വർഷത്തിലേറെയായി തുടരുന്ന സംയുക്ത കിസാൻ മോർച്ചയുടെ സമരത്തിനിടക്ക് അഞ്ഞൂറിലധികം കർഷകർ മരണപ്പെട്ടു. ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ചും വിവിധയിടങ്ങളിൽ കർഷക മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ചും സംയുക്ത കിസാൻ മോർച്ച കേന്ദ്ര സർക്കാരിനെതിരെയുള്ള സമരങ്ങൾക്ക് വലിയ ചിത്രം സൃഷ്ടിച്ചു. രാജ്യാന്തര തലത്തിൽ സമരം വലിയ ശ്രദ്ധ നേടിയതോടെ വിവാദങ്ങളും ഉടലെടുത്തു. സമരം ചെയ്യുന്ന കർഷകരെ തീവ്രവാദികൾ എന്നുവരെ ബി ജെ പി നേതാക്കൾ ആക്ഷേപിച്ചു.

സംയുക്ത കിസാൻ മോർച്ചയുടെ സമരങ്ങൾക്ക് മുന്നേ പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തി. കർഷക സമരത്തിന്റെ എല്ലാ സന്ദർഭങ്ങളിലും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കർഷകർക്കൊപ്പം നിലയുറപ്പിച്ചതും സർക്കാരിനെ വലിയ സമ്മർദ്ദത്തിലാക്കി. ഉത്തർ പ്രദേശിലെ ലാഖീൻപൂർ ഖേരിയിൽ കർഷക റാലിയിലേക്ക് ബി ജെ പിയുടെ കേന്ദ്ര മന്ത്രിയുടെ മകൻ കാറോടിച്ചുകയറ്റി കർഷകരെ കൊന്ന സംഭവവും ബി ജെ പിക്ക് വലിയ തിരിച്ചടിയായിരുന്നു.
അതേസമയം, പ്രധാന മന്ത്രിയുടെ വാക്കുകളെ വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും പാർലമെന്റിൽ ഈ നിയമം പിൻവലിക്കും വരെ പോരാട്ടം തുടരുമെന്നും കർഷക സമര നേതാക്കൾ പ്രതികരിച്ചു.