ഏറെ പ്രത്യേകതയാർന്ന ഒരു വായനാനുഭവം നൽകിയ പുസ്തകമായിരുന്നു ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ . ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിൽ സേലത്തിനടുത്ത് ഡാനിഷ്പേട്ട്   ലോക്കൂർ സ്റ്റേഷനിൽ  നടന്ന ഒരു തീവണ്ടിയപകടത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത് ഒരു കോടിയിലേറെ വരുന്ന റെയിൽവേ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമാണ്. 

തീർത്തും ഫിക്ഷണലായ കഥാപാത്രങ്ങളിലൂടെയും സന്ദർഭങ്ങളിലൂടെയുമാണ് ‘പച്ച മഞ്ഞ ചുവപ്പ്’ ത്രില്ലർ  പരിവേഷമുള്ള ഒരു നോവൽ ആയിമാറുന്നതെങ്കിൽ കൂടി, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും, റാഡിക്കൽ  തമിഴ് സ്വത്വവാദ ഘടകങ്ങളും, മനുഷ്യാവകാശസംരക്ഷണ എൻ ജി ഒ പ്രവർത്തനങ്ങളും, അടിയന്തരാവസ്ഥയുടെ അവശേഷിപ്പുകളും ഇഴചേർന്ന  വ്യക്തമായ രാഷ്ട്രീയ സാഹചര്യത്തിലാണ് കഥ  അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എഴുത്തുരീതികളിലും, കഥാപാത്ര നിർമിതിയിലും,  അവതരണത്തിലും ഉള്ള പ്രത്യേകതകൾക്കപ്പുറം  ഈ നോവൽ  ചർച്ച ചെയ്യുന്നുവെന്ന് തോന്നിയ ചിലത് എടുത്തുപറയുവാൻ വേണ്ടിയാണ് ഇങ്ങിനെയൊരെഴുത്ത്.

ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം, തമ്മിൽ  ബന്ധിപ്പിക്കുന്ന അദൃശ്യമായൊരു നൂൽപ്പാലത്തിലൂടെ, ജേർണലിസ്റ്റായ ജ്വാലയും, പാലക്കാട് ഡിവിഷൻ റെയിൽവേ സേഫ്റ്റിയിലെ ഉന്നത ഉദ്യോഗസ്ഥനായ അരവിന്ദും ചേർന്ന് നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ റെയിൽവേ അപകടങ്ങളുടെ ചരിത്രത്തിൽ തന്നെ വളരെ അപൂർവമായ ഒന്നായിരുന്ന ലോക്കൂർ അപകടത്തെക്കുറിച്ചുള്ള അന്വേഷണാത്മകമായ യാത്രയിൽ, വായനക്കാർക്കു മുന്നിൽ ചുരുളഴിയുക, ഇന്ത്യൻ റെയിൽവേ എന്ന പ്രഹേളികയാണ്.

നീട്ടിയുള്ള ചൂളംവിളികൾക്കും, യാത്രയ്ക്കിടയിലെ ജനൽക്കാഴ്ചകൾക്കും, അപ്രതീക്ഷിതമായ് ലഭിക്കുന്ന ചില മനുഷ്യബന്ധങ്ങൾക്കുമെല്ലാം അപ്പുറം, അധ്വാനവും, ആത്മാർത്ഥതയും അധികാരബന്ധങ്ങളും ചേർന്ന് എങ്ങിനെയാണ് റെയിൽവേ  ഇന്ത്യൻ രാജ്യത്തിൻറെ ഒരു പരിച്ഛേദമായി മാറുന്നതെന്ന് നോവൽ രേഖപ്പെടുത്തുന്നുണ്ട്. ലോക്കൂർ അപകടത്തെ ചുറ്റിപ്പറ്റി എവിടെയാണ് തെറ്റിപ്പോയത്, ആർക്കാണ് ശ്രദ്ധക്കുറവ് സംഭവിച്ചത്, എന്നിങ്ങനെയുള്ള ചോദ്യങ്ങളിൽ തുടങ്ങി, റെയിൽവേപ്രവർത്തനങ്ങളിലെ വ്യവസ്ഥാപിത രീതികളെയും  നിക്ഷിപ്ത താല്പര്യങ്ങളുടെ സ്വാധീനത്തെയും കുറിച്ചുള്ള ഒരു തുറന്നെഴുത്തിന്റെ പ്രതീതി നോവലിൽ ഉടനീളം ദൃശ്യമാണ്.

എതിർദിശയിൽ നിന്നും വരുന്ന രണ്ടു തീവണ്ടികൾ കൂട്ടിമുട്ടി ഉണ്ടാകുന്ന അപകടങ്ങൾ (ഹെഡ് ഓൺ കൊളിഷനുകൾ) റെയിൽവേയിൽ സാധാരണമല്ല. എന്നാൽ  അത്തരത്തിൽ സംഭവിച്ച ഒന്നായിരുന്നു, ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം അമ്പത്തിരണ്ട്  ജീവനുകൾ പൊലിഞ്ഞ ലോക്കൂറപകടം. ദുരന്തത്തിന് കാരണക്കാരനായ് അന്നത്തെ ആക്സിഡന്റ് ഇൻക്വയറി കണ്ടെത്തിയതായ് നോവലിൽ പറയപ്പെടുന്ന രാമചന്ദ്രൻ മാസ്റ്റർ എന്ന കഥാപാത്രത്തിന്റെ വീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും സാധാരണ യാത്രക്കാർക്കോ വായനക്കാർക്കോ പരിചിതമല്ലാത്ത റെയിൽവേയുടെ ഉള്ളറകളാണ് തുറക്കപ്പെടുന്നത്.

റെയിൽവേയിൽ കവിഞ്ഞോ കുറഞ്ഞോ മറ്റൊരു ജീവിതമില്ലെന്നോണം ഇരുപത്തിയാറ് വർഷം ആ മേഖലയിൽ പ്രവർത്തിച്ചയാളാണ് മാസ്റ്റർ. നോവലിന്റെ പ്രസക്തമായൊരു ഭാഗം മാസ്റ്ററുടെ ഡയറികുറിപ്പുകളിലൂടെയുള്ള തിരിഞ്ഞുനടത്തമാണ്. ഏറെ വിലപ്പെട്ടതായി  അതിൽ തെളിഞ്ഞുകാണാനാവുക, റെയിൽവേയോടുള്ള മാസ്റ്ററടങ്ങുന്ന ബഹുഭൂരിപക്ഷം ജീവനക്കാരും പുലർത്തുന്ന ബഹുമാനത്തിന്റെയും സമർപ്പണബോധത്തിന്റെയും ഏടുകളാണ്. ഇന്ത്യപോലെയുള്ള ഒരു വികസ്വര രാജ്യത്തിന്റെ വളർച്ചയിൽ റെയിൽവേ വഹിക്കേണ്ടുന്ന പങ്കിനെകുറിച്ചുള്ള മാസ്റ്ററിന്റെ നിലപാട് അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവർത്തികളിലും ഒരുപോലെ പ്രകടമാണ്.  അത്തരം ശ്രമങ്ങളായിരുന്നു, റെയിൽവേയിലെ ഒരു മൂന്നാം ക്ലാസ് ജീവനക്കാരനായിരിക്കവേ തന്നെ അദേഹത്തെ നാഷണൽ അവാർഡിലേക്കെത്തിച്ച, സ്വയം വികസിപ്പിച്ചെടുത്ത എക്സ്പ്രസ്സ് ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ മോഡലും, റെയിൽവേയിലെ അഴിമതിക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ മാസ്റ്ററും കലൈസെൽവിയും ചേർന്ന് കളിച്ച തെരുവുനാടകവും. ചെറിയ തിരുത്തലുകൾക്ക് പോലും വഴങ്ങാതെ, വിമർശനങ്ങളെ ഒന്നാകെ വിരുദ്ധതായി പ്രഖ്യാപിച്ചുകൊണ്ട് സ്വയം തകർന്നടിയാനും സ്വകാര്യവത്ക്കരിക്കപ്പെടാനും വെമ്പിനിൽക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മാസ്റ്ററുടെ ശ്രമങ്ങൾ ശെരിയോ തെറ്റോ എന്നതിലുപരി ഒരു ഓർമപ്പെടുത്തലാകുന്നു.

റെയിൽവേയുടെ നടത്തിപ്പുരീതികളിലെ പോരായ്മകളെക്കുറിച്ചുള്ള നിശിതമായ വിമർശനങ്ങൾ മാസ്റ്റർ  ഉന്നയിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ സാമൂഹ്യാവസ്ഥയിലും  സമ്പദ് വ്യവസ്ഥയിലും  റെയിൽവേക്കുള്ള സ്ഥാനവും പ്രാധാന്യവും ഉൾക്കൊണ്ടുകൊണ്ടാണ് മാസ്റ്ററിന്റെ ശ്രമങ്ങളോരോന്നും. ഒരു ട്രെയിൻ ഒരു മിനിറ്റ് എങ്കിലും വൈകുമ്പോൾ സംഭവിക്കുന്ന നഷ്ടം യാത്രക്കാരുടെ വ്യക്തിപരമായ നഷ്ടം മാത്രമല്ലെന്നും, മറിച്ച്  രാജ്യത്തിന്റേത് കൂടിയാണെന്ന് പറഞ്ഞുപോകുന്നുണ്ട് നോവലിൽ. വണ്ടിയിലെ യാത്രക്കാരായ മുഴുവൻ ആളുകളുടെയും ഓരോ മിനിറ്റ് നഷ്ടപ്പെടുമ്പോൾ, രാജ്യത്തിൻറെ ആകമാനാമായ ഉത്പാദനപരതയെയാണ് അത് ബാധിക്കുക. തൊഴിലില്ലായ്മയും ജനസംഖ്യയും ഒരുപോലെ ഉയർന്നുനിൽക്കുന്ന ഒരു രാജ്യമെന്ന നിലയിൽ, മാസ്റ്റർ മുന്നോട്ടു വെക്കുന്ന, തൊഴിലാളികളുടെ എണ്ണം കുറക്കാതെ എങ്ങിനെ റെയിൽവേയുടെ കാര്യക്ഷമത ഉയർത്താം എന്ന ചോദ്യം വളരെ പ്രസക്തമാണ്. അതുപോലെ, നോവലിൽ ആവർത്തിച്ച് പ്രമേയാകുന്ന ഒന്നാണ് കൊളോണിയൽ കാലഘട്ടത്തിൽ രൂപീകരിക്കപ്പെട്ട അധികാരബന്ധങ്ങൾ  സ്വാതന്ത്രാനന്തരവും റെയിൽവേയിൽ എങ്ങിനെയാണ് തീർത്തും കൊളോണിയൽ എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽതന്നെ  നിലനിന്നുപോന്നത്, എന്ന്. ഒരു ഫിക്ഷണൽ  എഴുത്തിന്റെ തലത്തിലാണെങ്കിൽകൂടി,  ഒരു ഞെട്ടലോടെയല്ലാതെ അത്തരം ഭാഗങ്ങൾ വായിക്കാൻ കഴിയില്ല.

ഇന്ത്യയിലെ റെയിൽവേയുടെ ചരിത്രം തുടങ്ങുന്നത് ആയിരത്തിഎണ്ണൂറുകളുടെ രണ്ടാം പാതിയിലാണ്. ബ്രിട്ടീഷ് കോളനി ആയിരുന്നുവെങ്കിൽ കൂടി, ഇരുപതാം നൂറ്റാണ്ടാകുമ്പോഴേക്കും 23,672 മൈലുകൾ നീളമുള്ള, ലോകത്തിലെ തന്നെ നാലാമത്തെയും, ഏഷ്യയിലെ ഒന്നാമത്തെയും  വലിയ റെയിൽ ശൃംഖലയാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. തുടർന്നുള്ള റെയിലുകളുടെ വളർച്ചയും ആധുനിക ഇന്ത്യയുടെ രൂപീകരണവും സമാന്തരവും, പരസ്പരബന്ധിതവുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ റെയിലുകൾ ബഹുവിധ സമരങ്ങളുടെ ഇടമായിത്തരുന്നത്, അവയുടെ ദൈനംദിനപ്രവർത്തനം രാജ്യത്തിന് ഒഴിവാക്കി നിർത്താൻ കഴിയാത്ത ഒന്നായി മാറിയതിനാലാണ്, രാജ്യത്തെയാകമാനം പ്രതിനിധാനം ചെയ്യുന്ന ഒന്നാണ് റെയിൽവേ എന്ന  പൊതുബോധത്താലാണ്. പലപ്പോഴും അധികാരഭാവം ജ്വലിപ്പിക്കുന്ന വലിയ റെയിൽവേ സ്റ്റേഷനുകളുടെ രൂപഭാവങ്ങൾ കോളോണിയൽ ഭരണവ്യവസ്ഥയുടെ പ്രഭാവത്തെ മനഃപൂർവം തന്നെയാണ് ഓർമിപ്പിച്ചിരുന്നത്. വിവിധ പഠനശാഖകൾ മുന്നോട്ട് വെക്കുന്ന ഇത്തരത്തിലുള്ള  ആശയങ്ങളുടെ നേർക്കാഴ്ച കൂടിയാകുന്നുണ്ട്, ‘പച്ച മഞ്ഞ ചുവപ്പ്’. വളരെ പച്ചയായ റെയിലനുഭവങ്ങളുടെ കാൻവാസിലൂടെയാണ് നോവൽ ഇവയെല്ലാം ചർച്ചചെയ്യുന്നത്.

റെയിൽവേയുമായ് ബന്ധപ്പെട്ട സുപരിചിതമല്ലാത്ത സാങ്കേതികവും, സാമൂഹ്യവും, സാമൂഹ്യശാസ്ത്രപരവുമായ നിരീക്ഷണങ്ങൾ നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്. റെയിൽവേ സേഫ്റ്റിയെക്കുറിച്ചും, റെയിൽ ആക്സിഡന്റ്കളെക്കുറിച്ചുമെല്ലാം ഒരു നോവലിന്റെ  പരിമിതിയിൽ നിന്നുകൊണ്ട് ‘പച്ച മഞ്ഞ ചുവപ്പ്’ പ്രതിപാദിക്കുന്നു. ഇന്ത്യൻ റെയിൽവേയുടെയും രാഷ്ട്രീയത്തിന്റെയും  നാൾവഴികളിൽ  ഏറെ ചർച്ച ചെയ്യപ്പെട്ട അറിയാളൂർ അപകടത്തെക്കുറിച്ച് നോവൽ ആധികാരികമായ് ഉയർത്തുന്ന ചോദ്യങ്ങൾ, ഒഴിവാക്കപ്പെടാമായിരുന്ന ഒരുപിടി അപകടങ്ങളുടെ  ഒരു ഓർമ്മപ്പെടുത്തൽ കൂടിയായ് മാറുന്നു. ആയിരത്തിതൊള്ളായിരത്തി അമ്പത്തിയാറ് നവംബറിൽ നടന്ന അറിയാളൂർ അപകടം നൂറ്റിനാല്പത്തിലധികം പേരുടെ മരണത്തിനിടയാക്കിയിരുന്നു. അപകടത്തെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചിരുന്നു.  അതോടുകൂടി, യഥാർത്ഥത്തിൽ അപകടത്തിനിടയാക്കിയ കാരണങ്ങളിലേക്കുള്ള അന്വേഷണങ്ങളിൽ നിന്നും ശ്രദ്ധയകലുകയായിരുന്നുവെന്നു പരാമർശിക്കുന്ന ജ്വാലയുടെ പത്രറിപ്പോർട്ടുകളെകുറിച്ചുള്ള ഭാഗം ശ്രദ്ധേയമായാണ്. കാതലായ കണ്ടെത്തലുകളുടെ അഭാവത്തിൽ നടന്നുപോന്നിട്ടുള്ള ആക്സിഡന്റ് എൻക്വയറികളിലെ പൊള്ളത്തരം ജീവന്റെ വിലയുള്ള നിരുത്തരവാദിത്തമാണെന്ന് വായിച്ചെടുക്കാം.  ഒപ്പം, റെയിൽ അപകടങ്ങൾക്ക് കാരണമാകുന്ന ‘ഹ്യൂമൻ എറർ’ എന്ന ഘടകത്തെ തൊഴിലാളികളുടെ ഒറ്റപ്പെട്ട അശ്രദ്ധയോ അനാസ്ഥയോ എന്നതിലുപരി ഒരു അധികാരനിബിഡമായ തൊഴിൽ രീതിയുടെ സ്വാധീനത്താൽ കണ്ടിഷൻ ചെയ്യപ്പെടുന്ന  ഒന്നുകൂടിയാണെന്ന പുനർവായന സിദ്ധാന്തമായും  അനുഭവമായും നോവൽ രേഖപ്പെടുത്തുന്നു.

റെയിൽ സാമഗ്രികളുടെ, പ്രത്യേകിച്ചും സേഫ്റ്റി ഉപകരണങ്ങളുടെ ഗ്ലോബൽ മാർക്കറ്റിൽ, ലോകത്തിലെ തന്നെ എറ്റവും വലിയ റെയിൽ ശൃംഖലയുള്ള ഒരു രാജ്യം എത്തരത്തിൽ ഇടപെടുന്നു എന്നതിലേക്കും നോവൽ വിരൽ ചൂണ്ടുന്നു. ആയിരത്തിത്തൊള്ളായിരങ്ങളുടെ ആദ്യപാതിയിൽ തന്നെ വളരെ വലിയ ഒരു റെയിൽ സംവിധാനം ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടുകൂടി, അതിനാനുപാതികമായ സമ്പദ് വളർച്ചയും തൊഴിലവസരങ്ങളും  ഇവിടെ ഉണ്ടാകാതിരുന്നതിനു പ്രധാന കാരണം, റെയിൽവേ മേഖലക്ക് വേണ്ട അടിസ്ഥാന സാമഗ്രികൾ നാട്ടിൽ നിർമ്മിക്കാതെ ഇറക്കുമതി ചെയ്യുകയായിരുന്നു എന്നതാണ്. പാശ്ചാത്യ ശക്തികൾക്ക് അത്രമേൽ സ്വാധീനം ചെലുത്താൻ സാധിക്കാത്ത ചൈനയും ജപ്പാനും പോലെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ വൈകിയാണെങ്കിൽകൂടി റെയിലുകളുടെ വരവ് സമ്പദ്ഘടനയെ വ്യവസായവത്കരിക്കുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്.

എന്നാൽ, ഇന്ത്യയിലെ റെയിലുകളുടെ വികസനം കോളനിവത്കരണത്തെയും, ബ്രിട്ടീഷ് സാമ്രാജ്യത്തെയുമാണ് പ്രധാനമായ് പരിപോഷിപ്പിച്ചതെന്ന് പിൽക്കാല പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സ്വാതന്ത്രാനന്തരവും എങ്ങിനെയൊക്കെ റെയിൽ മേഖലയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളെ നവലിബറൽ വ്യവസ്ഥിതി മുതലെടുക്കാമെന്നതും, റെയിൽ സേഫ്റ്റി ഉപകരണങ്ങളുടെ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന വൻകിട കമ്പനികൾ എങ്ങിനെയാണ് ആക്സിഡന്റുകളിൽ കച്ചവടസാധ്യതകൾ കാണുന്നതെന്നുമുള്ള നോവലിലെ വിശകലനങ്ങൾ ചിന്തിപ്പിക്കുന്നവയാണ്. അതിനാൽത്തന്നെ, കമ്പോളവത്കരിക്കപ്പെട്ട ‘സേഫ്റ്റി’ സങ്കല്പങ്ങൾക്കുള്ളിലെ ചതിക്കുഴികളെയും, റെയ്ൽവേയിൽ ഇന്നും പ്രബലമായ അധികാരബലപ്രയോഗത്തിന്റെ ദൂഷ്യഭാവത്തെയും കൂട്ടിയിണക്കിക്കൊണ്ട്, പ്രമേയമായ ലോക്കൂർ അപകടത്തെ നോവൽ  ഉൾക്കൊള്ളിച്ചിരിക്കുന്നത് വളരെ സമകാലിക പ്രസക്തിയുള്ള ചട്ടക്കൂടിനുള്ളിലാണ്.

കോളനിവത്കരണ കാലത്ത് വ്യക്തമായ കച്ചവടതാല്പര്യങ്ങൾക്കും  നയതന്ത്രപരമായ ആവശ്യങ്ങൾക്കുമായി രൂപീകരിക്കപ്പെട്ട റെയിൽവേ, സ്വാതന്ത്രാനന്തര ഇന്ത്യയിൽ അതിനപ്പുറം പലതുമാണ്. അതിനാൽത്തന്നെ, ഇന്ത്യൻ പൊതുമേഖലാസ്ഥാപനങ്ങളും പൊതുമേഖലയെന്ന ആശയവും തന്നെ ഏറ്റവും ഭീകരമായ രീതിയിൽ ആക്രമിക്കപ്പെടുകയും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്ന കാലങ്ങളിൽ, മാസ്റ്ററുടെയും കലൈസെൽവിയുടെയും ശ്രമങ്ങൾ ചിലതൊക്കെ പറഞ്ഞുവെക്കുന്നുണ്ട്.  അതിൽ ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത്, ഈ രാജ്യവും, റെയിൽവേ അടങ്ങുന്ന പൊതു സ്ഥാപനങ്ങളും അടിസ്ഥാനപരമായും ആദ്യമായും ജനങ്ങളുടേതാണ് എന്നതാണ്. അത്തരത്തിലുള്ള ‘പൊതു’ സ്വഭാവത്തിനേൽക്കുന്ന ആക്രമണം ദുർബലമാക്കുക, ഈ രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങൾക്ക് മേൽ  സാധാരണ ജനങ്ങൾക്കുള്ള അവകാശങ്ങളെയാണ്. ഇത്തരത്തിലൊരു കൂട്ടിവായനയെ സാധ്യമാക്കുന്നത്, ഒരു റെയിൽവേ ജീവനക്കാരനായിരുന്നുകൊണ്ട് തന്നെ, വിമർശനാത്മകമായ് മാസ്റ്റർ നടത്തിയ  ഇടപെടലുകളാണ്. അതുപോലെ, മൂല്യബോധത്തിന്റെ തലത്തിൽ ശ്രദ്ധേയമാകുന്ന ഒന്നാണ് കലൈസെൽവിയുടെ വിയോജിപ്പുകളും, അവർ ഏർപ്പെടുന്ന മനുഷ്യാവകാശപ്രവർത്തനങ്ങളും. കഥാകാരന്റെ ഏറെ പ്രസിദ്ധമായ മറ്റൊരെഴുത്തിലെ ‘ദേവനായകി’ സങ്കൽപ്പത്തിന്റെ ശീലുകൾ ഉൾക്കൊണ്ട ഒരു പിൻതലമുറക്കാരിയെ  കലൈസെൽവിയിൽ കാണാൻ കഴിയും.

നോവലിന്റെ അവസാനഭാഗങ്ങളിൽ കുറിച്ചിരിക്കുന്നു ഒരു വരി  ഇങ്ങിനെയാണ്‌ – ‘ഇന്ത്യാ മഹാരാജ്യംപോലെത്തന്നെയാണ് ഇന്ത്യൻ റെയിൽവേയും. അത് നന്നാക്കാൻ ശ്രമിക്കുന്നവർക്ക് രക്തസാക്ഷികളാകേണ്ടി വരും.’ മുമ്പേനടന്ന ഒരുപിടി മനുഷ്യരുടെ രേഖപ്പെടുത്താതെപോയ പരിശ്രമങ്ങളുടെ ഓർമ്മപ്പെടുത്തൽകൂടിയാകാം ഈ വരി. എങ്കിലും, ഇനിയും അണഞ്ഞുപോകാത്ത ചിലതെന്തൊക്കെയോ മാസ്റ്ററെപ്പോലുള്ളവരുടെ ശ്രമങ്ങളിൽ കുടിയിരിക്കുന്നു. ഒരുപക്ഷെ, തലമുറകളിലൂടെ  കണ്ണിചേരുന്ന സമത്വ രാഷ്ട്രീയബോധമാവാം. അല്ലെങ്കിൽ മറ്റെന്തെങ്കിലുമാവാം.

അങ്ങിനെ, രചനാവൈഭവത്തിനും,വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു റെയിൽ അപകടവുമായി വ്യത്യസ്ത രീതിയിൽ ബന്ധപ്പെട്ട ചിലർ കൂട്ടിമുട്ടുമ്പോൾ പൂരിപ്പിക്കുകപ്പെടുന്ന ചില സങ്കീർണതൾക്കും പുറമെ, പലതുകൊണ്ടും ഏറെ ആവശ്യകതയുള്ള  ഒരു തിരിഞ്ഞുനോട്ടം കൂടിയാണീ  നോവൽ.

LEAVE A REPLY

Please enter your comment!
Please enter your name here