പുഴുത്ത മെയിൽ ഈഗോയിൽ യുഗങ്ങളായി പൂത്തിവെച്ച മുഖമൊന്ന് പുറത്തെടുത്ത് കണ്ണും കാതുമുൾപ്പടെ നല്ല പച്ചവെള്ളത്തിൽ കഴുകി ശുദ്ധമാക്കിനോക്കിയാൽ, ഒരു മനോഹര കാഴ്ചകാണാനാവും; ഒരാരവം കേൾക്കാനാകും.

പച്ച, നീല, ചുവപ്പ്, കാവി ഭേദമില്ലാതെ, സകലർക്കും പരീക്ഷിക്കാവുന്നതാണ്. മലയാളി രാഷ്ട്രീയസാമൂഹ്യരംഗത്തിലെ, ‘നാനാത്വത്തിൽ ഏകത്വം’ അഥവാ, മുദ്രാവാക്യവൈവിധ്യങ്ങളുടെ ബഹുലതയിലും കാത്തുവെക്കുന്ന സ്ത്രീവിരുദ്ധത എന്ന ഏകതാനതയുടെ പ്രയോക്താക്കൾക്കും ഗുണഭോക്താക്കൾക്കുമൊക്കെ ഒന്നു നോക്കാവുന്നതാണ്.

നേരമിപ്പോൾ തന്നെ വൈകിയിട്ടുണ്ട്.

പെണ്ണുങ്ങൾ സംസാരിക്കുകയാണ്. അവർക്ക് ആശയങ്ങളുടെ വേരുകളും, കൃത്യതയുടെ ശിഖരങ്ങളും അഭിമാനത്തിൻ്റെ ഇലപ്പച്ചകളും ഉണ്ട്. നോക്കൂ, നിങ്ങളെത്ര കുടഞ്ഞു നോക്കിയിട്ടും സംസാരിക്കാനായി അവരുറച്ചിരിക്കുന്ന ഇരിപ്പിടങ്ങൾക്ക് യാതൊരു കുലുക്കവും തട്ടുന്നില്ല.

വ്യക്തിയുടെ അഭിമാനത്തെപ്പറ്റി, സ്ത്രീയുടെ അസ്തിത്വത്തെ പറ്റി, അവളുടെ സ്വയംനിർണയാവകാശത്തെപ്പറ്റി, രാഷ്ട്രീയമുന്നേറ്റത്തെപ്പറ്റി, മലയാളി രാഷ്ട്രീയലോകത്തിന് പരിചയമില്ലാത്ത വിധം, കൃത്യതയും, ആഴവും, മൂർച്ചയും, ഒപ്പം തികഞ്ഞ മാന്യതയും പാകത്തിൽ ചാലിച്ച് അവർ സംസാരിക്കുകയാണ്. അതൊരു പുതിയ രാഷ്ട്രീയഭാഷയാണ്. തെറി വിളികളും അന്തശൂന്യമായ ആരോപണങ്ങളും ഉരുണ്ടുമറിച്ചിലുകളുമല്ലാതെ എങ്ങനെ രാഷ്ട്രീയം പറയാമെന്നതിൻ്റെ പുതുജീൻ വെളിപ്പെടൽ.

മലയാളിയുടെ രാഷ്ട്രീയജീവിതത്തിലെ ഒരു അവിസ്മരണീയ നിമിഷമാണിത്. അവരൊന്നോ രണ്ടോ പത്തോ പേരല്ല സംസാരിക്കുന്നത്. അതു പുതിയ പെൺശബ്ദമാണ്. സൂക്ഷമമായി നോക്കിയാൽ കാണാം, കേൾക്കാം, ഒരിടത്തു നിന്നല്ല, അനേകമിടങ്ങളിൽ നിന്ന്, അവയോരോന്നിനുമുള്ള പ്രധാന ലക്ഷ്യങ്ങളുടെ വൈജാത്യങ്ങൾക്കിടയിലും സ്ത്രീയുടെയഭിമാനം, അവളുടേതുകൂടിയുമായ പ്രഭാതങ്ങൾ, പ്രദോഷങ്ങൾ എന്ന സ്വയംബോധം എല്ലാ നാനാത്വത്തിലുമുള്ള പുതിയ ഏകത്വമായി ഉയർന്നു കൊണ്ടിരിക്കുന്നു. ഈ പുതിയ ഹരിതശബ്ദത്തിൻ്റെ മുഴക്കത്തിൽ അവയെല്ലാം മറവിട്ടുയരെ മുഴങ്ങുക തന്നെ ചെയ്യും. അനേകകാലം കൈക്കരുത്താൽ മുറിപ്പെടുത്തിയും വാക്കാൽ തളർത്തിയും അധികാരത്താൽ തടഞ്ഞുവെച്ചും സമ്പത്തിനാൽ ഇരയാക്കിയും മാലാഖീകരിച്ചു വശീകരിച്ചും പുരുഷാധികാരം തന്നിഷ്ടത്തിലെഴുതിപ്പോന്ന ചരിത്ര പുസ്തകം അവർ വാങ്ങിയെടുക്കുകയാണ്. അതിലെഴുതാൻ പോന്ന ഭാഷയും മഷിയും തിരിച്ചറിവും ഈ പെണ്ണുങ്ങൾക്കൊക്കെയുമുണ്ട്.

ചൂണ്ടുവിരലുയർന്നിരിക്കുന്നത്, ഒരു ലീഗിനു നേരയല്ല, എല്ലാ രാഷ്ട്രീയ രാഷ്ട്രീയേതര സംഘടനകൾക്കും നേരെയാണ്. സംഘടനക്കകത്ത് ഉയരുന്ന സ്വതന്ത്ര പെൺശബ്ദങ്ങളെ, മാന്യതയോടെ കേൾക്കാൻ കഴിയുന്നവരായി , ലൈംഗികച്ചുവയുള്ള ശബ്ദങ്ങളാൽ നിശബ്ദരാക്കാത്തവരായി, ശരീരബന്ധിതമായി കാണാത്തവരായി, അവർക്കപമാനമുണ്ടാകുമ്പോൾ ഒരേ സ്വരത്തിൽ കൂടെ നിൽക്കുന്നവരായി എത് സംഘടനയാണിവിടെയുള്ളത് ! ഏതക്കാദമികസ്ഥലിയാണുള്ളത്. വ്യക്തികൾ കാണുമായിരിക്കും, മെയിൽ ഈഗോയിൽ തല പൂഴ്ത്തിയിട്ടില്ലാത്ത ചിലർ… പ്രായക്കണക്കോ പഠിത്തക്കണക്കോ അനുസരിച്ചില്ല, ഈ അപൂർവപുരുഷ സ്വഭാവത്തിൻ്റെ സാന്നിധ്യമെന്നതേതായാലും ഉറപ്പ്. യുവതലപൂഴ്ത്തുകാർക്ക് പുഴുപ്പ് കൂടുമെന്നതത്രെ സത്യം.

കഷ്ട്ടം!

ചുരുക്കിപ്പറഞ്ഞാൽ ഇത്രയേയൊള്ളു, ഒന്നു തല പൊക്കിനോക്കി, പറ്റിയാൽ ചില വാർത്താ സമ്മേളനങ്ങളൊക്കെ കോപ്പിപേസ്റ്റ്തെറിപ്പെരുന്നാള് കഴിക്കാതെ പേപ്പറും പേനയുമെടുത്ത് കണ്ട്, ഏജൻസി, സ്വാഭിമാനം എന്നീ വിധമുള്ള വാക്കുകളൊക്കെ അർത്ഥസഹിതം ഒന്നെഴുതിപ്പഠിച്ചാൽ, ഈ നാടിൻ്റെ പുഴുപ്പു മണത്തിനല്പം കുറവുവന്നേനെ.

പിന്നെ, ലീഗല്ലേ, മുസ്ലിം സമുദായമല്ലെങ്കിലുമിങ്ങനെയല്ലേ, എന്നൊക്കെ വരട്ടു ചൊറിയിൽ സുഖം കൊണ്ടിരിക്കുന്നവരും പ്രത്യേകമൊന്നു നോക്കിയാൽ നന്ന്… നിങ്ങളൊരു തിളങ്ങുന്ന പുരോഗമനത്തലപ്പാവെടുത്തണിഞ്ഞിട്ടുണ്ടെന്നേയൊള്ളു. കഴുത്തിന് താഴെ നഗ്നമാണ്…

LEAVE A REPLY

Please enter your comment!
Please enter your name here