കർണ്ണാടകയിലെ വിവിധ കോളേജുകളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള മാനേജ്‌മെന്റുകളുടെ പെട്ടെന്നുള്ള നടപടി വലിയ ആശങ്കകൾ ഉയർത്തുകയും ഹിജാബ് ധരിച്ചല്ലാതെ ക്ലാസിലിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ വിദ്യാർത്ഥിനികൾ കലാലയങ്ങൾക്ക് പുറത്താക്കപ്പെടുകയും ചെയ്തു. 2021 ഡിസംബറിലാണ് ചില കോളേജുകളുടെ മാനേജ്‌മെന്റ് ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞുകൊണ്ട് തീരുമാനമെടുക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഉഡുപ്പി പി യു കോളേജിലെ കോളേജ് വികസന സമിതിയാണ് ശിരോവസ്ത്രം തടയണമെന്ന നിർദ്ദേശം മാനേജ്‌മെന്റിന് നൽകുന്നത്. ബി ജെ പിയുടെ സ്ഥലം എം എൽ എ കൂടി ഉൾപ്പെട്ട സമിതിയായിരുന്നു ഇത്. 2022 ഫെബ്രുവരി ആകുമ്പോഴേക്കും വിഷയം ദേശീയ തലത്തിൽ ശ്രദ്ധനേടി. അപ്പോഴേക്കും ഉഡുപ്പി ജില്ലയിലെ വിവിധ കോളേജുകളിലേക്ക് ഈ വിഷയം പടർന്നിരുന്നു. വർഷാദ്യത്തിൽ കോളേജുകൾ പുറത്തിറക്കുന്ന റൂൾ ബുക്കിൽ ശിരോ വസ്ത്രത്തിന് അനുമതി കാണുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് പെട്ടെന്നൊരു നിരോധനം എന്ന ചോദ്യമാണ് വിദ്യാർത്ഥിനികൾ ആദ്യം ഉയർത്തിയത്.

പരീക്ഷകൾ അടുത്തിരിക്കെ വിദ്യാർത്ഥിനികൾ കലാലയങ്ങളുടെ പുറത്തു നിൽക്കേണ്ട സാഹചര്യം വന്നത് വിദ്യഭ്യാസം എന്ന അവകാശത്തെ എങ്ങനെയാണ് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന ആശങ്കാജനകമായ ചോദ്യം ഉയർത്തുന്നുണ്ട്. തലമറച്ച തുണി അഴിച്ചുമാറ്റിയാൽ ക്യാമ്പസിനകത്ത് പ്രവേശിക്കാമെന്ന് പറയുന്ന പ്രധാനാദ്ധ്യാപകരുടെയും സഹപ്രവർത്തകരുടെയും ദൃശ്യങ്ങൾ കർണ്ണാടകയിൽ നടക്കുന്ന ഹിജാബ് വിരോധത്തിന് പിന്നിലുണ്ടായേക്കാവുന്ന സമ്മർദ്ദത്തെ സൂചിപ്പിക്കുന്നതായിരുന്നു. വര്ഷങ്ങളായി തലമറച്ചെത്തുന്ന വിദ്യാർഥിനികൾക്ക് പഠിക്കാൻ സൗകര്യമുള്ള കോളേജുകളിൽ പെട്ടെന്ന് ഹിജാബ് നിരോധനം ഉണ്ടാകുന്നത് അങ്ങനെയൊരു സൂചനയെ ദൃഢപ്പെടുത്തി.

അതോടെ ഒരേ അളവും രൂപവുമുള്ള കാവി ഷാളുകൾ അണിഞ്ഞെത്തി സംഘപരിവാർ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം തുടങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ കാവി തലപ്പാവുകളും ഭാഗവ പതാകകളും കലാലയങ്ങൾ കയറി. ശിരോവസ്ത്രം ധരിച്ചെത്തുന്ന വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്താനും കൈയ്യേറ്റ ശ്രമത്തിനും അവർ മുതിർന്നു. അങ്ങനെ ജയ് ശ്രീരാം വിളികളും ബഹളവുമായി കൂട്ടം കൂടി നിന്ന ഹിന്ദുത്വ വാദികളായ ഒരുകൂട്ടം വിദ്യാർഥികൾ കോളേജിൽ അസൈൻമെന്റ് വെക്കാൻ വന്ന മുസ്കാൻ എന്ന വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്തു. അവൾ ഒറ്റക്കായിരുന്നിട്ടും തെല്ലും ഭയക്കാതെ നിലയുറപ്പിച്ചു. ജയ് ശ്രീരാം വിളികൾ അവൾക്ക് ചുറ്റും ആക്രോശിക്കപ്പെട്ടപ്പോൾ അവൾ അള്ളാഹു അക്ബർ എന്നുറക്കെ വിളിച്ചു തുടങ്ങി. അവളുടെ അദ്ധ്യാപകർ അവിടെയെത്തിയില്ലായിരുന്നെങ്കിൽ അവളെ ആ ഭ്രാന്തമായ ആൺകൂട്ടം എന്തുചെയ്യുമായിരുന്നു എന്നത് ഓർക്കുമ്പോൾ ഭീതി നിറക്കുന്ന ഒരു കാഴ്ചയായി മാറുന്നു. എന്നിട്ടും മുസ്കാൻറെ അള്ളാഹു അക്ബറും ഭ്രാന്തമായ വിധം രോഷാകുലരായ, ആദ്യം പ്രകോപനം സൃഷ്‌ടിച്ച ആൺകൂട്ടത്തിന്റെ ജയ് ശ്രീരാം വിളികളും ഒരുപോലെ അപലപിച്ചുകൊണ്ട് ചിലർ രംഗത്തുവന്നത് നമ്മുടെ പൊതുബോധം രാജ്യത്താകമാനം ഭീതി വിതച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെ എങ്ങനെ നോർമലൈസ് ചെയ്യുന്നു എന്നതിന്റെ നേരിയ പ്രതിഫലനമാണെന്ന് പറയാതെ വയ്യ.

യൂണിഫോമിന്റെ കൂടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ കലാലയ അധികൃതർ തടയുന്നു.

ശിരോവസ്ത്രത്തിന് വേണ്ടിയുള്ള പെൺകുട്ടികളുടെ പോരാട്ടം കോടതി കയറുന്നതും അതിനിടക്കാണ്. അപ്പോഴേക്കും പെൺകുട്ടികൾ യൂണിഫോമിനെതിരാണ് എന്ന പ്രചരണങ്ങൾ ശക്തമായി. എന്നാൽ യൂണിഫോം ധരിക്കുന്നതിന് ആരും എതിരല്ലെന്നും തങ്ങളുടെ തല മറക്കാനുള്ള അവകാശമാണ് ചോദിക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു. ഇന്ത്യ ടുഡേയുടെ ചാനൽ ചർച്ചക്കിടെ കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിനോട് ഹിജാബിന് വേണ്ടി കോടതിയെ സമീപിച്ച ഹസാര എന്ന പെൺകുട്ടി ഇത് കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്. “ഞങ്ങൾ തല മറക്കാനുള്ള അവകാശം മാത്രമാണ് ചോദിക്കുന്നത്. ഞങ്ങൾ പതിവുപോലെ യൂണിഫോം ധരിക്കാൻ തയ്യാറാണ്. ആരാണ് ഞങ്ങൾ യൂണിഫോം ധരിക്കാൻ കൂട്ടാക്കുന്നില്ല എന്ന് പറഞ്ഞത്. ഞങ്ങൾ തല മറച്ച് പഠിച്ചാൽ എന്താണ് സാർ? ഞങ്ങൾ തട്ടം കൊണ്ട് മുടിയാണ് മറക്കുന്നത്, തലച്ചോറല്ല. ഞങ്ങൾ തട്ടമിട്ട് പഠിച്ചാൽ ഞങ്ങൾക്ക് പഠിക്കാൻ പറ്റില്ലെന്നാണോ നിങ്ങൾ കരുതുന്നത്. ഞങ്ങൾക്ക് എല്ലാം മനസ്സിലാകും.” 

യൂണിഫോം ധരിക്കാൻ കൂട്ടാക്കാതെ പർദ്ദയും നിഖാബും ബുർഖയും ഒക്കെ ധരിച്ചു വരാനുള്ള അവകാശത്തിന് വേണ്ടിയാണ് പെൺകുട്ടികൾ സമരം ചെയ്യുന്നതെന്ന് ചാനൽ ചർച്ചകളിലടക്കം ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ കലാലയത്തിലേക്ക് വരുമ്പോഴും തിരിച്ചു വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ പോകുമ്പോഴും പർദ്ദ ധരിച്ചെത്തുന്ന കുട്ടികൾ പെൺകുട്ടികൾക്കുള്ള കോമ്മൺ റൂമിൽ വെച്ച് യൂണിഫോം ധരിച്ചു ശിരോവസ്ത്രവുമിട്ടാണ് ക്‌ളാസിലിരിക്കുന്നത്. മിക്കവരും ക്യാമ്പസിനകത്തേക്ക് കയറുമ്പോൾ തന്നെ പർദ്ദ അഴിച്ചുമാറ്റി യൂനിഫോം ധരിച്ചാണ് എത്തുന്നത്. ശിരോവസ്ത്രം യൂണിഫോമിന് വിരുദ്ധമാണെന്ന വികാരം ഇത്രയും കാലത്തിനിടക്ക് ഇല്ലായിരുന്നല്ലോ എന്നാണ് വിദ്യാർത്ഥിനികൾ ചോദിക്കുന്നത്.

ഹിജാബ് മുസ്ലിം സ്ത്രീകളുടെ ദൈനംദിന വസ്ത്ര സംസ്കാരത്തിന്റെ ഭാഗമാവുകയും അത് ധരിക്കണമെന്ന് വിശ്വസിച്ചു തിരഞ്ഞെടുക്കുന്നവർക്ക് അത് ധരിക്കാനുമുള്ള അവകാശം ഇന്ത്യയുടെ ഭരണഘടന പ്രധാനം ചെയ്യുന്നതാണ്. ഒഴിച്ചുകൂടാനാവാത്ത മതാചാരം എന്ന നിലക്ക് ഭരണഘടനയുടെ പരിരക്ഷയാകട്ടെ ഇരട്ടിക്കുകയും ചെയ്യുന്നു. എന്നിട്ടും ഹിജാബ് നിരോധിക്കപ്പെടുകയും അതിനെതിരെ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനികൾ സമരം ചെയ്യുകയും ചെയ്തപ്പോൾ കൃത്യമായി ആസൂത്രണം ചെയ്ത ഒരു പ്രതിഷേധമാണ് ഹിന്ദുത്വ സംഘടനകൾ നടത്തിയത്. സ്‌കൂളിലേക്ക് വരുന്ന ഹിന്ദു പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും കാവി നിറത്തിലുള്ള ഷാളും തലപ്പാവും വിതരണം ചെയ്തു. ഇങ്ങനെ വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് വ്യാപകമായി പുറത്തുവന്നിരുന്നു. മാത്രവുമല്ല മത രാഷ്ട്രീയ മുദ്രാവാക്യങ്ങളോടെ റാലിയായി കലാലയങ്ങളിലേക്ക് അവർ വരാൻ തുടങ്ങി. മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് പോലെയാണോ ഹിന്ദു പെൺകുട്ടികൾക്ക് കാവി ഷാളും തലപ്പാവും? അതവരുടെ ഒഴിച്ചുകൂടാനാവാത്ത മതാചാരത്തിന്റെ ഭാഗമാണോ? ഇനി ധരിക്കാനിഷ്ടമുള്ളതിനാൽ തിരഞ്ഞെടുത്തു എന്നുതന്നെയാണെങ്കിൽ റാലിയായി മുദ്രാവാക്യം വിളിച്ചെത്താനുള്ള നീക്കത്തിനു പിന്നിൽ ദുരുദ്ദേശമല്ലാതെ മറ്റെന്താണ്? അവിടെ യൂണിഫോം സിദ്ധാന്തങ്ങൾ ബാധകമാകാത്തത് എന്തുകൊണ്ടാണ്? ഹിജാബ് ധരിക്കാൻ പെൺകുട്ടികൾ കലാലയ കവാടങ്ങളിൽ സമരം ചെയ്യുമ്പോൾ ഹിജാബ് ധരിക്കാനുള്ള പെൺകുട്ടികളുടെ അവകാശം നിഷേധിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കാവി ഷാൾ സമരങ്ങൾ എന്നത് തന്നെയാണ് രണ്ടിന്റെയും അന്തരം. ദിവസം ചെല്ലുംതോറും കാവി ഷാൾ ധരിച്ചെത്തുന്ന കുട്ടികളുടെ സമരത്തിന്റെ ഭാവവും മാറി തുടങ്ങി. ഭാഗവ പതാകകളും ജയ് ശ്രീരാം വിളികളുമായി അവർ ക്‌ളാസുകളിലേക്ക് ഇരച്ചുകയറി. ഉഡുപ്പി മഹാത്മാ ഗാന്ധി മെമ്മോറിയൽ കോളേജിന്റെ പതാക മരത്തിൽ ഭാഗവ പതാക ഉയർത്തപ്പെട്ടു. പിറ്റേന്ന് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ എസ് യു ഐ ഈ പതാക താഴെയിറക്കി ദേശീയ പതാക ഉയർത്തുകയും ചെയ്തു.

2019ൽ മുംബൈയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ത്രിവർണ്ണ നിറത്തിലുള്ള ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളുടെ പരേഡ് 

രണ്ട് മത വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അപകടകരമായ രീതിയിൽ ദ്രുവീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം വന്നതോടെ ഇതൊരു ക്രമസമാധാന വിഷയമായി പരിണമിച്ചു. ഹിന്ദുത്വ- ഇസ്ലാമിസ്റ്റ്  സംഘടനകൾ ഈ സാഹചര്യം കൂടുതൽ വഷളാക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ  കർണാടകയിൽ മാത്രമല്ല രാജ്യത്തുടനീളം അങ്ങേയറ്റം ഭീഭത്സമായ സംഭവങ്ങൾ അരങ്ങേറും. ഈ ആശങ്ക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കരുതാതെ നിർവ്വാഹമില്ല. അതുകൊണ്ട്തന്നെയാകണം, അന്തിമ വിധി പുറപ്പെടുവിക്കും വരെ ഹിജാബോ കാവി ഷാളോ ധരിച്ച് കലാലയങ്ങളിലേക്ക് വരരുതെന്ന് കോടതി പറഞ്ഞത്. ഹിജാബ് ധരിക്കാൻ വേണ്ടിയുള്ള വിദ്യാർത്ഥികളുടെ സമരം എന്നത് ഹിന്ദുത്വ അജണ്ടകളെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ട് തന്നെ ഹിജാബിനെതിരായ പ്രതിഷേധങ്ങൾ ശക്തിപ്പെടുത്തി ‘ഐക്യത്തിനും അഖണ്ഡതക്കും ക്രമാസമാധാനത്തിനും വിഘാതമാകുന്ന വസ്ത്രങ്ങൾ’ വിലക്കുകയാണ് കർണ്ണാടക ബി ജെ പി സർക്കാർ ചെയ്തത്. പെട്ടെന്നുണ്ടായ കോളേജ് മാനേജ്‌മെന്റുകളുടെ ഹിജാബ് നിരോധനങ്ങൾ എവിടെ നിന്ന് പടച്ചുവിട്ടതാണെന്ന് മനസ്സിലാക്കാൻ വേറെന്ത് വേണം? തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്ത വേളയിൽ  വർഗ്ഗീയ ദ്രുവീകരണം ബി ജെ പിക്ക് ഏറ്റവും നല്ല വഴികൾ തുറക്കുമെന്ന് അവർക്ക് നന്നായി അറിയാം. 

ഹിന്ദുഇതര മതചിഹ്നങ്ങളോട് ബി ജെ പിക്കും ആർ എസ് എസിനും അവരുടെ ധൈര്യത്തിൽ വിലസുന്ന മറ്റു ഹിന്ദുത്വവാദികൾക്കും ഉള്ള അസഹിഷ്ണുത നാൾക്കുനാൾ വർധിച്ചു വരുന്നതാണ് കാഴ്ച. ഇക്കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് രാജ്യവ്യാപകമായി ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങൾ നടന്നു. തെക്കുള്ള കർണ്ണാടകയിലും വടക്കുള്ള ഹരിയാനയിലും നടക്കുന്ന ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങൾക്ക് പലപ്പോഴും ഒരേ പാറ്റേൺ ആണുതാനും. രാജ്യത്തെ ഹിന്ദുത്വ വാദികൾക്കിടയിൽ മൊത്തമായി ഒരു വിദ്വേഷ പ്രചരണം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നു വരുന്നുണ്ട് എന്ന സംശയത്തെ ഇത് ഉറപ്പിക്കുന്നു. മുസ്ലിംകളുടെ അടയാളങ്ങളോട് ഹിന്ദുത്വർക്കുള്ള വെറുപ്പാകട്ടെ ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പോരാത്തതിന് നമ്മുടെ രാജ്യത്ത് മറ്റേത് മതക്കാരനുമുള്ള ഏറ്റവും വലിയ പ്രിവിലേജ് അവർ മുസ്ലിമല്ല എന്നതുതന്നെയാണല്ലോ. മുസ്ലിം പേരുകൾ, ഉറുദു, അറബി തുടങ്ങിയ ഭാഷകൾ, തൊപ്പി, ഹിജാബ്, ബുർഖ തുടങ്ങിയ വേഷങ്ങൾ എന്നിങ്ങനെ മുസ്ലിംകളുമായി ബന്ധിപ്പിക്കാവുന്ന അടയാളങ്ങളെല്ലാം ഭീതിതമായ രീതിയിൽ അപരവത്കരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം അടയാളങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ ഭീകരതയുടെ നിഴലായി വ്യാഖ്യാനിക്കുകയാണ് ഹിന്ദുത്വരും ഒരു പരിധിവരെ അവരുടെ വ്യവഹാരങ്ങൾ മനസ്സിലാക്കാത്ത ലിബറലുകളും. 

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഇവിടുത്തെ മതേതര സങ്കല്പം ഉൾക്കൊള്ളലിൻറെയാണെന്നും നമ്മളെത്ര ആവർത്തിച്ചാലും വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നത് ‘ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുമായി ഉറച്ചു നോക്കിയിട്ടല്ലാതെ ഒരാളുടെയും സ്വാതന്ത്ര്യം നടപ്പിലാവില്ല’ എന്ന വിശാലതയാണ്. ‘വിരുന്നുവന്നവർക്ക് പള്ളി പണിയാൻ സൗകര്യം ചെയ്ത ഹിന്ദു രാജാക്കന്മാരുടെ ഹൃദയവിശാലത’ എന്നാണ് അവരിപ്പോൾ അതിന് പറയുന്നതത്രെ. പ്രാചീന-മധ്യകാല ചരിത്രമൊക്കെ കൂട്ടിയിട്ട് മറിച്ചെഴുതുന്ന പരിപാടി വാട്സാപ്പ് സർവ്വകലാശാലകൾ മുതൽ ശാഖകൾ വരെയാണ് ചെയ്തുവരുന്നതെന്ന സങ്കടകരമായ സത്യം ഇങ്ങനെയുള്ള വ്യാജ വ്യവഹാരങ്ങളെ നിർമ്മിക്കാതെ കടന്നുപോകില്ലല്ലോ. 

ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം എന്നു പറയുന്നത് ഹിജാബ് ധരിക്കാനുള്ള മുസ്ലിം പെൺകുട്ടികളുടെ അവകാശത്തെ നിയമ വ്യവസ്ഥ എങ്ങനെ നോക്കി കാണുന്നു എന്നതാണ്. ഒഴിച്ചുകൂടാനാവാത്ത ഒരു മതാചാരമാണോ തലമറക്കുക എന്നത് തീരുമാനിക്കുന്നത് അത് പ്രാക്ടീസ് ചെയ്യുന്ന മുസ്ലിംകളാവണമല്ലോ. എന്നാൽ പൊതു മധ്യത്തിൽ പ്രത്യേകിച്ചും ചാനൽ ചർച്ചകളിൽ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ് തീർപ്പുണ്ടാക്കുന്നത്. രാഹുൽ ഈശ്വറിനെ പോലുള്ളവർ ഇന്ത്യയുടെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസിന്റെ തലമറക്കാത്ത ചിത്രമൊക്കെയാണ് ഹിജാബ് അനിവാര്യമല്ലെന്ന് തെളിവ് കാണിക്കുന്നത്. കേരള ഗവർണ്ണർ ആരിഫ് മുഹമ്മ്ദ് ഖാനാവട്ടെ, തലമറക്കുന്നത് ഇസ്ലാമിൽ നിർബന്ധമുള്ള കാര്യമൊന്നുമല്ല എന്നാണ് ‘ഫത്‌വ’ കൊടുക്കുന്നത്. ‘പണ്ഡിതനായ ആരിഫ് മുഹമ്മദ് ഖാൻ’ എന്ന രൂപത്തിൽ നിഷ പുരുഷോത്തമനൊക്കെ ഇക്കാര്യം ചർച്ചകളിലേക്ക് എഴുന്നള്ളിക്കുന്നുമുണ്ട്. കോടതിയിലെ ആദ്യ ദിവസത്തെ വാദത്തിൽ തന്നെ ഹരജിക്കാരോട് കോടതി മുറിയിലെ ഖുർആനെടുത്ത് ഹിജാബ് ഒരു അനിവാര്യ ആചാരമാണെന്ന് തെളിയിക്കാൻ നീതിപീഠം ആവശ്യപ്പെട്ടു എന്നാണ് കേൾക്കുന്നത്. ഖുറാനിലെ സൂറത്തു- ന്നൂറിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വാക്യം ഉണ്ടെന്ന വസ്തുത ഇരിക്കെത്തന്നെ ഒരു കാര്യം വ്യക്തമായി നമ്മൾ മനസ്സിലാക്കണം. കോടതി മുതൽ, നിഷയും രാഹുൽ ഈശ്വറും വരെയുള്ള എല്ലാവരും മനസ്സിലാക്കേണ്ട കാര്യം ഇസ്ലാം മതത്തിലെ കർമ്മശാസ്ത്ര വിധികൾ അങ്ങനെ നിസ്സാരമായി തീരുമാനിക്കപ്പെടുന്നതല്ല. ഖുർആൻ മാത്രമോ, ഹദീസ് മാത്രമോ, അല്ലെങ്കിൽ ഇത് രണ്ടും കൂടിയോ അല്ല വിധി വിലക്കുകൾ തീരുമാനിക്കുന്നത്. അതിന് കർമ്മശാസ്ത്രത്തിൽ (ഫിഖ്ഹ്) കൃത്യമായ രീതി ശാസ്ത്രമുണ്ട് (Methodology).  ഖുർആൻ, ഹദീസ് (സുന്നത്ത്) എന്നിവ കൂടാതെ ഇജ്മാഅ, ഖിയാസ് തുടങ്ങിയ സംവിധാങ്ങൾ കൂടി പരിശോധിച്ചാണ് വിധികളുണ്ടാകുന്നത്. ഹിജാബിന്റെ വിഷയത്തിൽ ഈ മാനദണ്ഡങ്ങളെല്ലാം പരിശോധിച്ചാലും അതൊരു അനിവാര്യ മതാചാരമാണെന്ന് വ്യക്തമാകും. 

ഈയൊരു സാഹചര്യത്തിൽ കോടതിയും മറ്റുള്ളവരും ഇനിയും മതമെന്തെന്ന് പറഞ്ഞു തർക്കിക്കുന്നതിന് പകരം ചെയ്യേണ്ടത് ഭരണഘടന എന്തുപറയുന്നു എന്നതു തന്നെയാണ്. അനിവാര്യമായ മതാചാരം എന്ന നിലക്ക് മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 25 നല്കുന്നുണ്ടല്ലോ. ഇത് ഒരു സ്ഥാപനത്തിന്റെ നിയമം റദ്ദ് ചെയ്യുന്നത് തടയുകയല്ലേ കോടതി ചെയ്യേണ്ടത്. സർക്കാരുകൾ ഇത്തരം ദ്രുവീകരണ നിയമങ്ങൾക്ക് ചൂട്ട് പിടിക്കുമ്പോൾ കോടതികളല്ലേ ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും പോകേണ്ടത്? ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ കേരളത്തിലെ ആമിന ബിൻത് ബഷീർ എന്ന ഒരു മുസ്ലിം പെൺകുട്ടി സി ബി എസ് സിയുമായി നിയമ പോരാട്ടം നടത്തിയപ്പോൾ ഹിജാബ് ഒഴിച്ചുകൂടാനാവാത്ത മതാചാരമാണെന്ന കോടതി വിധി ഉണ്ടായ നാടാണല്ലോ ഇത്. പോരാത്തതിന് ഇന്ത്യൻ സൈന്യം പോലെ യൂണിഫോം അടക്കമുള്ള കാര്യങ്ങളിൽ ഏറ്റവും കണിശതയുള്ള ഇടങ്ങളിൽ പോലും സിഖ് തലപ്പാവ് അടക്കം ശരിക്കാനുള്ള സാധ്യതകൾ ഉള്ളിടത്ത് ഒരു സ്‌കൂൾ/ കോളേജ് യൂണിഫോം എങ്ങനെയാണ് മുസ്ലിം പെൺകുട്ടികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ റദ്ദ് ചെയ്യുന്നത്? ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഈയടുത്ത് കേരളത്തിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റിന് ഹിജാബ് ധരിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷം ഭരിക്കുന്ന ആഭ്യന്തര വകുപ്പ് കോടതിയിൽ ഭാഗം പറയുന്ന സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് എന്ന് പറയേണ്ടതുണ്ട്. കർണ്ണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന വിവാദത്തിൽ ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ച കോടതി അക്ഷരാർത്ഥത്തിൽ ചെയ്തത് ഹിജാബ് എന്ന മുസ്ലിം പെണ്കുട്ടികളുടെ അനിവാര്യ മതാചാരത്തെ ഹിന്ദുത്വ വാദികളുടെ കാവി ഷാൾ എന്ന പ്രകോപനത്തോട് സമീകരിക്കുകയായിരുന്നില്ലേ? ഇത് ഗുരുതരമായ ഒരു ഭരണഘടനാ പ്രശ്നമല്ലേ തുറക്കുന്നത്?

A woman holds a placard during a protest in support of female Muslim students of Karnataka over ‘hijab’ issue, in Thane, Sunday, February 13, 2022. Photo: PTI

സിഖ് തലപ്പാവ്, മംഗൾസൂത്ര, ബിന്ദി, കുരിശുമാല, പൂണൂൽ തുടങ്ങിയ മത ചിഹ്നങ്ങൾക്കൊപ്പം ഹിജാബ് കൂടി നമ്മുടെ ഇടയിൽ ഇക്കാലമത്രയും പുലർന്നതുപോലെ തുടരുന്നത് തടയുന്നത് ആർക്ക് എന്ത് മനസ്സുഖം കിട്ടാനാണ്? മനുഷ്യരെ അവരുടെ മതത്തിന്റെയും ജാതിയുടെയും പേരിൽ തരം തിരിച്ച് ഒറ്റപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കുന്ന ആളുകളുടെ ദുഷ്ടലാക്ക് ഇനിയും അനുവദിക്കുന്നത് ഈ രാജ്യത്തെ നരകതുല്യമാക്കുന്നതിന് സമമാണ്. 

ഈ പ്രശ്നങ്ങൾ നടക്കുമ്പോൾ എൻ ഡി ടി വിയിൽ വന്ന ഒരു ചർച്ചക്കിടെ, “ഇന്നലെ വരെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരൊക്കെ പെട്ടെന്ന് ഞങ്ങൾക്ക് എതിരായി മാറിയിരിക്കുന്നു. എന്താണ് ഇവിടെ എല്ലാവര്ക്കും സംഭവിക്കുന്നത്” എന്ന് കണ്ണീർ വാർക്കുന്ന മുസ്ലിം പെൺകുട്ടികൾ ഈ രാജ്യത്തിൻറെ വർത്തമാനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതേമയം, ഉഡുപ്പി മഹാത്മാ ഗാന്ധി മെമ്മോറിയൽ കോളേജിലെ സംഹിത ഷെട്ടി എന്ന ഹിന്ദു വിദ്യാർത്ഥിനി തന്റെ മുസ്ലിം കൂട്ടുകാരികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തിന്റെ കൂടെയാണ് എന്ന് പ്രഖ്യാപിക്കുന്നതും കാണാം. ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ സംഹിത പറയുന്നുണ്ട്: “എന്റെ ഹിജാബ് ധരിക്കുന്ന കൂട്ടുകാരി കരയുന്നത് കണ്ട് സങ്കടമായി. എന്നും ഞങ്ങൾ ഒരുമിച്ചാണ് ക്യാമ്പസിലേക്ക് വരുന്നതും പോകുന്നതും. ഇപ്പോൾ അവൾ പറയുന്നു, അവളുടെ കൂടെ നടന്നാൽ അത് എന്നെയും ബാധിക്കുമെന്ന്. പക്ഷെ, ഞാൻ അവളോട് പി[പറഞ്ഞു. എന്തുതന്നെ വന്നാലും ഞാൻ നിന്റെ കൂടെയുണ്ടാവും. നീ നിന്റെ അവകാശമാണ് ചോദിക്കുന്നത്.” ഇതൊരു പ്രതീക്ഷയാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതയുടെ ചുഴുകളിൽ പെട്ട്പോകാത്തവരുണ്ട് നമുക്കും കുറെ. അവരിലാണ് പ്രതീക്ഷ. അവരാണ് ഈ രാജ്യം കൊതിക്കുന്ന പുലരി.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here