ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടയിൽ 2020 ഒക്ടോബറിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് വലിയ വാർത്തയായിരിക്കുകയാണ്.

രാജ്യവ്യാപകമായി വർഗീയ കലാപം നടത്തുവാനുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നും, സിദ്ദിഖ് കാപ്പനെതിരെ സാക്ഷി പറഞ്ഞ മലയാളിയായ മറ്റൊരു മാധ്യമപ്രവർത്തകന് നേരെ വധഭീഷണി ഉണ്ടെന്നുമുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ സത്യവാങ്മൂലത്തെ അവഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി രണ്ടുവർഷത്തിനുശേഷം സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മുഖ്യധാരാ മാധ്യമങ്ങളും, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കുറ്റകരമായ മൗനം അവലംബിച്ചപ്പോഴും തളരാതെ പോരാടിയ സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദിഖിൻ്റെ നിരന്തരമായ പോരാട്ടവീര്യത്തിന്റെ ഫലമാണ് ഈ നീതി എന്ന് പരാമർശിക്കാതെ വയ്യ.

“മൂന്ന് മക്കളുടെ കളിചിരികൾ ഇല്ലാതാക്കിയ ഭരണ കൂടമേ, എന്താണ് ഇത് കൊണ്ട് കിട്ടുന്ന ലാഭം? മതവും ജാതിയും, സംസ്ഥാനവും രാജ്യവും നോക്കാതെ നമുക്ക് സ്നേഹിച്ചു കൂടെ? എല്ലവരെയും കൂട്ടിപ്പിടിച്ചു ഐക്യത്തോടെ ജീവിച്ചു കൂടെ?” എന്ന റെയ്ഹാനയുടെ വാക്കുകൾ നിസ്സഹായമായ നിലവിളിയല്ല മറിച്ച് യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള ഉറച്ച ശബ്ദമാണ്.

വർത്തമാന ഇന്ത്യയിൽ ഒരു വ്യക്തിക്കുമേൽ ആരോപിക്കാൻ കഴിയുന്ന എല്ലാവിധ ആരോപണങ്ങളും  രേഖപ്പെടുത്തിയിട്ടുള്ള  5000 പേജുള്ള കുറ്റപത്രമാണ് ഉത്തർപ്രദേശ് പോലീസ് സിദ്ദിഖ് കാപ്പനെതിരെ കോടതിയിൽ സമർപ്പിച്ചത് എന്നത് നാം ശ്രദ്ധിക്കാതെ കടന്നു പോകരുത്. തീവ്രവാദബന്ധം,നിരോധിത സംഘടനയായ സിമിയുമായുള്ള ബന്ധം, പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം എന്നിവ മാത്രമായിരുന്നില്ല പ്രസ്തുത കുറ്റപത്രത്തിലെ പരാമർശങ്ങൾ കാപ്പന്റെ ലേഖനങ്ങൾ പ്രകോപനപരമാണെന്നും ഇതിനു തെളിവായി മലയാളത്തിലെഴുതിയ മുപ്പതിൽപരം ലേഖനങ്ങളെക്കുറിച്ചും വിശദമായ പരാമർശവും 5000 പേജുകളുള്ള പ്രസ്തുത കുറ്റപത്രത്തിൽ ഉൾച്ചേർത്തിരുന്നു.

 20 വർഷത്തോളമായി മലയാള മനോരമയുടെ ഡൽഹി കറസ്പോണ്ടൻ്റായിരുന്ന ബിനു വിജയനെന്ന മലയാളി മാധ്യമപ്രവർത്തകൻ്റെ മൊഴിയും കുറ്റപത്രത്തിൻ്റെ ഭാഗമാണ്. 2020 ഡിസംബർ 30ന് ബിനു വിജയൽ നൽകിയ പ്രസ്തുത മൊഴിയാണ് സിദ്ദിഖ് കാപ്പനുമേൽ ഉത്തർപ്രദേശ് പോലീസ് ചുമത്തിയിരിക്കുന്ന വിവിധ കുറ്റങ്ങൾക്ക് അടിസ്ഥാനം എന്നത് കോടതിരേഖകളിൽ നിന്നു തന്നെ വ്യക്തമാണ്.  ബിനു വിജയന്റെ ഈ മൊഴി തന്നെയാണ് സിദ്ദിഖ് കാപ്പനെതിരെ ഉത്തർപ്രദേശ് പോലീസ് എഴുതിയുണ്ടാക്കിയിരിക്കുന്ന സുദീർഘമായ കുറ്റപത്രത്തിൽ അടിസ്ഥാനവും.

വിചാരണ പോലും ആരംഭിക്കാതെ രണ്ടു വർഷത്തോളമായി സിദ്ദീഖ് കാപ്പനെ അന്യായമായി തടവിലിട്ട ഭരണകൂടത്തിന്റെ പ്രവർത്തികളെ വിമർശിക്കുമ്പോൾ ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലുള്ള യുഎപിഎ നിയമത്തിന്റെ പിൻബലത്തിൽ അരങ്ങേറുന്ന മറ്റ് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം.

 ഉത്തർപ്രദേശിലെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രസക്തമാകുന്നതും ഈ ഘട്ടത്തിലാണ്. മാധ്യമപ്രവർത്തകരുടെ അവകാശങ്ങളെ പൂർണ്ണമായും അവഗണിക്കുകയും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്ന ഭരണകൂടത്തിനു കീഴിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ശവപ്പറമ്പായി ഉത്തർപ്രദേശ് മാറിക്കഴിഞ്ഞു എന്നത് നിസംശയം വസ്തുതകളെ മുൻനിർത്തി സ്ഥാപിക്കുവാൻ കഴിയും. ഇതേ ഘട്ടത്തിൽ തന്നെയാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ തുടർന്നുവന്ന കുറ്റകരമായ മൗനവും, കാപ്പനെ തീവ്രവാദിയായി ചിത്രീകരിക്കുവാൻ മത്സരിച്ച മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ വിശ്വാസ്യതയും ശക്തമായി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടത്.

സുപ്രിയ ശർമ്മ, ആശിഷ് തോമർ, ഷക്കീൽ അഹമ്മദ്, ലഖാൻ സിംഗ്, ആമിർ ഖാൻ, മൊയിൻ അഹ്മദ്, രവീന്ദ്ര സക്‌സേന, വിജയ് വിനീത്, മനീഷ് മിശ്ര, ആസാദ് റിസ്‌വി എന്നീ മാധ്യമപ്രവർത്തകരുടെ  പേരുകൾ കൂടി ചേർത്തു വായിച്ചുവെങ്കിൽ മാത്രമേ മുകളിൽ സൂചിപ്പിച്ച പ്രസ്താവനയുടെ രാഷ്ട്രീയം മനസ്സിലാവുകയുള്ളൂ.  സമകാലിക ഇന്ത്യയുടെ മറ്റൊരു മുഖമാണ് ഉത്തർപ്രദേശ് എന്ന് പറഞ്ഞുവെച്ചാൽ നിലവിൽ അതൊരു അനൗചിത്യപരമായ  പ്രസ്താവനയായി മാറുകയില്ലെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here