മനുഷ്യന്റെ ദൈനംദിന വ്യവഹാരങ്ങളിൽ മാറ്റിനിർത്താൻ കഴിയാത്ത ഒന്നായി സോഷ്യൽ മീഡിയ മാറിയിട്ട് ഏറെക്കാലമായി. അടുക്കള മുതൽ അന്താരാഷ്ട്രം വരെ ചർച്ച ചെയ്യപ്പെടുന്ന ഒരു പാരലൽ ലോകമായി ഇന്നത് പരിണമിച്ചു. പരിമിതികളില്ലാത്ത അറിവനുഭവങ്ങളുടെ മഹാസാധ്യത നിലനിർത്തുമ്പോഴും ഇത്തരം പ്ലാറ്റ്ഫോമുകളെ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും കേന്ദ്രമാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. പുറന്തള്ളപ്പെടുന്ന നുണകളുടെ അസഹ്യമായ ദുർഗന്ധത്തിൽ ജനാധിപത്യ വിശ്വാസികൾ ശ്വാസം മുട്ടിപ്പിടയുകയാണ്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരുപറ്റം എംബിബിഎസ് വിദ്യാർത്ഥികൾ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ തങ്ങളുടെ തലയും കൈയും മറയുന്ന തരത്തിലുള്ള ലോങ് സ്ലീവ് സ്ക്രബ് ജാക്കറ്റുകളും സർജിക്കൽ ഹൂഡ്സും അനുവദിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രിൻസിപ്പലിന് അപേക്ഷ സമർപ്പിക്കുന്നത്. ഒരു പൗരന് തന്റെ മതസ്വത്വം പ്രദർശിപ്പിക്കാൻ സ്വാതന്ത്ര്യം നൽകുന്ന ജനാധിപത്യ സ്പേസിൽ നിന്ന് നോക്കുമ്പോൾ തികച്ചും ന്യായമായ ആവശ്യമാണ് അവർ ഉന്നയിക്കുന്നത് എന്ന് മനസ്സിലാക്കാം. എന്നാൽ ഓപ്പറേഷൻ തിയേറ്ററിലെ പ്രത്യേക സുരക്ഷയും മുൻകരുതലുകളും നിർദ്ദേശിക്കപ്പെട്ട മാനദണ്ഡങ്ങളും മുൻനിർത്തി ഇത് പ്രായോഗികമാണോ എന്ന് തീരുമാനിക്കേണ്ടത് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ്. നിരവധി രാജ്യങ്ങളിൽ വിദ്യാർത്ഥികൾ പരാമർശിച്ച തരത്തിലുള്ള വസ്ത്രങ്ങൾ ഹോസ്പിറ്റലുകളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും നമ്മുടെ രാജ്യം ആരോഗ്യ മേഖലയിൽ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധിയിൽ എങ്ങനെയാണ് പരിഹാരം കാണുക എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.

എന്നാൽ, നമ്മിലെ ജനാധിപത്യ ബോധ്യങ്ങളെ ആശങ്കപ്പെടുത്തുന്നത് ഇതൊന്നുമല്ല. വിദ്യാർത്ഥികൾ സ്ഥാപന മേധാവിയുമായി നടത്തിയ ആരോഗ്യകരമായ ആശയവിനിമയം എങ്ങനെയാണ് വിദ്വേഷ പ്രചാരകർക്ക് എടുത്ത് പ്രയോഗിക്കാൻ വിധത്തിൽ ചോർന്നു കിട്ടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ് ജെ മോറിസിന് വിദ്യാർത്ഥികൾ നൽകിയ കത്ത് തൊട്ടടുത്ത ദിവസം തന്നെ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് വാളിൽ വർഗീയ പരാമർശത്തോടുകൂടെ പ്രത്യക്ഷപ്പെടുന്നു, മിനിറ്റുകൾക്കുള്ളിൽ സമാന സംഘപരിവാർ ആശയം പേറുന്ന പ്രൊഫൈലുകൾ അതേറ്റെടുക്കുന്നു. പ്രസ്തുത അപേക്ഷയുടെ ഫോട്ടോയോടൊപ്പം മതസ്പർദ്ധ പരത്തുന്ന വാക്കുകൾ കൂട്ടിക്കെട്ടി നിരവധി വിഷസർപ്പങ്ങൾ രാജ്യത്തിന്റെ മതേതര സങ്കല്പങ്ങൾക്കു മുകളിൽ ഫണം വിടർത്തിയാടി. മലയാളികളെക്കാളുപരി ഉത്തരേന്ത്യൻ പ്രൊഫൈലുകൾ ഇതൊരു ആഘോഷമാക്കി. ദേശീയ ചാനലുകൾ ചൂടേറിയ അന്തിചർച്ചകൾക്ക് വിഷയം കണ്ടെത്തി. മുസ്ലിം പ്രീണനത്തിന്റെ പ്രതിഫലനമായി കേരളം അഫ്ഗാനും പാക്കിസ്ഥാനുമായി മാറുന്നുവെന്ന ചാനൽ സ്റ്റുഡിയോകളിലെ പതിവ് നിലവിളി പ്രകടനവും നടത്താൻ ആരും മറന്നില്ല.

A woman holds a placard during a protest in support of female Muslim students of Karnataka over ‘hijab’ issue, in Thane, Sunday, February 13, 2022. Photo: PTI

നിഷ്പക്ഷ മതേതര വേഷമണിഞ്ഞവർ പോലും സങ്കുചിതമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി. കർണാടകയിലെ ഹിജാബ് വിവാദ കാലയളവിൽ ഉയർന്നു കേട്ട ജനാധിപത്യവിരുദ്ധ സന്ദേശങ്ങൾ പതിവ് നിഷ്കളങ്കതയിൽ തന്നെ വീണ്ടും വിളമ്പി. മതം അനുഷ്ഠിക്കുന്നവർ എന്തിന് വിദ്യാലയങ്ങളിൽ പോകണം എന്ന അതേ ചോദ്യം ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അന്തരീക്ഷത്തിൽ മുഴങ്ങി. ആവശ്യപ്പെട്ടത് ലോങ് സ്ലീവ് സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹൂഡ്സും ആണെങ്കിലും ഈ വാർത്ത രേഖപ്പെടുത്തിയ ഓൺലൈൻ പോർട്ടലുകളിലും ചർച്ചകളിലും നിറഞ്ഞുനിന്നത് കണ്ണ് മാത്രം പുറത്തേക്ക് കാണുന്ന നിഖാബ് ഇട്ട മുസ്ലിം സ്ത്രീയായിരുന്നു. ഇന്ന് ഹിജാബ് ചോദിച്ചവർ നാളെ നിസ്കരിക്കാനുള്ള ഇടവും ആവശ്യപ്പെടുമെന്നും അടുത്തദിവസം അതിനെ മസ്ജിദാക്കി പരിവർത്തിപ്പിക്കുമെന്നും പ്രചരണം നടത്തുന്നവർക്ക് ലക്ഷ്യം എളുപ്പമാക്കി കൊടുക്കുന്ന തിരക്കിലാണ് മാധ്യമങ്ങൾ. അപരവൽക്കരണത്തിന്റെയും സങ്കുചിത താല്പര്യങ്ങളുടെയും സംഘപരിവാർ തിരക്കഥയിൽ നിരവധി കേരളാ സ്റ്റോറികൾ മാധ്യമങ്ങളുടെയും ഭരണകൂടത്തിന്റെയും പിന്തുണയോടെ അണിയറയിൽ തയ്യാറാകുന്നുണ്ട് എന്ന വസ്തുതയിലേക്കാണ് ഈ വിവാദങ്ങൾ വിരൽചൂണ്ടുന്നത്.

പക്ഷേ, ജനാധിപത്യവും പുരോഗമനവും പറഞ്ഞു അധികാരത്തിലേറിയ ഒരു ഭരണകൂടം നിലവിലുള്ള സംസ്ഥാനത്ത് ഇതൊക്കെ സംഭവിക്കുന്നത് എത്ര ആക്ഷേപകരമാണ്. മുഖമുള്ള വെരിഫൈഡ് പ്രൊഫൈലുകളിൽ നിന്ന് തന്നെ ഇതര മതസ്ഥരെ ആക്ഷേപിക്കുന്നതും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതുമായ പോസ്റ്റുകളും കമന്റുകളും നിരന്തരം സംഭവിക്കുന്നത് ഇതിനെതിരെ ഒരു നടപടിയും കൈക്കൊള്ളാൻ നിയമപാലകർ തയ്യാറാവില്ല എന്ന ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്. ഈ സാമൂഹ്യ വിരുദ്ധർക്കെതിരെ ആരെങ്കിലും പരാതിപ്പെട്ടാൽ കേസെടുക്കാതിരിക്കാനും സമ്മർദ്ദങ്ങൾക്കൊടുവിൽ കേസ് രജിസ്റ്റർ ചെയ്താൽ അറസ്റ്റ് ചെയ്യാതിരിക്കാനും പ്രത്യേകം പരിശീലനം കിട്ടിയതുപോലെയാണ് കുറച്ചുകാലമായി കേരളാ പോലീസിന്റെ പെരുമാറ്റം. എന്നാൽ ഇതിന് വിരുദ്ധമായി അമൽജ്യോതി കോളേജ് വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വർഗീയ കമന്റിട്ട അബ്ദുൽ ജലീൽ താഴേപ്പാലം എന്ന വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശേഷം, ഈ പേരിൽ ഒരു വ്യക്തി ഇല്ല എന്നും ലുക്കൗട്ട് നോട്ടീസിൽ പ്രദർശിപ്പിച്ചിട്ടുള്ള ഫോട്ടോ മുഹമ്മദ് താരീഖ് മജീദ് എന്ന പാക്കിസ്ഥാൻ സ്വദേശിയുടേതാണെന്നും വ്യക്തമാകുന്നു.

കുറ്റകൃത്യങ്ങൾക്ക് നടപടികൾ സ്വീകരിക്കുന്നതിൽ പുലർത്തുന്ന പക്ഷപാതിത്വം മാത്രമല്ല ഗുരുതരമായ പിഴവ് കൂടിയാണ് ഈ വിഷയത്തിൽ പോലീസ് സംവിധാനത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുള്ളത്. നാളെ എന്റെയോ നിങ്ങളുടെയോ ലഭ്യമായ ചിത്രങ്ങളിൽ ഒന്നെടുത്ത് ഇതുപോലെ ഒരു വ്യാജ അക്കൗണ്ടും നിർമ്മിച്ച് സമാനമായ പോസ്റ്റുകളോ കമന്റുകളോ ചെയ്താൽ ഒന്നന്വേഷിക്കുക പോലും ചെയ്യാതെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കില്ലേ. സാങ്കേതിക മേഖലയിൽ ന്യൂതന സംവിധാനങ്ങൾ ലഭ്യമായിരിക്കേ പരിശീലനം ലഭിക്കാത്ത ഒരു സാധാരണക്കാരന് പോലും പ്രാപ്യമാകുന്ന വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്ത നിയമപാലക വൃന്ദം അമ്പേ പരാജയമെന്ന് സമ്മതിക്കാതെ വയ്യ. നിഷ്ക്രിയമായ ആഭ്യന്തര വകുപ്പും നിരർത്ഥകമായ പോലീസ് ഡിപ്പാർട്ട്മെന്റും ഇവ്വിധം തുടരുകയാണെങ്കിൽ ജീവിതം അസഹ്യമായിത്തീരുന്ന വിദ്വേഷങ്ങളുടെ ഒരു കൂമ്പാരമായി ഈ നാട് മാറും എന്നതിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here