ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച ബിൽ പഠിക്കാൻ നിർദേശിക്കപ്പെട്ട പാർലമെന്ററി സ്ഥിരം സമിതി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. സമിതിയിലെ ഏക മലയാളി അംഗം ടി എൻ പ്രതാപൻ എം പി പ്രസ്തുത സമിതിക്ക് മുൻപാകെ കർമ്മപരിപാടികളുടെ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു.

വിവാഹപ്രായം ഉയർത്തുന്നത് സ്ത്രീകളുടെ നാനോന്മുഖമായ പുരോഗതിക്ക് ഉപകരിക്കും എന്ന് പ്രത്യാശിക്കുമ്പോഴും അടിസ്ഥാനപരമായി പുരുഷാധിപത്യ സമൂഹമായ നമ്മുടെ ചിന്താഗതികൾ മാറാതെ ഉദ്ദേശിച്ച ഫലം കാണില്ലെന്ന് പ്രതാപൻ ചൂണ്ടിക്കാട്ടി. ശൈശവ വിവാഹങ്ങൾ നിരോധിച്ചു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇത്തരം വിവാഹങ്ങൾക്ക് യാതൊരു കുറവുമില്ല. രാജ്യത്ത് നടക്കുന്ന 23% വിവാഹങ്ങളും ശൈശവ വിവാഹമാണെന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്.

രാജ്യത്ത് ലിംഗ അസമത്വം വളരെയധികം ദൃശ്യമാണ്. കൂടാതെ വിവിധ മേഖലകളിൽ അവസരങ്ങൾ പുരുഷനിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, കരിയർ തുടങ്ങിയ കാര്യങ്ങൾ ത്യജിച്ചുകൊണ്ടാണ് പല സ്ത്രീകളും വിവാഹിതരാകുന്നത്. അതുകൊണ്ടുതന്നെ വിവാഹപ്രായം ഉയർത്തുന്നത് ഒരുപക്ഷെ ഗുണകരമാകും. എന്നാൽ തിരക്കുപിടിച്ച ഒരു നിയമനിർമ്മാണം വിപരീതഫലം ചെയ്തേക്കുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

2021 ഡിസംബറിൽ നടന്ന ശൈത്യകാല സമ്മേളനത്തിലാണ് ശിശു-വനിതാ ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ശൈശവ വിവാഹ നിരോധന ഭേദഗതി ബിൽ അവതരിപ്പിച്ചത്. ബിൽ അവതരണത്തിന് ഒരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട ബിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിഷയങ്ങൾ പഠിക്കുന്ന പാർലമെന്ററി സ്ഥിരം സമിതിക്ക് തുടരാലോചനകൾക്കായി അയക്കുകയായിരുന്നു.

പാർലമെന്റിന്റെ ഇരുസഭകളിലെയും വനിതാ എം പിമാരുടെ യോഗം വിളിച്ചുചേർത്ത് അവരുടെ അഭിപ്രായങ്ങൾ കേൾക്കണമെന്ന് പ്രതാപൻ നിർദ്ദേശിച്ചു. വനിതാ എം പിമാർക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടാക്കാമെന്ന് സമിതി അധ്യക്ഷൻ വിനയ് സഹസ്രബുദ്ധെ മറുപടി നൽകി.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമ-നഗര വ്യത്യസമില്ലാതെ സമിതി സന്ദർശനം നടത്തണം. കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും അവരുടെ രക്ഷിതാക്കളെയും കണ്ട് സംസാരിക്കണം. വിവിധ വനിതാ ആക്ടിവിസ്റ്റുകൾ,  സംഘടനകൾ, ഈ മേഖലകളിൽ ഗവേഷണം നടത്തുന്നവർ, സ്ത്രീ ശാക്തീകരണത്തിന് മുന്നിൽ നിൽക്കുന്ന എൻ ജി ഓകൾ തുടങ്ങിയവരുമായും ആശയവിനിമയം വേണം. മത-സാമുദായിക സംഘടനകൾ, ബില്ലിനെ എതിർക്കുന്ന രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ വനിതാ പ്രതിനിധികൾ തുടങ്ങിയവരുമായും കൂടിയാലോചനകൾ വേണമെന്ന് പ്രതാപൻ നിർദേശിച്ചു. ഈ നിർദ്ദേശങ്ങൾ സമിതി അംഗീകരിച്ചു.

എന്നാൽ മൂന്ന് മാസത്തിനകം പാർലമെന്റിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ടെന്ന് ചെയർമാൻ പറഞ്ഞു. ഇത്ര തിടുക്കപ്പെട്ട് ചെയ്യേണ്ട വിഷയമല്ലെന്നും കുറച്ചുകൂടി സമയം ഇതിനായി മാറ്റിവെക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here