ഒടുവിൽ അമ്പലക്കുളത്തിൽ കുളി കഴിഞ്ഞു. ചന്ദനക്കുറിയും പൂണൂലും അണിഞ്ഞു. കല്ലിൽ കൊത്തിവച്ച വിഗ്രഹങ്ങളായി നാം എഴുതുന്ന നമ്മുടെ മലയാളത്തിലെ അമ്പത്തൊന്നക്ഷരങ്ങളെയും ഏകപക്ഷീയമായി  ഹിന്ദുത്വം സ്വീകരിപ്പിച്ചു തിരുവനന്തപുരം വെങ്ങാനൂർ ക്ഷേതത്തിനുള്ളിൽ ഉപാസനാമൂർത്തികളായി കുടിയിരുത്തി.!!! ഇന്നത്തെ സാഹചര്യത്തിൽ വിസ്മയിക്കാൻ തക്കവണ്ണം ഒന്നുമില്ലെങ്കിൽ പോലും വളരെ ഞെട്ടലോടെയാണ് ഈ വാർത്ത അറിയുന്നത്.
ശില്പ ഗ്രാമമായി അറിയപ്പെടുന്ന മൈലാടിയിൽ നിന്ന് 51 അക്ഷരങ്ങളുടെ ദേവത സങ്കല്പരൂപങ്ങൾ ബാലരാമപുരം വെങ്ങാനൂർ ചാവടിനട പൗര്ണമിക്കാവ് ക്ഷേത്രത്തിൽ എത്തിച്ചിരിക്കുകയാണ് പ്രതിഷ്ഠ നടത്താൻ. അടുത്ത വർഷം ജനുവരി 14 ന് പ്രതിഷ്ഠ നടക്കുമെന്നാണ് കേൾക്കുന്നത്

മതത്തിന്റെയും വർണ്ണത്തി ന്റെയും പേരിൽ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്ന സംഘപരിവാറിന്റെ ക്രൂരമായ  ഗൂഢതന്ത്രങ്ങളും ഗോമൂത്രം കുടിക്കുന്നപോലെയും ചാണകം പൂജിക്കുന്നപോലെയുമുള്ള വിവരംകേട്ട ചില ഉത്തരേന്ത്യൻ സംസ്കാരങ്ങളും  ഇതിനു പിന്നിൽ ഇല്ല എന്ന് സംശയിക്കാതിരിക്കാൻ മാത്രം വിഡ്ഢികൾ അല്ലാത്തവരും കേരളത്തിലുണ്ട്.

തട്ടമിട്ടവരും തൊപ്പി വച്ചവരും കൊന്തയണിഞ്ഞവരും ചന്ദനക്കുറി ചാർത്തിയവരും ഒരുപോലെ ഉരുവിടുന്നതും  എഴുതുന്നതുമാണ് ഈ അമ്പത്തൊന്നക്ഷരങ്ങൾ. ആ അക്ഷരമാല ഒരു മതത്തിനും തീറെഴുതി കൊടുത്തിട്ടുമില്ല, അങ്ങനെ കൊടുക്കാൻ കഴിയുകയുമില്ല, ഒരിയ്ക്കലും.

അപ്പോഴും, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് സമൂഹത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ സാമൂഹ്യ പരിഷ്കർത്താവ് ശ്രീനാരായണ ഗുരു 1921 ൽ വളരെ  സദുദ്ദേശപരമായി നടത്തിയ ആ അക്ഷര  പ്രതിഷ്‌ഠയെ ഓർക്കുകയാണ്. മൃഗീയമായ അനാചാരങ്ങൾ നടത്തിയിരുന്ന അന്നത്തെ ക്ഷേത്രാങ്കണങ്ങളിൽ ഹിന്ദുക്കളിൽ തന്നെ ഒരു വിഭാഗത്തിന് ക്ഷേത്രപ്രവേശനം നിഷിദ്ധമാക്കപെട്ടിരുന്നു.

ക്രൂരതയുടെ ഈ ചിത്രങ്ങൾ തുടച്ചുമാറ്റുന്നതിനു വേണ്ടിക്കൂടിയായിരുന്നു ശ്രീനാരായണ ഗുരു, മുരുക്കുമ്പുഴയിലെ ശ്രീകാളകണ്ഠശ്വര ക്ഷേത്രത്തിൽ അക്ഷര പ്രതിഷ്‌ഠ നടത്തിയത്. പഞ്ചലോഹത്തിൽ വൃത്താകൃതിയിൽ നിർമ്മിച്ച പ്രഭയിൽ ഓം എന്നെഴുതിയതായിരുന്നു ആ പ്രതിഷ്‌ഠ. കൂടാതെ അതിനു ചുറ്റിലും സത്യം ,ധർമ്മം, ദയ, ശാന്തി എന്നുമെഴുതിയിരുന്നു.

 മനുഷ്യപുരോഗതിയ്ക്ക് അറിവാണ് ആയുധം എന്ന് പഠിപ്പിച്ച ആ മഹത്ഗുരു അവിടെ നിലനിന്നിരുന്ന അനാചാരങ്ങൾ തുടച്ചു മാറ്റുകയും  സ്വയം പ്രഖ്യാപിത സവർണ്ണർ അയിത്തം കല്പിച്ചിരുന്ന ഹരിജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം നൽകുകയും ചെയ്തു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ ആശയം മനുഷ്യ സമൂഹ നന്മയ്ക്ക് സംഭാവന നൽകിയ ഗുരുവിനെ പോലും ഒരു ജാതി വ്യവസ്ഥയുടെ സ്വന്തമാക്കി അതിന്റെ പേരിൽ സംഘടനയുണ്ടാക്കി മതിലുകൾ കെട്ടി നടക്കുകയാണ് ഒരുകൂട്ടം.

ഏക ദൈവം  എന്ന മഹനീയ സങ്കൽപ്പം നൽകിയിടത്തിന്നു മുപ്പത്തി മുക്കോട് ദൈവങ്ങളുടെ മുന്നിലാണ് നാം ജീവിക്കുന്നത്. വിശ്വാസങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതൊക്കെയും സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാൽ ആ വിശ്വാസത്തിന്റെ യും സംസ്കാരത്തിന്റെയും മറവിൽ അന്ധവിശ്വാസങ്ങൾ വളർത്തുകയും ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ മനുഷ്യരെ തരംതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അംഗീകരിക്കുന്നതെങ്ങനെയാണ്?

ഇവിടെയാണ് ഞാൻ നേരത്തെ സൂചിപ്പിച്ച ബിജെപി സംഘപരിവാർ ഗൂഢതന്ത്രം സംശയിക്കപ്പെടുന്നത്. ശ്രീനാരായണ ഗുരുവിന്റെ അക്ഷര പ്രതിഷ്‌ഠ യിൽ നിന്നും  നൂറു വർഷങ്ങൾക്കിപ്പുറം വെങ്ങാനൂരിലെ അക്ഷരങ്ങളുടെ തന്നെ  പ്രതിഷ്ഠയിലേക്കുള്ള പരിണാമമാണ് സംഘപരിവാറിന്റെ സവർണ്ണ സാംസ്കാരിക പദ്ധതി.

ഓരോ ചുവടും നാം കരുതിയിരിക്കണം. നടന്നു പോകുന്ന കാൽച്ചുവട്ടിലെ പച്ചമണ്ണിനെ പോലും മതവൽക്കരിക്കുന്ന ദുഷിച്ച ഗന്ധം പടരുന്ന കാലം പതിയിരിക്കുന്നു. പുസ്തകാലയങ്ങളിലെ അക്ഷരങ്ങൾ ഇറങ്ങി ചെല്ലേണ്ടത് ആരാധനാലയങ്ങളിലേക്കല്ല, പകരം മനുഷ്യ മനസുകളിലേക്കും അവന്റെ ബൗദ്ധികമണ്ഡലത്തിലേക്കുമാണ്. അക്ഷരങ്ങൾ തന്നെ മസ്തിഷ്കങ്ങളെ മരവിപ്പിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുന്നത് ഗൗരവതരമാണ്.

വിദ്യാലയങ്ങളിൽ പെൻസിൽ മുനയാൽ കുരുന്നു ഹൃദയങ്ങൾ  അക്ഷരങ്ങൾ കുറിക്കുമ്പോൾ, ഒരാൾക്ക് ഇതെന്റെ ദൈവമാണെന്ന് അവകാശപ്പെടാം. അപ്പോൾ മറ്റൊരാൾക്ക് അങ്ങനെയല്ലെന്ന് വാദിക്കാം.

ആ എതിർപ്പുകളുടെ സ്വരവിന്യാസം വിദ്യാലയത്തിന്റെ പടിക്കെട്ടുകൾ കടന്ന് വീടിനുള്ളിലും എത്താം. അതിന്റെ ശക്തമായ അലയൊലികൾ തെരുവിലേക്ക് നീളാം. അതുമതിയല്ലോ… അതാണല്ലോ നിഗൂഢമായ ലക്ഷ്യങ്ങളും അജണ്ടകളും. മനുഷ്യർ ശ്വാസം കിട്ടാതെ മരിക്കുന്ന കാലത്ത് ശതകോടികൾ ചിലവിട്ട് സെൻട്രൽ വിസ്റ്റായും പ്രതിമകളും ക്ഷേത്രങ്ങളും പണിയുന്ന കാലത്ത് പ്രതിഷ്ഠകളും അതിന്റെ പേരിൽ കലാപങ്ങളും എളുപ്പമല്ലേ.

ജനാധിപത്യ മതേതര മനോഹാരിത കാത്തു സൂക്ഷിക്കേണ്ട ഒരു രാഷ്ട്രത്തിൽ എങ്ങനെയാണ് ഈ അക്ഷരങ്ങളെ ഹിന്ദുവാക്കാൻ കഴിഞ്ഞത്  എന്ന് നാം ഓരോ മനുഷ്യനും ചിന്തിച്ചേ മതിയാകൂ.  അക്ഷരങ്ങളുടെ ദേവതയായി സരസ്വതീദേവി പൂജിക്കപ്പെടുന്നുണ്ട്. ഇനിയും ഈ അമ്പത്തൊന്നക്ഷരങ്ങളും ചില്ലുകളും ചിഹ്നങ്ങളും കുത്തും കോമയും വിസർഗ്ഗവും എല്ലാം ഹിന്ദുത്വം സ്വീകരിച്ചു അമ്പലങ്ങളുടെ സ്വച്ഛ ശാന്ത സുഖ ശീതളിമയിൽ ദൈവങ്ങളായി കുടിയിരുത്തപ്പെടുന്നത് എന്തിനാണ്?

അല്ലെങ്കിലും മലയാളം പോലെ ഒരു ഭാഷ എങ്ങനെയാണ് ഹിന്ദു മതത്തിലേക്ക് ചേർക്കപ്പെടുന്നത്? കേരളത്തിൽ പ്രാചീനകാലം മുതൽക്കേ വന്നിട്ടുള്ള ഭാഷാ സംസ്കാരങ്ങളിൽ നിന്നെല്ലാം കടംകൊണ്ട ഭാഷയാണ് മലയാളം. അതിൽ അറബി, പോർച്ചുഗീസ്, പേർഷ്യൻ, തമിഴ്, സംസ്കൃതം എന്നുതുടങ്ങി ഏറിയും കുറഞ്ഞും പല ഭാഷകളിൽ നിന്നുള്ള പദങ്ങളുണ്ട്. എഴുത്തച്ഛൻ മലയാള ഭാഷ ചിട്ടപ്പെടുത്തിയെന്ന് പറയുന്നതിന് മുന്നേ അറബി മലയാളത്തിൽ എഴുതപ്പെട്ട മലയാള കാവ്യമുണ്ടായിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ സംസ്കാരത്തിന്റെയോ അക്കൗണ്ടിലേക്ക് ചേർക്കപ്പെടാൻ കഴിയുന്ന ഭാഷയല്ല മലയാളം.

എന്നാൽ കേരളത്തനിമ, മലയാളിത്തം തുടങ്ങിയ ലേബലിൽ നമ്മൾ കൊണ്ടാടുന്ന പലതും ഇന്നാട്ടിലെ സവർണ്ണ സംസ്കാരത്തിന്റെ അടയാളങ്ങളല്ലേ? കഴിഞ്ഞ ദിവസം മെഡിക്കൽ ബിരുദ ദാന ചടങ്ങിൽ കേരളത്തിന്റെ തനത് വസ്ത്ര സംസ്കാരം എന്ന നിലക്ക് ആഘോഷിച്ച വസ്ത്രങ്ങൾ ഒരു ഉദാഹരണം മാത്രം. ഇതുപോലെ ഭാരത സംസ്കാരം, കേരള സംസ്കാരം എന്നുപറഞ്ഞ് ഹിന്ദു ആചാരങ്ങളോ സവർണ്ണ സമ്പ്രദായങ്ങളോ ആണ് ഇന്നാട്ടിൽ നടപ്പിലാക്കുന്ന ഏറിയ വിഷയങ്ങളും.

സംസ്കൃത ഭാഷയും ഹിന്ദി ഭാഷയും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ വ്യവഹാരത്തിന്റെ ഉപകരണങ്ങളാക്കുന്ന സംഘപരിവാർ താല്പര്യം നമ്മുടെ നാട്ടിൽ സുവ്യക്തമായ കാര്യമാണല്ലോ. അതുപോലെ മലയാള ഭാഷയെ കൂടി തങ്ങളുടെ കുത്തകയാക്കാനുള്ള ശ്രമം ചെറുക്കേണ്ടതുണ്ട്.

അതേസമയം, അല്ലാഹു അക്ബറോ, ഹാലേലൂയയോ, ഓം നമശിവായയോ  മന്ത്രം ഏതുമാകട്ടെ മനുഷ്യൻ ഒന്നാണെന്നറിയുവാനുള്ള മനുഷ്യത്വം നമ്മുടെ ബോധത്തിൽ ഉണ്ടായാൽ മതി. കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും  ജാതിയും മതവും ചികയുന്ന ഒരു ബിജെപി സംഘപരിവാർ ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കേണ്ടത് ഒരനിവാര്യതയാണ്. എന്നിട്ടും എങ്ങനെയാണ് എന്നോ ഇനിയുമെന്നാണ് നാം തുടങ്ങുക എന്നോ ചിന്തിച്ചിരിപ്പാണ് പൊതുബോധം. അല്ലെങ്കിൽ നമ്മുടെ ഈ നിശബ്ദമായ കാത്തിരിപ്പിന് കുടൽമാല ചിതറിത്തെറിച്ചൊഴുകുന്ന ചോരയുടെ ഗന്ധം അനുഭവിക്കേണ്ടി വരാം;
നമുക്ക് ഓരോരുത്തർക്കും.

LEAVE A REPLY

Please enter your comment!
Please enter your name here