സുപ്രധാനമായ തെരഞ്ഞെടുപ്പ് കാലമാണ് ഇന്ത്യയിൽ. ദേശീയ രാഷ്ട്രീയത്തിൻ്റെ ഗതി നിയന്ത്രിക്കാൻ തക്ക ശേഷിയുള്ള അഞ്ചു സംസ്ഥാനങ്ങളിൽ ജനവിധി നടന്ന് കൊണ്ടിരിക്കുന്നു. യുപിയും പഞ്ചാബുമടങ്ങുന്ന ഉത്തരേന്ത്യൻ ജനാധിപത്യ പരീക്ഷണ ശാലകളിൽ തകൃതിയായ തയ്യാറെടുപ്പുകൾ തുടരവെയാണ് തെക്കേ ഭാഗത്ത് നിന്നും ചില മുറവിളികൾ ഉയർന്നു തുടങ്ങിയത്. തല മറച്ചു വന്നാൽ വിദ്യാലയങ്ങൾക്ക് പടിക്ക് പുറത്തെന്ന പുതിയ സമവാക്യങ്ങൾ ബിജെപി അധികാരത്തിലിരിക്കുന്ന കർണാടക ഒരു മടിയുമില്ലാതെ പറഞ്ഞുകൊണ്ടേയിരുന്നു. സരസ്വതി ക്ഷേത്രങ്ങളായി പൂജിക്കപ്പെടുന്ന വിദ്യാ കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന പുതിയ ‘ബേഠി പഠാവോ’ മുദ്രാവാക്യങ്ങൾ അങ്ങേയറ്റം വർഗീയമായി മാറുന്നത് ജനാധിപത്യ സമൂഹം നിസ്സഹായരായി നോക്കി നിൽക്കുന്നു.
കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ആർട്സ് കോളേജിലാണ് ഹിജാബ് ധരിച്ചതിൻ്റെ പേരിൽ ആറ് മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് പ്രവേശനം വിലക്കിയത്. കടുത്ത മൗലികാവകാശ ലംഘനത്തിൻ്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇഷ്ടമുള്ള വസ്ത്രധാരണ രീതി പിന്തുടരാൻ അവകാശമുള്ള ജനാധിപത്യ രാജ്യത്ത് ഇതെന്താണിങ്ങനെ എന്നൊക്കെ ചോദ്യമുയർന്നു. വീണ്ടും കുന്തപുരയിലെ ഒരു സ്കൂളിലും മറ്റൊരു കോളേജിലും സമാന സംഭവം ആവർത്തിച്ചു. ഒരു ദയയും കൂടാതെ അറിവിനായി കേഴുന്ന വിദ്യാർത്ഥിനികളെ പുറത്താക്കി വാതിലടക്കുന്ന പ്രധാനാധ്യാപകനെ ലോകം കണ്ടു. വിദ്യാർത്ഥികളുടെ അവകാശങ്ങളിൽ ഇടപെടുന്ന തരത്തിലുള്ള കർശനമായ ഡ്രസ് കോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്താമോ എന്ന തർക്കം സംസ്ഥാനത്തെ മറ്റ് കോളേജുകളിലേക്ക് വ്യാപിക്കുകയും ചെയ്തു. എന്നാൽ അപ്പോഴൊക്കെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടില്ലേയെന്നുമുള്ള നിയമപരമായ ചോദ്യങ്ങൾ രാജ്യം മുഴുവൻ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിയമത്തെ ശല്യം ചെയ്യുന്ന തുണിത്തരങ്ങൾ നിരോധിച്ച് സംസ്ഥാന സർക്കാറിൻ്റെ പുതിയ ഉത്തരവും പ്രത്യക്ഷപ്പെട്ടു.

കേവലമൊരു ഒറ്റപ്പെട്ട വർഗ്ഗീയ സംഭവമെന്ന് വിലയിരുത്തേണ്ട വാർത്തയിൽ നിന്നും കൃത്യമായ മുസ്‌ലിം വിരുദ്ധ വംശീയത പ്രചരിപ്പിക്കാൻ വിദ്യാർത്ഥികളെ പോലും ആയുധമാക്കുന്ന ഹിന്ദുത്വയുടെ ആസൂത്രിത കർമപദ്ധതിയിലേക്കുള്ള ഈ ചുവടു വെപ്പിൽ അധ്യാപകരും വിദ്യാഭ്യാസവും ശത്രുവിൻ്റെ സ്ഥാനം ഏറ്റെടുക്കുന്നു എന്നത് എത്രമാത്രം അപകടകരമാണ്. വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ നീതിപീഠത്തിൻ്റെ സഹായം തേടിയ വിദ്യാർത്ഥികളോട് വസ്ത്രധാരണം കേന്ദ്രമാക്കി അഭിസംബോധന ചെയ്യുന്ന കോടതി എന്തുതരം അവകാശ ബോധമാണ് പൗരനിൽ സൃഷ്ടിക്കുന്നത്. തല മറച്ചതിൻ്റെ പേരിൽ വിദ്യാഭ്യാസം തടയാൻ നിങ്ങൾക്ക് എന്തധികാരം എന്ന് ചോദിക്കേണ്ടിടത്ത്, തല മറക്കൽ ഒരു നിർബന്ധിത മത ബാധ്യതയാണോ എന്ന് തിരിച്ചു ചോദിക്കുന്ന കോടതി, നിരീക്ഷണമെന്ന മട്ടിൽ കാവി ശാളടക്കമുള്ള മുഴുവൻ മത ചിഹ്നങ്ങളും സ്കൂൾ പരിസരങ്ങളിൽ കർശനമായി നിയന്ത്രിക്കുമെന്നും കൂട്ടിച്ചേർത്തു.
ഈ രാജ്യത്തിനൊരു ജീവിക്കുന്ന ഭരണഘടനയുണ്ട്. ആ ഭരണഘടനയെ അനുസരിക്കുന്ന പൗരന്മാർക്ക് അവരുടെ സ്വകാര്യത സൂക്ഷിക്കാനും സ്വതന്ത്ര ആവിഷ്കാരങ്ങൾക്കും അവകാശമുണ്ട്. അത് ഇന്ത്യൻ പൗരനായിരിക്കുക എന്ന മൗലികതയോട് ചേർന്ന് വരുന്ന അവകാശമാണ്. മറ്റൊരാളുടെ തുല്യ അവകാശങ്ങളെ ഹനിക്കാത്ത കാലത്തോളം എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം, എന്ത് വിശ്വസിക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. ഇന്ത്യ നിലനിൽക്കുന്ന ഇത്തരം അടിസ്ഥാന തത്വങ്ങളിൽ എവിടെയും ഒരു സാധ്യതയും കാണാത്ത വസ്ത്ര ധാരണ രീതിയുടെ പേരിലുള്ള വിദ്യാഭ്യാസ നിഷേധം ഒരു വിഭാഗം ഒന്നടങ്കം ആഘോഷിക്കുന്നു എന്നതു തന്നെ ഭരണഘടനയ്ക്ക് അംഗീകാരം നൽകാത്ത ജനവിഭാഗം ഇന്ത്യയിൽ അപകടകരമാം വിധം വ്യാപിച്ചുകൊണ്ടിരിക്കുന്നു എന്ന് ജനാധിപത്യ വിശ്വാസികളെ നിരന്തരം ഓർമ്മപ്പെടുത്തുന്നുണ്ട്.
കോടതി മാത്രമല്ല, വിരലിൽ എണ്ണാവുന്ന മാധ്യമങ്ങളെ മാറ്റി നിർത്തിയാൽ പ്രത്യക്ഷപ്പെട്ട ഒട്ടുമിക്ക ചർച്ചകളും കേന്ദ്രീകരിച്ചത് കർണാടകയിലെ ജനാധിപത്യ വിരുദ്ധതയെ പ്രതി ആയിരുന്നില്ല. മറിച്ച് തല മറക്കുന്നതിനെ കുറിച്ചും മത ചിഹ്നങ്ങൾ പരസ്യപ്പെടുത്തുന്നതിലൂടെ മതേതരത്വത്തിന് എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചുമൊക്കെയായിരുന്നു. ബജ്റംഗ്ദൾ സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പ്രതിഷേധത്തിൻ്റെ പേരിൽ ധരിച്ചു വരാൻ കാവി ശാൾ വിതരണം ചെയ്തതിൻ്റെ പച്ചയായ തെളിവുകൾ പുറത്തു വന്നിട്ടും ഉയർത്തിക്കാണിക്കാൻ ആരും താല്പര്യം പ്രകടിപ്പിച്ചില്ല. സംഘ് സ്വാധീനത്തെ വെളിപ്പെടുത്തി ജനാധിപത്യ ഇന്ത്യയുടെ പക്ഷം നിൽക്കാതെ, അക്രമികളുടെ മുന്നിൽ ധീരതയോടെ ചെറുത്തു നിന്നതിൻ്റെ പേരിൽ പെൺകുട്ടികളുടെ പിറകിൽ ഇസ്ലാമിസ്റ്റ് സംഘടനകളുടെ പിന്തുണയുണ്ടോ എന്ന് ചികയാൻ കാണിക്കുന്ന ധൃതിയും ആവേശവും ഭരണഘടന വിഭാവനം ചെയ്യുന്ന പൗര ബോധത്തെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. മന്ത്രി പോലും ടെലിവിഷൻ ചർച്ചയിൽ വന്നിരുന്ന് പരസ്യമായി “വിദ്യാർത്ഥികൾക്ക് എങ്ങനെ നേരിട്ട് കോടതിയിൽ പോകാൻ ധൈര്യം വന്നു?” എന്ന് ചോദിച്ച് മറുപടിക്ക് കാത്തു നിൽക്കാതെ ഇറങ്ങിപ്പോകുന്നത് പൊതുജനം കണ്ടു. ജനാധിപത്യ വശങ്ങളുള്ള ചർച്ചകളെ മുഴുവൻ മത കേന്ദ്രീകൃത വ്യാഖ്യാനങ്ങൾ നൽകി വളച്ചൊടിക്കുകയും സാധ്യമാകാതെ വരുമ്പോൾ അസഹിഷ്ണുതയുടെ പരകോടിയിൽ ആക്രോഷിക്കുകയും ചെയ്യുന്ന പ്രത്യേകതരം പ്രതിഭാസമാണ് ഈയിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴേക്കും വോട്ട് സമാഹരണത്തിന് ഉപയുക്തമായ കഥാ നിർമ്മാണങ്ങൾക്ക് സഹായിക്കുന്ന, വർഗ്ഗീയത കേന്ദ്ര പങ്കു വഹിക്കുന്ന, നുണപ്രചരണങ്ങൾക്കും ചേരിതിരിവിനും ആക്കം കൂട്ടുന്ന സംഭവ വികാസങ്ങൾ സൃഷ്ടിക്കൽ ഫാഷിസ സർക്കാറിൻ്റെ പതിവായി മാറിക്കഴിഞ്ഞു.
ആഗോള തലത്തിൽ തന്നെ വലതുപക്ഷ സ്വാധീനം ഭ്രൽസിച്ച രാഷ്ട്രീയ ബന്ധങ്ങളെ മറികടന്ന് മലാല യുസുഫ് സായ് അടക്കമുള്ള വിദ്യാഭ്യാസ അവകാശ പ്രവർത്തകരും മാധ്യമങ്ങളും ഇന്ത്യയിൽ നടക്കുന്ന മുസ്‌ലിം വിരുദ്ധ പ്രവണതയായി ഹിജാബ് വിരുദ്ധ വർഗീയ സംഭവങ്ങളെ വിലയിരുത്തുകയും അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തു. വിവാദത്തിൻ്റെ ഓരോ ഘട്ടങ്ങളിലും ഇന്ത്യയെ നിരീക്ഷിക്കുന്നവർക്കിടയിലെ അഭിപ്രായങ്ങളുടെ ഏകതാനത ആശാവഹമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ പ്രതീക്ഷകൾ നില നിൽക്കണം എന്നു തന്നെ സർവ്വരും ആഗ്രഹിക്കുന്നു.

ഖേദകരമെന്നോണം ഹിജാബ് ധരിച്ചതിൻ്റെ പേരിൽ മൗലികാവകാശം നിഷേധിക്കപ്പെട്ട കുട്ടികളുടെ അനുഭവങ്ങൾക്കൊപ്പം നിൽക്കാനും അവരുടെ ചോദനകളെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുലോം കുറവായി നിലനിൽക്കുന്നു. അവരുടെ വീക്ഷണങ്ങൾക്ക് ചെവി കൊടുക്കാതെ കണ്ണുംപൂട്ടി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ കളിപ്പാവകൾ എന്നൊക്കെ അച്ചടിച്ചു വിടുന്നത് തൽപര കക്ഷികൾക്ക് ഉത്തേജനം കൊടുക്കാനാണ് എന്നതിൽ സംശയമില്ല. പ്രതികരിക്കാൻ അവസരം കിട്ടുമ്പോഴെല്ലാം തങ്ങൾ വിദ്യാഭ്യാസത്തോട് പ്രതിബദ്ധതയുള്ളവരാണെന്നും ഭരണഘടനയിലും രാജ്യത്തിൻ്റെ നീതി ന്യായ വ്യവസ്ഥയിലും എല്ലാ പ്രതീക്ഷകളും അർപ്പിച്ചവരാണെന്നും അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഭരണഘടനക്ക് വിലകൽപിക്കാത്തവർ നടത്തുന്ന സംഘടിത, ആസൂത്രിത നീക്കങ്ങൾ വേട്ടയാടിയ അത്തരം ശബ്ദങ്ങൾക്ക് കുറച്ചു കാലമായി ദൃശ്യത നഷ്ടപ്പെട്ടു വരികയാണല്ലോ.
മുസ്‌ലിം വസ്ത്രത്തെ ചൊല്ലിയുള്ള തർക്കം വ്യാപിപ്പിക്കാൻ ഹിജാബിനെ ഇന്ത്യക്കെതിരെയുള്ള ആയുധമായി ചിത്രീകരിക്കാനും പ്രതിഷേധങ്ങൾക്ക് പിന്നിൽ അദൃശ്യ കരങ്ങളുണ്ട് എന്നെല്ലാം പ്രചരിപ്പിക്കാനും കൂട്ടു നിൽക്കുന്ന അപ്രഖ്യാപിത ബുദ്ധിജീവികൾ യഥാർത്ഥത്തിൽ ഇന്ത്യക്കെതിരെ ആയുധമെടുക്കുന്നവരെ സഹായിക്കുകയാണ്. രാജ്യത്തിൻ്റെ വാർത്താ അജണ്ടയായി വാദിക്കുന്നവർ പോലും അതിനേക്കാൾ വലിയ ഹിംസക്കാണ് കൂട്ടുനിൽക്കുന്നത്. തെരഞ്ഞെടുപ്പ് നേരിടുന്ന അഞ്ചു സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന വൈകാരിക സന്ദർഭങ്ങളെ വോട്ടാക്കാൻ വെറുപ്പുൽപാദനം നടത്തുന്ന തൽപര കക്ഷികൾക്ക് ഊർജ്ജം കൊടുക്കുകയാണ്.
കാലങ്ങളായി നിലനിൽക്കുന്ന സാമൂഹ്യ ചിത്രങ്ങൾക്കെതിരെ പൊടുന്നനെയൊരു അസഹിഷ്ണുത എങ്ങനെ ഉയർന്നു വന്നു എന്നതാണ് ചോദ്യം. സ്കൂളിൻ്റെ മുറ്റത്തെ കൊടിമരത്തിൽ നിന്നും ദേശീയ പതാക വലിച്ചൂരി കാവിക്കൊടി കെട്ടുകയും കൂടി നിന്ന് ജയ് ശ്രീ രാം വിളിച്ച് ആക്രോശിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾ ഭാവിയുടെ ഏത് വാഗ്ദത്ത പൗരന്മാരായി വളരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഹിജാബ് മാത്രമല്ല, അത് അംഗീകരിക്കുന്നവരും സംഘപരിവാറിൻ്റെ മുന്നിൽ പ്രശ്നക്കാരാണ്. എല്ലാവരെയും അണച്ചു ചേർക്കുന്ന ഭരണഘടനയും അവർക്ക് പ്രശ്നമാണ്. ഹിജാബല്ല പ്രശ്നം, ഭരണഘടനയാണ്.