ഇന്ത്യയിലെ ഇസ്ലാമിൻ്റെ പ്രവേശനത്തെ കുറിച്ച് രണ്ട് രീതികളാണ് ചരിത്രകാരന്മാർ വിശദീകരിക്കാറുള്ളത്. ദക്ഷിണേന്ത്യയിലെ കേരളത്തിലെയും തിഴ്നാട്ടിലെയും കടൽ തീരങ്ങളിൽ വണിക്കുകളായി വന്ന അറബികളുമായി ഈ നാട്ടുകാർക്ക് അഭേദ്യ ബന്ധമുണ്ടായിരുന്നു എന്നും അവരിലൂടെ പ്രവാചകൻ്റെ കാലത്തു തന്നെ ഇസ്ലാം ഇന്ത്യയിലെത്തി എന്നും ആരാധനാലയങ്ങളും ആത്മീയ വഴികളും സ്ഥാപിച്ച് പണ്ഡിതന്മാർ വഴി അതങ്ങനെ വ്യാപിച്ചു എന്നുമാണ് ആദ്യത്തെ രീതി.

പിൽക്കാലത്ത് കരമാർഗ്ഗം ഖിലാഫത്തിൻ്റെ നേതാക്കൾ അയച്ച ദൂതർ ഉത്തരേന്ത്യയിലേക്ക് വന്നുവെന്നും രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുകയും രാജഭരണം മുസ്‌ലിം വംശങ്ങളിലേക്ക് മാറിയതോടെ അവർ ഒരുക്കി കൊടുത്ത ഭൂമിയിലെ സൂഫി അഭയകേന്ദ്രങ്ങൾ വഴി ഇസ്ലാം വളർന്നു എന്നുമാണ് രണ്ടാമത്തെ രീതി. യാത്രക്കാരിൽ നിന്നും കച്ചവടക്കാരിൽ നിന്നും കേട്ടറിയുന്ന ഇസ്ലാം എന്ന ജീവിത വ്യവസ്ഥയെ മറ്റേതൊരു അതിഥിയേയും പോലെ തന്നെ ഇന്ത്യയുടെ ബഹുസ്വര ഭൂമി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അതിൽ ജാതി വിവേചനവും അയിത്തവും സതി പോലുള്ള ദുരാചാരങ്ങളും മൂലം വിശ്വാസം ഏൽപിക്കുന്ന പ്രഹരങ്ങളിൽ മടുത്തവർ വിമോചനം നേടാനുള്ള ഇടമായി ഇസ്ലാം ആശ്ലേഷിച്ചവർ പോലുമുണ്ട്.

ഗോറി, തുഗ്ലക്, മുഗൾ രാജാക്കന്മാർ നിർമ്മിതികളിലൂടെയും രാജബന്ധങ്ങളിലൂടെയും ഇന്ത്യയെ അടയാളപ്പെടുത്തിയ അതേ കാലഘട്ടത്തിൽ തന്നെ ഇവിടെ ഇന്ത്യൻ മുസ്‌ലിം സ്വത്വവും പലവിധത്തിൽ രൂപപ്പെട്ടു വന്നിരുന്നു. ബ്രിട്ടീഷുകാർ അധികാരം വിട്ട് തിരിച്ചു പോകുന്ന 1947ൽ ലോകത്ത് ഏറ്റവും കൂടുതൽ മുസ്‌ലിംകൾ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. വിഭജനാനന്തരം മുസ്ലിം ജനസംഖ്യയിൽ പാകിസ്ഥാനും പിറകിൽ മൂന്നാം സ്ഥാനത്തായി. പിന്നീട് ബംഗ്ലാദേശ് രൂപീകരണം കൂടി സംഭവിച്ചതോടെ ഇന്തോനേഷ്യക്ക് പിറകിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യൻ മുസ്‌ലിമിൻ്റെ വ്യാപ്തി അത്ര ചെറുതല്ലാത്ത വിധം ചരിത്രത്തോട് ചേർന്നു നിൽക്കുന്നുവെന്ന് വ്യക്തമാക്കാൻ ചരിത്ര വസ്തുതകൾ ഒന്നുകൂടി ഇഴകീറി പരിശോധിച്ചാൽ മതി.

നൂറ്റാണ്ടുകൾ നീളുന്ന ചരിത്രത്തിൻ്റെ ഇട്ടാവട്ടങ്ങളിൽ അങ്ങിങ്ങായി രാജാക്കന്മാരും അല്ലാത്തവരും നിർമ്മിച്ച ആരാധനാലയങ്ങളും ശവകുടീരങ്ങളും മറ്റു ആകർഷകമായ നിർമ്മിതികളും ചേരുന്നതാണ് ഇന്ത്യയുടെ മുഖം. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ മുതൽ സഞ്ചാരികളുടെ ഇഷ്ടയിടങ്ങളായി ഇന്ത്യ അടയാളപ്പെടുത്തിയ ഓരോ ഇടങ്ങളും അതേ ഇട്ടാവട്ടങ്ങളിൽ തന്നെ പിറവിയെടുത്തതാണ്. ഇവയുടെയെല്ലാം ഭൂവുടമയെയും ആദ്യകാല ചരിത്രവും തിരഞ്ഞ് അന്നത്തെ മണ്ണിനടിയിൽ കൂടുതൽ പരതാൻ തുനിഞ്ഞാൽ സർക്കാരിൻ്റെയും നീതിപീഠത്തിൻ്റെയും വ്യവഹാരങ്ങൾ നിലക്കില്ല എന്നു ബോധ്യപ്പെട്ട ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് നിലവിലുള്ള ഓരോന്നിനും രേഖാപരമായി അവകാശം അനുവദിച്ചു കൊടുക്കുകയാണ് ചെയ്തത്. അന്നും അയോധ്യയിൽ മുഗൾ ചക്രവർത്തിയായ ബാബർ നിർമ്മിച്ച ബാബരി മസ്ജിദ് എന്നറിയപ്പെടുന്ന പള്ളി നിലവിലുണ്ടായിരുന്നു.

ഇതുപോലൊരു ഡിസംബർ ആറിന് ആയുധമേന്തി വന്ന കർസേവകർ പകൽ വെളിച്ചത്തിൽ തന്നെ മാധ്യമങ്ങളും നിയമപാലകരും നോക്കി നിൽക്കെ ആ പള്ളി തകർത്തു.1992ൽ അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന കെആർ നാരായണൻ പറഞ്ഞ പോലെ “ഇന്ത്യയുടെ ചരിത്രത്തിൽ അപകടകരമായ രണ്ടാമത്തെ സാഹചര്യമാണ് നിലനിൽക്കുന്നത്. ഒന്ന് മഹാത്മാ ഗാന്ധിയെ വധിച്ചതായിരുന്നു. രണ്ട് ബാബരി മസ്ജിദ് തകർത്തതുമാണ്”. ചരിത്രത്തിൽ ബ്രിട്ടീഷുകാരൻ ശ്രമിച്ച ഭിന്നിപ്പിന് വേണ്ടിയുള്ള ചതിയും അവർക്ക് ഓശാന പാടിയ ഹിന്ദു മഹാ സഭയുടെ കുരുട്ടു നീക്കങ്ങളും സരയൂ നദിയുടെ തീരത്ത് വിഗ്രഹം പ്രതിഷ്ഠിക്കാൻ കാരണമായിട്ടുണ്ട് എന്നത് പോലും പൊതുബോധം മായ്ച്ച് തുടങ്ങിയിരിക്കുന്നു. പല തവണ കോടതി കയറിയ കേസ് ഒടുവിൽ വിധി തീർപ്പാക്കി പള്ളി പണിയാൻ മറ്റൊരു സ്ഥലം അനുവദിച്ച് രാമക്ഷേത്രം പണിയാൻ ട്രസ്റ്റ് രൂപീകരിക്കണം എന്നു കൂടി ഉപദേശം നൽകി ന്യായാധിപൻ പാർട്ടി സ്റ്റിക്കറും പതിച്ച് രാജ്യസഭയിൽ പോയി ഉപവിഷ്ഠനായതാണ് ആകെത്തുക കഥ പറയാനുള്ളത്.

സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യ വിഭജിക്കപ്പെട്ട കാലത്ത് വൻ കുടിയേറ്റം നടന്ന സമയത്തും ഇന്ത്യയെ നെഞ്ചോട് ചേർത്തവരാണ് ഇവിടെ ജീവിക്കുന്ന മുസ്‌ലിംകൾ. വിഭജനത്തിൻ്റെ മുറിവുണങ്ങി വരവെയാണ് ആഴത്തിൽ ബാബരി മസ്ജിദിൻ്റെ താഴികക്കുടങ്ങളിൽ സംഘ് പരിവാറിൻ്റെ കോടാലി ആഴ്ന്നിറങ്ങുന്നത്. കേവലം ഒരു പള്ളി തകർക്കപ്പെടുന്നു എന്നതിനപ്പുറം പതിറ്റാണ്ടുകൾ നീണ്ട പോർവിളികൾ പരസ്പരം നടത്തി ബാബരി മസ്ജിദിനെ ഇന്ത്യൻ മുസ്ലിം സ്വത്വത്തോട് ചേർത്തു നിർത്തുകയും മതേതരത്വം ലജ്ജിക്കുമാറ് വർഗീയ വിഷം പരത്തുകയും ചെയ്തു എന്നതാണ് ബാബരി മുസ്‌ലിമിൻ്റെ കണ്ണീരായി അവതരിപ്പിക്കപ്പെടാൻ കാരണം. ഭരണഘടനയുടെ സീമകൾ ലംഘിക്കപ്പെട്ട് ഉന്നതർ ഈ ധ്വംസനത്തിന് കൂട്ടു നിന്നതും മുസ്‌ലിം വൈകാരികത ചൂടു പിടിക്കുവാൻ ഹേതുവായി.

മാധ്യമപ്രവർത്തകനായ പി സായ്നാഥിൻ്റെ ഒരു നിരീക്ഷണം ഇങ്ങനെയായിരുന്നു. ‘ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം ഇന്ത്യയിൽ വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതും ഇസ്ലാമോഫോബിയ വളർത്തുന്നതും ഒരു അൽഭുത സംഭവം അല്ലാതായി മാറി’. നിരാശാജനകമായ വിധിയെ തന്മയത്വത്തോടെ സ്വീകരിക്കാൻ നേതൃത്വം നിർദ്ദേശം നൽകുകയും കൂടുതൽ സംഘർഷങ്ങൾ ഒന്നും തന്നെ കൂടാതെ ഇരു കൂട്ടരും വിധിയെ ഉൾക്കൊള്ളുകയും ചെയ്തു എങ്കിലും നഷ്ടബോധം തികട്ടിയ മുസ്‌ലിം ജനവിഭാഗത്തിൻ്റെ പ്രതികരണങ്ങൾ പ്രധാനമായും രണ്ടു വിധത്തിൽ ആയിരുന്നു.

സുപ്രീം കോടതി വിധി വന്നപ്പോഴേക്കും തങ്ങൾ ഭൂരിപക്ഷ വർഗ്ഗീയതയുടെ ഇരകളായി മാറിക്കഴിഞ്ഞു എന്ന് ഒരുവിഭാഗം മുസ്‌ലിംകൾ ഉള്ളുകൊണ്ട് വിശ്വസിച്ചു കഴിഞ്ഞിരുന്നു. ഇത് തെരഞ്ഞെടുപ്പ് മുതലുള്ള മുഴുവൻ ജനാധിപത്യ ഇടപെടലുകളിലും പ്രതിഫലിച്ചു തുടങ്ങി. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലെ മുസ്‌ലിം പ്രതിനിധാനങ്ങൾ പലപ്പോഴും വിശ്വാസപരമായ പ്രതിസന്ധികൾ വരുമ്പോൾ പേരിനു മാത്രമായി.

മറ്റൊന്ന് പ്രതികാര ദാഹവും അങ്ങേയറ്റത്തെ തീവ്രതയും മുറ്റി നിൽക്കുന്ന പ്രതികരണങ്ങളാണ്. ഓരോ ഡിസംബർ ആറിനും ബാബരി പുനർ നിർമ്മിക്കും വരെ ഉറക്കമില്ലെന്ന് കൊട്ടിഘോഷിച്ചും ആശയപരമായും ആയുധപരമായും ഒരുങ്ങുന്നുവെന്ന് മേനി നടിച്ചുമാണ് ഈ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ. പക്ഷേ, തങ്ങളുടെ വിശ്വാസത്തിൻ്റെ കാവൽക്കാരാവുക എന്ന ദൗത്യമാണ് തങ്ങൾ നിർവ്വഹിക്കുന്നത് എന്ന ബോധത്തോടൊപ്പം തന്നെ സമീപ ഭാവിയിൽ അസാധ്യമാണ് പലതുമെന്ന ഉൾവിളിയും അവർ തിരിച്ചറിയുന്നുണ്ട്.

സുപ്രീം കോടതി അനുവദിച്ച പുതിയ അഞ്ചേക്കർ ഭൂമി ഏറ്റുവാങ്ങി ആ സ്ഥലത്ത് ഏവരെയും ആകർഷിക്കുന്ന രീതിയിൽ സർവ്വ പ്രൗഢിയോടെ മറ്റൊരു പള്ളി പണിയുമെന്ന് കോർഡിനേഷൻ സംഘത്തിൻ്റെ പ്രഖ്യാപനം നടന്നിരുന്നു. പുതിയ കലാപങ്ങളോ പ്രതീക്ഷിക്കപ്പെട്ട ഞെട്ടലോ കൂടാതെ അയോധ്യ രാമക്ഷേത്രം പണിയാനുള്ള ഇടമായി. പള്ളി പൊളിച്ച് രാമജന്മഭൂമിയെ സ്ഥിരീകരിച്ചു നൽകി. ഇനിയും രണ്ടായിരത്തോളം പള്ളികൾ ഇതുപോലെ സംഘ പരിവാറിൻ്റെ വികൃതികൾക്ക് പാത്രമാവാനിരിക്കുന്നു എന്നാണ് വെല്ലുവിളി. ഇന്നു തന്നെ യുപിയിലെ മധുരയിൽ പള്ളിയിൽ വിഗ്രഹം വെക്കാനുള്ള ശ്രമം തടയാൻ സൈന്യത്തെ വിന്യസിക്കേണ്ടി വന്നു.

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് നിലവിലുള്ള ആരാധനാലയങ്ങൾ അതുപോലെ തുടരാൻ അന്നേ തീരുമാനമായതാണ്. കേസ് നടക്കുന്നത് മൂലം ബാബരിയെ ആ പട്ടികയിൽ ഉൾപെടുത്തിയിരുന്നില്ല. എന്നാൽ ഇന്ന് ഇന്ത്യയിലെ മുഴുവൻ പള്ളികളും ക്ഷേത്രങ്ങളും രേഖാമൂലം അളക്കപ്പെട്ടതാണ്. അതൊന്നും പ്രതിരോധം എളുപ്പമാകും എന്ന് കരുതാൻ ന്യായമാവില്ല. സർവ്വ ജനാധിപത്യ മൂല്യങ്ങളും അധികാരത്തിൻ്റെ ബലത്തിൽ പിഴുതെറിയുന്നവർക്ക് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പ്രതിമകളെ തറ ഭാഗത്ത് ആഴത്തിൽ കുഴിച്ചിടാൻ എന്ത് അറപ്പാണുണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here