കേന്ദ്ര സർവ്വകലാശാലകൾ, ഐ ഐ ടികൾ, എൻ ഐ ടികൾ തുടങ്ങിയ ഉന്നത കലാലയങ്ങളിൽ പട്ടിക ജാതി പട്ടിക സംവരണ മേഖലകൾക്ക് സംവരണം ചെയ്ത അദ്ധ്യാപക തസ്തികകളിൽ ആയിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ ലോകസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച ടി എൻ പ്രതാപൻ എം പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വിവിധ കേന്ദ്ര സർവ്വകലാശാലകളിൽ പട്ടിക ജാതിക്കായി 2272 സീറ്റും പട്ടിക വർഗ്ഗത്തിനായി 1154  സീറ്റുകളുമുണ്ട്. എന്നാൽ 1055 സീറ്റുകൾ പട്ടിക ജാതി വിഭാഗത്തിൽ ഒഴിഞ്ഞുകിടക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിൽ  ഇത് 590 സീറ്റുകളാണ്. ഇന്ദിരാ ഗാന്ധി ദേശീയ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ പട്ടിക ജാതിക്ക് 120  സീറ്റും പട്ടിക വർഗ്ഗത്തിന്  53  സീറ്റും സംവരണം ചെയ്തിരിക്കുന്നു. എന്നാൽ ആകെ  66  സീറ്റുകളിൽ മാത്രമാണ് പട്ടിക ജാതി വിഭാഗത്തിൽ നിയമനം നടന്നിട്ടുള്ളത്. പട്ടിക വർഗ്ഗമാകട്ടെ  27  സീറ്റുകളിൽ മാത്രമാണ് നിയമനമുള്ളത്.

ഐ ഐ ടി സ്ഥാപനങ്ങളിൽ അകെ 146 പട്ടിക ജാതി പട്ടിക വർഗ്ഗ സീറ്റുകൾ ഉണ്ടെങ്കിലും 44 സീറ്റുകൾ ഒഴികെ ബാക്കിയെല്ലാം ഒഴിഞ്ഞു കിടക്കുന്നു. ഐ ഐ ടി, എൻ ഐ ടി, ഐ ഐ എം സ്ഥാപനങ്ങളിൽ ആകെ 1002 പേർ മാത്രമാണ് പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള അദ്ധ്യാപകർ. ഐ ഐ എമ്മുകളിൽ പട്ടിക ജാതി പട്ടിക വർഗ്ഗ മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർ വെറും 76 മാത്രമാണെന്നും മന്ത്രി നൽകിയ കണക്കുകൾ കാണിക്കുന്നു.

വംശീയവും ജാതീയവുമായ വിവേചനങ്ങളാൽ ജോലി വിടുന്ന അധ്യാപകരുടെ കണക്കുകൾ ചോദിച്ചപ്പോൾ അത്തരം വിവരങ്ങൾ സർക്കാരിന്റെ പക്കലില്ലെന്ന് മന്ത്രി മറുപടി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here