തൃശൂരിലെ ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് സല്യൂട്ട് ചോദിച്ചു വാങ്ങി വിവാദത്തിലായ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് സുരേഷ് ഗോപി എം.പി. തനിക്ക് സല്യൂട്ട് ചെയ്യാൻ പറ്റില്ലെങ്കിൽ അത് രാജ്യസഭാ ചെയർമാനെ അറിയിക്കണം. 

പൊലീസ് അസോസിയേഷൻ ജനാധിപത്യ സംവിധാനത്തിൽ പെടുന്നില്ല എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിനെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുരേഷ് ​ഗോപി എംപി. ബിഷപ്പുമായി സൗഹൃദം പങ്കുവെച്ചു. സാമൂഹിക വിഷയങ്ങൾ സംസാരിച്ചു. ബിഷപ്പുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോട് പറയുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

പൊലീസ് അസോസിയേഷനെ ഒന്നും ജനങ്ങൾക്ക് ചുമക്കാനാവില്ല. അത് അവരുടെ ക്ഷേമത്തിന് വേണ്ടി മാത്രമുള്ളതാണ്. അത് വെച്ച് രാഷ്ട്രീയം കളിക്കരുത്. എം.പിയെയും എം.എൽ.എമാരെയും ഒന്നും പൊലീസ് ഔദ്യോഗികമായി സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന് ആരാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി ചോദിച്ചു. പൊലീസിന് അത്തരം മാനദണ്ഡം നിശ്ചയിക്കാൻ ആവില്ലെന്നും ഇന്ത്യയിൽ ഒരു സംവിധാനം ഉണ്ടെന്നും അത് അനുസരിച്ചേ പറ്റൂ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

“സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന് പൊലീസിന് സർക്കാരിൽ നിന്നും ആരാണ് നിർദ്ദേശം നൽകിയത്?. ഡി.ജി.പി അല്ലെ കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമായാണ്. ഈ സല്യൂട്ട് എന്ന പരിപാടി തന്നെ അവസാനിപ്പിക്കണം. ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷെ സല്യൂട്ട് നൽകുന്നതിൽ ഒരു രാഷ്ട്രീയ വിവേചനം വരുന്നത് സ്വീകരിക്കാൻ ആവില്ല. അത് ഏത് അസോസിയേഷൻ ആയാലും ശരി,” സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഒല്ലൂരിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനോട് സല്യൂട്ട് ചോദിച്ചുവാങ്ങിയ സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് സുരേഷ് ഗോപിക്കെതിരെയുള്ളത്. ആദരവ് ചോദിച്ചുവാങ്ങുന്നത് അല്പത്തരമാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന ട്രോളുകളിൽ നിറഞ്ഞുകാണാം. 

LEAVE A REPLY

Please enter your comment!
Please enter your name here