1

1920 – 26 കാലത്ത് സഹോദരൻ അയ്യപ്പനുമായി നടത്തിയ സംഭാഷണത്തിൽ നാരായണ ഗുരു പ്രസ്താവിക്കുന്നത്, “ക്രിസ്തുവിൻ്റെ ഉപദേശം നന്നല്ലേ ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ. ആ മതക്കാരിൽ പെട്ട എല്ലാപേരും യോഗ്യരാണോ? അപ്പോൾ മതമേതായാലും മനുഷ്യൻ നന്നാവാൻ ശ്രമിച്ചുകൊണ്ടിരിക്കണം” എന്നാണ്. പ്രധാനപ്പെട്ട ഒന്നു കൂടി ഗുരു പറഞ്ഞു വച്ചു: “മതം മാറണമെന്നു തോന്നിയാൽ ഉടനെ മാറണം. അതിനു സ്വാതന്ത്ര്യം വേണം. മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയിരിക്കും.”

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി. അതാണ് നമ്മുടെ അഭിപ്രായം ” സഹോദരനുമായുള്ള സംഭാഷണം അവസാനിക്കുമ്പോൾ ഗുരു അസന്ദിഗ്ദമായി പ്രഖ്യാപിച്ചു.


2

മതത്തിൻ്റെ കെട്ടുപാടുകൾക്കതീതമായി മനുഷ്യരുടെ വിവാഹവും ജീവിതവും മതം മാറ്റമായി വ്യാഖ്യാനിച്ചു കൊണ്ടുള്ള അപര മതവിദ്വേഷത്തിലധിഷ്ഠിതമായ വാക് വിഷ പ്രയോഗങ്ങളിൽ കേരളത്തിലെ സവർണ മത സമുദായങ്ങളിൽ ആഴത്തിൽ വേരുപിടിച്ചിട്ടുള്ള ഹിന്ദുത്വബ്രാഹ്മണ്യത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയത്തിൻ്റെ സ്വാധീനമാണ് വെളിച്ചപ്പെടുന്നത്. ബ്രാഹ്മണ്യമാണ് തങ്ങളുടെ യഥാർത്ഥ പാരമ്പര്യത്തിൻ്റെ വേരെന്നും തങ്ങളുടെ പൂർവസൂരികൾ ബ്രാഹ്മണരാണെന്നും വിശ്വസിച്ചു പോരുന്നവരിൽ നിന്നും അപര മതവിദ്വേഷം മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. എന്തെന്നാൽ ബ്രാഹ്മണ്യം അത്രമേൽ സാഹോദര്യത്തെയും സമത്വത്തെയും വെറുക്കുന്നു. ഈഴവരും മുസ്ലിംകളും ജാതീയമായി അശുദ്ധി ബാധിച്ച താഴ്ത്തപ്പെട്ട ജനവിഭാഗമാണെന്ന ബ്രാഹ്മണ്യത്തിൻ്റെ ലോകബോധമാണ് അപര ജന വിദ്വേഷം പുലർത്തുന്നവരിലും അന്തർലീനമായിരിക്കുന്നത്.

3

അത്രമേൽ ബ്രാഹ്മണ്യ വൽക്കരിക്കപ്പെടുകയും ജാതി ശുദ്ധിയിലധിഷ്ഠിധമായ വലതു വീക്ഷണങ്ങൾ സംവഹിക്കുന്ന കുടുംബങ്ങളെ സൃഷ്ടിച്ച് മത ഭരണകൂടങ്ങളിൽ ജനസമുദായത്തെ ബന്ധിച്ച് നിലനിർത്താനാണ് തീർത്തും വംശീയവാദപരമായ ഹിംസാത്മക ആരോപണങ്ങൾ ഉന്നയിക്കുന്നത്. വസ്തുതാ ശൂന്യതയിലും തെളിവുകളുടെ അഭാവത്തിലും നിലയുറപ്പിച്ചിട്ടുള്ള ലൗ ജിഹാദ് ആരോപണങ്ങളെല്ലാം തന്നെ അപര മതത്തിൽ പെട്ടവർ തുല്യ മനുഷ്യരല്ലെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അപര മതത്തിൽ പെട്ടവരെല്ലാം നികൃഷ്ടരും ജാതിശുദ്ധിയില്ലാത്തവരുമാണെന്ന വാദമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ. മനുഷ്യരുടെ തുല്യതയും സ്ത്രീകളുടെ ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്നവയാണ് ഇതെല്ലാം. നിന്നെ പോലെ നിൻ്റെ അയൽക്കാരെയും സ്നേഹിക്കാൻ പറഞ്ഞ ക്രിസ്തു വചനങ്ങൾ സ്വന്തം മതത്തിൽ പെട്ടവരെ മാത്രം സ്നേഹിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നോ എന്ന് വിഷലിപ്ത ആശയങ്ങളുടെ പ്രോക്താക്കൾ സ്വയം പരിശോധിക്കട്ടെ!

LEAVE A REPLY

Please enter your comment!
Please enter your name here