ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ശിൽപ്പശാലയുടെ ഭാഗമായി ഡൽഹിയിലെ ചേരികളിൽ കുട്ടികളുടെയും യുവാക്കളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയുടെ ലേർണിംഗ് സെന്ററിൽ ഞങ്ങൾ കുറച്ച് ഇന്ത്യക്കാരും വിദേശീയരും അടങ്ങിയ ടീം സന്ദർശനം നടത്തിയിരുന്നു.  ഞങ്ങൾ സംസാരിക്കുന്നതും വിദ്യാർത്ഥികളുടെ കൂടെ ഇരിക്കുന്നതും അവർക്ക് വേണ്ടി നടത്തുന്ന മറ്റു പരിപാടികളും ഒപ്പിയെടുക്കാൻ ഒരു ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നു. അന്നത്തെ നിമിഷങ്ങൾ ഫോട്ടോകളായും വീഡിയോകളായും  പകർത്തുന്നത്, 18 വയസിൽ താഴെയുള്ള കുട്ടികൾ കൂടി ആ കൂട്ടത്തിൽ ഉണ്ട് എന്ന് പരിഗണിച്ചപ്പോൾ, എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ അത് ഞങ്ങളുടെ സംഘാടകരോട്  പറഞ്ഞു.

“ഞങ്ങൾ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. ഡോക്യൂമെന്റേഷൻ നടത്താൻ കൂടിയാണ് ക്യാമറാമാൻ”

എന്നായിരുന്നു മറുപടി.

ഇവിടെ നമ്മൾ രണ്ടുപേരും നോക്കികാണുന്ന കാഴ്ചപ്പാടുകളുടെ വ്യത്യാസം ആണ് എന്ന് ഞാൻ പറഞ്ഞു. 

ശേഷം എനിക്ക് കിട്ടിയ മറുപടി, എന്റെയും അവരുടെയും ഭാഗം പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു.

എനിക്ക് വേണമെങ്കിൽ പ്രോഗ്രാമുകളിൽ നിന്ന് മാറി നിൽക്കാം. ഞാൻ പറഞ്ഞ കാര്യങ്ങൾ അവർ പരിഗണിക്കുന്നതാണ്. എനിക്ക് പറയാനുള്ളത് പിന്നീട് ചർച്ച ചെയ്യാൻ അവസരം ഉണ്ട്.  ഞാൻ അദ്ദേഹത്തോടു നന്ദി പറഞ്ഞു.

ശേഷം ക്യാമറ കണ്ണുകളിൽ നിന്നും മാറി അവിടെ തന്നെ തുടർന്നു. ചിത്രം വരച്ചു കൊണ്ടിരുന്ന ഒരു സുഹൃത്തിനെ ക്യാൻവാസ് റെഡിയാക്കാനും മറ്റും സഹായിക്കുന്നതിലേക്ക് ശ്രദ്ധ മാറ്റി.

പിന്നീട് ആ ദിവസത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അന്ന് സംഭവിച്ചതെല്ലാം കുറച്ചു കൂടി വിശാലാർഥത്തിൽ കാണാൻ എനിക്ക് കഴിയാറുണ്ട്. എനിക്ക് ഒരിടത്ത് ഫിറ്റ് ഇൻ  (യോജിച്ചു പോകുക, ഉൾകൊള്ളുക…) ചെയ്യാൻ കഴിയുന്നില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ, നിങ്ങൾ അതിനു ശ്രമിക്കണമെന്നില്ല, നിങ്ങളുടെ ഭാഗം എനിക്ക് മനസ്സിലാകും എന്ന മറുപടി ലഭിച്ചു. ആ സംഭാഷണം തീർത്തും ആരോഗ്യകരമായിരുന്നു. 

എന്റെ മൂല്യങ്ങളുമായി യോജിച്ചു പോവാത്തതിനാൽ  നിങ്ങളെയും നിങ്ങളുടെ പ്രവർത്തിയെയും ബഹുമാനിച്ചു കൊണ്ട് മാറിനിൽക്കുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ, അതിന് വേണ്ട സഹായങ്ങൾ എന്റെ കാഴ്ച്ചപ്പാടുകളോട് യോജിക്കുന്നില്ലെങ്കിൽ കൂടി ഒരുക്കിത്തരാൻ സംഘാടകർ ശ്രദ്ധിച്ചു. 

ഒരു പരിപാടിയുടെ ഫോട്ടോ എടുക്കുക എന്നത് ശരിയാണോ തെറ്റാണോ എന്നത് തീർത്തും വ്യക്തിപരമാണ്. സമ്മതം(consent) ചോദിച്ചാണ് ചെയ്യുന്നതെങ്കിൽ അതിൽ പ്രശ്‌നങ്ങളില്ല എന്ന് വിശ്വസിക്കുന്നവരുണ്ട്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് വിധി കൽപിക്കുന്നതിനേക്കാൾ നമ്മൾക്ക് യോജിക്കാൻ കഴിയുമോ ഇല്ലേ എന്ന് തീരുമാനിക്കലാണ് പ്രധാനം. 

ജോണിന്റെ സുവിശേഷത്തിൽ  ജീസസ് കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി മാറ്റിയ ദിവ്യാത്ഭുതത്തെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്തുവും അദ്ദേഹത്തിന്‍റെ മാതാവും ശിഷ്യരും കാനായിലെ കല്യാണത്തിന് എത്തിയപ്പോള്‍ വീഞ്ഞ് തീര്‍ന്ന് പോയപ്പോഴാണ് യേശു അവിടെ വെള്ളം വീഞ്ഞാക്കിയെന്നാണ് വിശ്വാസം. ക്രിസ്ത്യൻ ചടങ്ങുകളിൽ വൈൻ ഉപയോഗിക്കുന്നത് സാധാരണയാണ്. എന്നാൽ വൈൻ ഉപയോഗിക്കരുതെന്ന് വിശ്വസിക്കുന്നവരുണ്ട്, മാംസം വർജിക്കണം എന്ന് വിശ്വസിക്കുന്നവരുണ്ട്, പാചകം ചെയ്‌ത ഭക്ഷണം കഴിക്കരുതെന്ന് വിശ്വസിക്കുന്നവരുണ്ട്. അങ്ങനെ എത്രയെത്ര വിശ്വാസങ്ങൾ, വീക്ഷണ കോണുകൾ, ജീവിത ശീലങ്ങൾ… അതിൽ ഏതാണ് ശരി എന്ന് തീരുമാനിക്കുക, അത് എല്ലാവരും അംഗീകരിക്കുക വളരെ പ്രയാസമാണ്. 

ചിലയിടങ്ങളും കാര്യങ്ങളും വിശ്വാസങ്ങളും ശീലങ്ങളുമായി ഒത്തുപോകാൻ (ഫിറ്റ് ഇൻ) പറ്റാതിരിക്കുക എന്നത് സാധാരണയാണ്. അത് തുറന്നു സംസാരിക്കുക,ഒരു പരിഹാരം കണ്ടെത്തുക  എന്നതൊക്കെ നമുക്ക് പലപ്പോഴും സാധിക്കാത്ത കാര്യമാണ്. അത് നമ്മളെ ഒരുപാട് ചിന്തിപ്പിക്കുകയും പലപ്പോളും വ്യഥകൾ ഉണ്ടാക്കുകയും ചെയ്യും. 

ഒരു ഹാപ്പി ലൈഫിന്റെ രഹസ്യം എവിടെയാണെങ്കിലും നമ്മുടേതായ ഒരിടം കണ്ടെത്തുക, നമുക്ക് യോജിക്കാൻ പറ്റാത്തയിടങ്ങളെ ബഹുമാനിക്കുക എന്നത് കൂടിയാണ്. 

1 COMMENT

  1. ്് നിരജ്ഞന cj യുടെ “പച്ച മഞ്ഞ ” വിശകലനം വളരെ നന്നായി ആ നോവലിന്റെ തീക്ഷ്ണതയെ തൊട്ടറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here