ജനീവയിൽ നടക്കുന്ന WTO മന്ത്രി തല സമ്മേളനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി.എൻ.പ്രതാപൻ എം.പി. പ്രധാന മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

WTO യുടെ പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ ലക്ഷ്യം മത്സ്യ മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കലാണ്. ഇതു വരെ നടന്ന ചർച്ചകളുടെ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത് അതാണ്. മത്സ്യ മേഖലക്ക് നൽകുന്ന എല്ലാ സൌജന്യങ്ങളും ആനുകൂല്യങ്ങളും ഒഴിവാക്കി ഈ മേഖലയിൽ നിന്നും പരമ്പരാഗത മത്സ്യ തൊഴിലാളികളേയും, അനുബന്ധ തൊഴിലാളികളേയും, സാധാരണ കച്ചവടക്കാരേയും തുടച്ച് മാറ്റുന്നതിനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് WTO മന്ത്രി തല യോഗങ്ങളിൽ ഇതു വരെ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ.

കേന്ദ്രസർക്കാർ പ്രതിനിധിയായി മന്ത്രി പിയൂഷ് ഗോയലിനേയും ഉന്നത ഉദ്യോഗസ്ഥരേയും WTO മന്ത്രി തല യോഗത്തിൽ പങ്കെടുക്കുന്നതിന് സർക്കാർ ചുമതല പ്പെടുത്തിക്കഴിഞ്ഞു. തൽക്കാലം സാങ്കേതിക കാരണങ്ങളാൽ സമ്മേളനം മാറ്റി വെച്ചുവെങ്കിലും കേന്ധ്ര സർക്കാർ ഈ കരാറിനോടൊപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. കാലാവധി പറഞ്ഞാലും അന്തിമ മായി കരാറിനോടൊപ്പമാണെന്നുള്ളതാണ് വസ്തുത.

ഇന്ത്യയിലെ മത്സ്യ മേഖലയിൽ ഉപജീവനം കഴിക്കുന്ന കോടിക്കണക്കിന് ജനങ്ങളെ ഇത് ഗുരുതരമായി ബാധിക്കും. അതിനാൽ ഇക്കാര്യത്തിൽ പ്രധാന മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ടി,എൻ. പ്രതാപൻ എംപി കത്തിൽ വ്യക്തമാക്കി.

മത്സ്യ തൊഴിലാളികൾക്കും മത്സ്യമേഖലക്കും എതിരായ സ്വതന്ത്ര വ്യാപാരകരാർ, പുതിയ ദേശീയ മത്സ്യ തൊഴിലാളി നിയമം,ബ്ളു ഇക്കണോമി ഉൾപ്പെടെയുള്ള ഗുരുതരമായുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് ദേശീയ നേതൃത്വ യോഗം ഡിസംബർ നാലിന് AICC ആസ്ഥാനത്ത് ചേരും..

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും പ്രവർത്തിക്കുന്ന രാഷ്ടീയ രാഷ്ട്രീയേതര മത്സ്യ തൊഴിലാളി പ്രസ്ഥാനങ്ങളുമായി സഹകരിച്ച് ദേശീയ പ്രക്ഷോഭത്തിന് മത്സ്യ തൊഴിലാളി കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അഖിലേന്ത്യ പ്രസിഡണ്ട് ടി,എൻ. പ്രതാപൻ എംപി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here