ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റും ബിഹാറിൽ നിന്നുള്ള നേതാവുമായ കനയ്യ കുമാറും ഗുജറാത്ത് എം.എൽ.എയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക് എത്തിയതിനെ സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നായി തന്നെയാണ് വിലയിരുത്തേണ്ടത്. ആസാദി മുദ്രാവാക്യങ്ങളുമായി യുവാക്കൾക്കിടയിൽ വലിയ ചലങ്ങളുണ്ടാക്കുന്ന കനയ്യ കുമാറിനേയും ദളിത് അവകാശസമരങ്ങളുടെ മുന്നണി പോരാളിയായ ജിഗ്‌നേഷ് മേവാനിയേയും തങ്ങളുടെ കൂടാരത്തിൽ എത്തിച്ചതിലൂടെ കോൺഗ്രസും ഒരു വലിയ മാറ്റത്തിന് തയ്യാറാവുന്നു എന്ന സൂചനയാണ് നൽകുന്നത്.

രണ്ട് തരത്തിലാണ് ഈ രാഷ്ട്രീയ പ്രവേശനങ്ങളെ നോക്കി കാണേണ്ടത്,അതിൽ ആദ്യത്തേത് കോൺഗ്രസ് പോയിന്റ് ഓഫ് വ്യൂവിലൂടെയാണ്. സംഘപരിവാറിനെ പ്രതിരോധിക്കാൻ ഒരു വിശാല ജനാധിപത്യ സ്‌പേസായി തങ്ങൾ മാറേണ്ടതുണ്ട് എന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. ഇടത് രാഷ്ട്രീയം പറയുന്ന കനയ്യകുമാറിനെയും, ദളിത് രാഷ്ട്രീയം പറയുന്ന ജിഗ്‌നേഷ് മേവാനിനെയും ഉൾക്കൊണ്ടുകൊണ്ട് കോൺഗ്രസ് ചരിത്രത്തെ ഓർമ്മപ്പെടുത്തുന്ന വിധം ഒരു വിശാല ജനാധിപത്യ-മതേതര ഇടമായി മാറുകയാണിവിടെ. ഇത്തരത്തിൽ ഒരു രാഷ്ട്രീയത്തോട് രാഹുൽ ഗാന്ധി മുൻപേ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇങ്ങനെ സംഘപരവാറിന്റെ വർഗ്ഗീയ- ഫാസിസ്റ്റ് ഭരണകൂടതത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന മതേതരവാദികൾക്ക് ഒരുമിച്ച് നിൽക്കാനാവുന്ന ഒരു അരങ്ങായി കോൺഗ്രസ് സ്വയം ഒരുങ്ങുന്നു.

രണ്ടാമത്തെ കാഴ്ചപ്പാട് യുവാക്കളയുടെയും മതേതര ചിന്താഗതിയുള്ളവരുടെയും ഭാഗത്ത് നിന്നുള്ളതാണ്. സംഘപരിവാറിനെ പരാജയപ്പെടുത്തണം എങ്കിൽ കോൺഗ്രസ് ശക്തിപ്പെടുകയാണ് വേണ്ടത് എന്ന വാദഗതിയെ അംഗീകരിക്കലാണ് അത്. കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും പ്രതിനിധീകരിക്കുന്നതും ഈ ചിന്താഗതിയെയാണ്.

‘ഞാൻ കോൺഗ്രസിൽ ചേർന്നത് വെറും പാർട്ടി എന്ന പേരിൽ അല്ല അത് ഒരു പ്രത്യയശാസ്ത്രമാണ്. രാജ്യത്തെ ഏറ്റവും പുരാതനവും ജനാധിപത്യവുമായി പാർട്ടിയാണ് കോൺഗ്രസ്, അതിൽ ഞാൻ ഊന്നൽ കൊടുക്കുന്നത് ജനാധിപത്യത്തിനാണ്. ഞാൻ മാത്രമല്ല, ഒരുപാട് പേർ ചിന്തിക്കുന്നുണ്ട്. കോൺഗ്രസ് ഇല്ലാതെ രാജ്യത്തിന് രക്ഷപ്പെടാൻ സാധിക്കില്ല’ പഴയ ജെ.എൻ.യു പ്രസിഡന്റിന്റെ ഈ വാക്കുകളിൽ തന്നെ ആ രാഷ്ട്രീയം വ്യക്തവുമാണ്.കോൺഗ്രസിനെ പലപ്പോഴായി വിമർശിച്ചിട്ടുള്ള കനയ്യയുടെ കോൺഗ്രസിലേക്കുള്ള വരവ് വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.

കനയ്യകുമാറിനെ അംബേദ്കർ, ഗാന്ധി, ഭഗത് സിംഗ് എന്നിവരുടെ ചിത്രം നൽകിയാണ് കോൺഗ്രസ് സ്വീകരിച്ചത്. ആശയപരമായി മൂന്നിടങ്ങളിൽ നിൽക്കുന്ന ഈ നേതാക്കളുടെ ചിത്രങ്ങൾ സമ്മാനികക്കുന്നത് തന്നെ കൃത്യമായ ഒരു രാഷ്ട്രീയം രേഖപ്പെടുത്തലാണ്.ജിഗ്‌നേഷ് മേവാനിക്ക് സമ്മാനിച്ചത് ഇന്ത്യൻ ഭരണഘടനയാണ്. ജിഗ്‌നേഷിനെയും കനയ്യയേയും ഉൾക്കൊള്ളുന്ന കോണ്ഗ്രെസിന്റെ സ്വഭാവം ഇനി അങ്ങോട്ടേക്ക് ഏത് തരത്തിലാവുമെന്ന സൂചനകൾ തന്നെയാണ് ഈ ഉപഹാരങ്ങൾ പോലും. ഇത്തരത്തിലൊരു മാറ്റത്തിന് കോണ്ഗ്രസ് തയ്യാറാവുമ്പോൾ ജിഗ്‌നേഷിനെയും കനയ്യയെയും പോലെ മതേതര ആശയങ്ങളുമായി ചേർന്ന് നിൽക്കുന്ന കൂടുതൽ നേതാക്കൾ കോണ്ഗ്രെസ്സിൽ എത്തുകമെന്ന് തന്നെയാണ് കരുതേണ്ടത്.

എന്നാൽ മറുകരയിലെ ആശങ്കകളെയും കാര്യമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. പഞ്ചാബിൽ ഉൾപ്പടെ ആഭ്യന്തരമായി കുറച്ചു പ്രശ്നങ്ങൾ നേരിടുന്നുണ്ട് കോൺഗ്രസ്, ജി 23 നിരന്തരം പ്രതിഷേധത്തിന്റെ കൊടി പരസ്യമായി തന്നെ ഉയർത്തുന്നുണ്ട്. ഒരു ഭാഗത്ത് കനയ്യയും ജിഗ്‌നേഷും വരുമ്പോൾ മറുഭാഗത്ത് നടക്കുന്ന കാര്യങ്ങൾ പ്രതീക്ഷകളെ അസ്ഥാനത്ത് ആക്കാൻ കെൽപ്പുള്ളതാണ്. പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികളെ കോണ്ഗ്രെസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് തന്നെയാവും കോൺഗ്രസിന്റെ ഭാവിയെ നിർണയിക്കുക. അതിനോടൊപ്പം ‘എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ ഒരു ജനാധിപത്യ ഇടം’ എന്ന ആശയവുമായി മുന്നോട്ട് പോകുമ്പോൾ കോൺഗ്രസിനെയും കാത്ത് വലിയ വെല്ലുവിളികൾ മുന്നിലുണ്ട് എന്നതും യാഥാർഥ്യമാണ്.

വെല്ലുവിളികളെയൊക്കെ മറികടന്ന് ജിഗ്‌നേഷ്-കനയ്യ കടന്ന് വരവ് നൽകുന്ന പ്രതീക്ഷകളുമായി കോൺഗ്രസിന് മുന്നിലേക്ക് പോകാനാകുമോ എന്നത് കാത്തിരുന്നു തന്നെ കാണണം. എന്തായാലും വരും ദിവസങ്ങൾ കോൺഗ്രസിനും ഇന്ത്യൻ രാഷ്ട്രീയത്തിനും ഒരുപോലെ നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here